വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. മുത്തശ്ശി സൽമാ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. സൽമ ബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ഇന്ന് അഫാനെ എത്തിക്കും
മൂന്ന് ദിവസത്തേക്കാണ് കോടതി അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ സൽമാ ബീവിയുടെ വീട്ടിലും സഹോദരനെയും കാമുകിയെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു
പാങ്ങോട്ടെ വീട്ടിലാണ് ആദ്യം അഫാനെ എത്തിച്ചത്. ഇവിടെ തെളിവെടുപ്പ് പത്ത് മിനിറ്റോളം നേരം നീണ്ടു. പിന്നീട് പേരുമലയിലെ വീട്ടിലേക്ക് എത്തിച്ചു. ഉമ്മ ഷെമിയെ ആക്രമിച്ചതും സഹോദരനെയും കാമുകിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നും ഈ വീട്ടിൽ വെച്ചായിരുന്നു. ഇവിടെ മുക്കാൽ മണിക്കൂറോളം നേരം തെളിവെടുപ്പ് നീണ്ടുനിന്നു.