Kerala
ജെപി നഡ്ഡയുമായി വീണ ജോർജ് കൂടിക്കാഴ്ച നടത്തി; ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് പരിഗണിക്കും

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ് പറഞ്ഞു. ആശ പ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായും വീണ ജോർജ് പറഞ്ഞു
സംസ്ഥാനത്തിന്റെ അഭ്യർഥനകൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നതും തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.