National

പരിസ്ഥിതിയോട് തുടരുന്ന സമീപനം മാറിയില്ലെങ്കില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് യുഎന്‍; മൂന്ന് ഡിഗ്രിവരെ കൂടുമെന്നാണ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ പരിസ്ഥിതിയോട് ഇന്ന് തുടരുന്ന രീതിയിലുള്ള നിലപാട് ഇനിയും തുടര്‍ന്നാല്‍ ഭൂമിയിലെ താപനില നിലവിലുള്ളതിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് യുഎന്‍. ഐക്യരാഷ്ട സഭ തങ്ങളുടെ രാജ്യാന്തര താപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നവംബര്‍ 11 മുതല്‍ 22 വരെ അസര്‍ബൈജാനില്‍ ബാക്കുവില്‍ നടക്കാനിരിക്കുന്ന കോപ്(സിഒപി)29ന് മുന്നോടിയായാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. .

ആഗോളതാപനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും ക്രമീകരിക്കാനുള്ള പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രാജ്യങ്ങള്‍ കൂട്ടായി പരാജയപ്പെടുമെന്നത് ഇന്നത്തെ ആശാവഹമല്ലാത്ത സാഹചര്യത്തില്‍ ഏറെക്കുറെ ഉറപ്പാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ വര്‍ദ്ധനവ് 2022 മുതല്‍ ശരാശരി 1.3% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി നിലനിര്‍ത്താന്‍, 2019 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ 2030 ഓടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് 42% കുറയണം. 2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണമെങ്കില്‍ 2030-ഓടെ 28% കുറയേണ്ടതുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുള്ള മലിനീകരണം കുറക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ വിവിധങ്ങളായ ഉടമ്പടികളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇത് കര്‍ശനമായി പാലിച്ചാല്‍തന്നെ വെറും 10 ശതമാനം മലിനീകരണം മാത്രമേ കുറയുകയുള്ളൂവെന്നിരിക്കേയാണ് ഇതുപോലും പാലിക്കാന്‍ രാജ്യങ്ങള്‍ മിക്കതും ഉത്സാഹം കാണിക്കാതിരിക്കുന്നത്. ഇതിന് ഭാവിയില്‍ വലിയ വില നാം നല്‍കേണ്ടിവരുമെന്നും യുഎന്‍ റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.

Related Articles

Back to top button