യുഎഇ പ്രസിഡന്റ് ഫിലിപൈന്‍സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫിലിപൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി. ഫിലിപൈന്‍സ് പ്രസിഡന്റിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും വികസനപരമായ കാര്യങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു.
യുഎഇയുടെയും ഫിലിപൈന്‍സിന്റെയും വികസനത്തിലെ നാഴികകല്ലായി നേതാക്കളുടെ കൂടിക്കാഴ്ച മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇക്കും ഫിലിപൈന്‍സിനുമിടയില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ചും സാമ്പത്തി-നിക്ഷേപ രംഗത്തും വ്യാപാര രംഗത്തുമെല്ലാം ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലയില്‍ സഹകരിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. യുഎഇയും ഫിലിപൈന്‍സും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50ാം വാര്‍ഷികത്തിലാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.