പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ ‘വിഘ്നേഷ് പുത്തൂർ പവലിയൻ’ നിർമ്മിക്കും; ആദരവുമായി ജന്മനാട്

പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ വിഘ്നേഷ് പുത്തൂർ പവലിയൻ നിർമ്മിക്കും. പെരിന്തൽമണ്ണയിൽ നിന്നും IPL താരമായി ഉയർന്ന വിഘ്നേഷ് പുത്തൂരിന് ആദരസൂചകമായി പവലിയൻ നിർമ്മിക്കാൻ പെരിന്തൽമണ്ണ നഗരസഭ. 25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയൻ നിർമ്മിക്കുക. ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തിൽ 24 കാരനായ ഈ റിസ്റ്റ് സ്പിന്നർ ശ്രദ്ധ പിടിച്ചുപറ്റി. ആദ്യ മൂന്ന് ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി വിഘ്നേഷ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ചെന്നൈയിൽ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി വിഘ്‌നേഷ് എത്തിയത്.
കേരളത്തിനായി സീനിയർ ലെവൽ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ യുവതാരം അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചു.മലപ്പുറം സ്വദേശിയാണ് വിഘ്‌നേഷ്. അച്ഛൻ സുനിൽ കുമാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, അമ്മ കെ പി ബിന്ദു വീട്ടമ്മയാണ്. കേരള ക്രിക്കറ്റ് ലീഗിൽ കളിച്ചപ്പോഴാണ് മുംബൈ ഇന്ത്യൻസ് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞത്. 2025 ലെ ഐപിഎൽ ലേലത്തിൽ മുംബൈ 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്.