Gulf

യുഎഇ ഗതാഗത നിയമം കര്‍ശനമാക്കുന്നു; മാര്‍ച്ചോടെ വന്‍ മാറ്റം സംഭവിക്കും, പിഴകളും തടവും കഠിനമാവും

അബുദാബി: നിയമം കര്‍ശനമായി തുടരുമ്പോഴും വാഹനാപകടങ്ങളും നിയമലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. ട്രാഫിക് റെഗുലേഷനുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ഡിക്രി അടുത്ത വര്‍ഷം മാര്‍ച്ചില്‍ വരുന്നതോടെ നിയമലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷയാവും ലഭിക്കുക. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹംവരെ പിഴയാണ് ഈടാക്കുക. ഒപ്പം തടവും വര്‍ധിപ്പിച്ചിട്ടുണ്ട്.

നിയമം പാലിക്കാതെ തോന്നുന്നിടത്ത് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കും മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും വലിയ ശിക്ഷയാണ് വരുന്നത്. റോഡ് മുറിച്ചു കടക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലല്ലാതെ തോന്നുന്നപോലെ റോഡ് മുറിച്ചു കടന്നാല്‍ 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹംവരെ പിഴയും തടവും അനുഭവിക്കേണ്ടി വരും. നിലവില്‍ ഇത്തരക്കാര്‍ക്ക് 400 ദിര്‍ഹം പിഴയാണ് യുഎഇയിലെ ശിക്ഷ. ഇതാണ് കുത്തനെ കൂടുക.

മണിക്കൂറില്‍ 80 കിലോമീറ്ററോ, അതിന് മുകളിലോ വേഗമുള്ള റോഡില്‍ അനുമതിയില്ലാത്ത ഇടത്ത് റോഡ് മുറിച്ചു കടന്നാല്‍ മൂന്നു മാസം തടവോ, 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

മദ്യമോ, മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ രണ്ടു ലക്ഷം ദിര്‍ഹംവരെയാണ് പിഴയായി ഈടാക്കുക. ആദ്യമായാണെങ്കില്‍ 30,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും തടവുമാണ് ലഭിക്കുക. ഒപ്പം ആറു മാസത്തില്‍ കുറയാത്ത കാലത്തേക്ക് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യും. മൂന്നാമതും കേസില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും.

ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹത്തിനും ഒരു ലക്ഷം ദിര്‍ഹത്തിനും ഇടയിലാവും പിഴ. ഇത്തരക്കാര്‍ രണ്ടു വര്‍ഷത്തില്‍ കൂടാത്ത തടവും അനുഭവിക്കേണ്ടിവരും. സസ്‌പെന്റ് ചെയ്യപ്പെട്ട ലൈസന്‍സില്‍ വാഹനം ഓടിച്ചാല്‍ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴ ഒടുക്കേണ്ടിവരും. യുഎഇ അംഗീകരിക്കാത്ത വിദേശ ലൈസന്‍സില്‍ വാഹനം ഓടിച്ചാല്‍ 2,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹംവരെയാവും പിഴ.

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നു മാസം വരെ തടവും 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹംവരെയുള്ള പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹംവരെ പിഴയും മൂന്നു മാസത്തില്‍ കുറയാത്ത തടവുമാണ് ശിക്ഷയായി ലഭിക്കുക. അശ്രദ്ധമായി വാഹനം ഓടിച്ച് അത് മരണത്തില്‍ കലാശിച്ചാല്‍ തടവും 50,000 ദിര്‍ഹംവരെയുള്ള പിഴയും നല്‍കേണ്ടിവരും. ഇത്തരം കേസുകളില്‍ ചിലപ്പോള്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷത്തില്‍ കുറയാത്ത പിഴയും ചുമത്തിയേക്കാം. രണ്ടും കൂടി ചുമത്താനും സാധ്യതയുണ്ട്. റെഡ് ലൈറ്റ് മറികടക്കുക, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുക, സസ്‌പെന്റ് ചെയ്യപ്പെട്ടതോ, ക്യാന്‍സല്‍ ചെയ്തതോ ആയ ലൈസന്‍സില്‍ വാഹനം ഓടിക്കുക, വെള്ളപ്പൊക്കം സംഭവിച്ച അവസരത്തില്‍ താഴ്‌വരയിലൂടെ വാഹനം ഓടിക്കുക തുടങ്ങിയ കേസുകളിലും സമാനമായ ശിക്ഷയാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

Related Articles

Back to top button