ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാകാതെ തീ കൊളുത്തിയ വിദ്യാർഥിനി മരിച്ചു

ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാകാതെ തീ കൊളുത്തിയ വിദ്യാർഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു സന്ദർശിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ് ഭുവനേശ്വർ എയിംസിൽ ചികിത്സയിലായിരുന്നു പെൺകുട്ടി
വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ അസി. പ്രൊഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാർ സാഹുവിനെയും കോളേജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്
ബിഎഡ് രണ്ടാം വർഷ വിദ്യാർഥിനിയായ പെൺകുട്ടി ജൂൺ 30ന് സമീര കുമാറിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകുകയും ഒരാഴ്ച മുമ്പ് ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കോളേജ് അധികൃതരോ പോലീസോ നടപടി എടുക്കാത്തതിൽ മാനസിക വിഷമത്തിലായിരുന്നു വിദ്യാർഥിനി. പിന്നാലെയാണ് കോളേജിൽ വെച്ച് ആത്മഹത്യാശ്രമം നടത്തിയത്.