Gulf

സ്വപ്‌നവീട് പദ്ധതിക്ക് പിന്തുണയുമായി എം എ യൂസഫലി

കുവൈറ്റ് സിറ്റി: സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സംഘടനകളില്‍ കുവൈറ്റിലെ സജീവസാന്നിധ്യമായ കുവൈറ്റ് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈറ്റില്‍ നടന്ന സാരഥിയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് 10 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്.

സില്‍വര്‍ ജൂബിലി ആഘോഷത്തൊടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കുവൈറ്റ് സാരഥിയുടെ പരമോന്നത ബഹുമതിയായ ‘ഗുരുദേവ സേവാരത്‌ന അവാര്‍ഡ്’ മാനുഷിക സേവനരംഗത്ത് യൂസഫലി നല്‍കുന്ന സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച് ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമി യൂസഫലിക്ക് ചടങ്ങില്‍ സമ്മാനിച്ചു.

മനുഷ്യരെ സേവിക്കാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മനുഷ്യസ്‌നേഹത്തിനും ധര്‍മത്തിനും വേണ്ടി നിലകൊള്ളാനും ഉദ്‌ബോധിപ്പിച്ച ലോകഗുരുവാണ് ശ്രീനാരായണഗുരുവെന്ന് യൂസഫലി അനുസ്മരിച്ചു. മതചിന്തകള്‍ക്ക് അതീതമായി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശം ലോകത്തെ പഠിപ്പിച്ച യോഗീപുരുഷനാണ് ഗുരുവെന്നും എക്കാലത്തും ശ്രീനാരായണ ഗുരുവിന്റെ മാര്‍ഗദര്‍ശനങ്ങള്‍ മനുഷ്യസമൂഹത്തിന്റെ വെളിച്ചമാണെന്നും ശ്രീനാരായണീയര്‍ക്കൊപ്പം ജ•ദിനം ആഘോഷിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു.

ഇതുവരെ 11 വീടുകളുടെ നിര്‍മാണം സാരഥി സ്വപ്നവീട് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സാരഥി ഭാരവാഹികള്‍ അറിയിച്ചു. നാല് വീടുകള്‍ കൂടി ചേര്‍ത്ത് 15 വീടുകള്‍ സാരഥീയം കൂട്ടായ്മയും 10 വീടുകള്‍ യൂസഫലിയും നല്‍കുന്നതോടെ 25 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉറപ്പാവുക.

Related Articles

Back to top button
error: Content is protected !!