തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹംവരെ പിഴ
അബുദാബി: തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹത്തോളം പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന കര്‍ശനമായ നിയമ ഭേദഗതികളുമായി യുഎഇ.
നിയമപ്രകാരമുള്ള വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് ജോലിചെയ്യിക്കുകയോ, ഇത്തരക്കാരെ നിയമിക്കുകയോ ചെയ്യുക, രാജ്യത്തേക്ക് കൊണ്ടുവന്ന ശേഷം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതില്‍ പരാജയപ്പെടുകയോ, വര്‍ക്ക് പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് തൊഴിലുടമയ്ക്കുമേല്‍ ഒരു ലക്ഷം ദിര്‍ഹം മുതല്‍ പരമാവധി 10 ലക്ഷം ദിര്‍ഹംവരെ പിഴയാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ രാജ്യത്തെ തൊഴില്‍ ബന്ധത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഫെഡറല്‍ ഡിക്രിയിലെ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് യുഎഇ സര്‍ക്കാര്‍ പുതിയ ഫെഡറല്‍ ഡിക്രി പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം, പുതിയ ഉത്തരവിന്റെയും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടെയും ലംഘനമായി, തൊഴിലാളികളുടെ അവകാശങ്ങള്‍ പരിഹരിക്കാതെ ഒരു ബിസിനസ്സ് സ്ഥാപനം അടച്ചുപൂട്ടുകയോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്യുന്നതും ഇതേ പിഴ ചുമത്താവുന്ന കുറ്റങ്ങളാണ്.
എമിറേറ്റൈസേഷന്‍(സ്വദേശിവത്കരണം) നിയമങ്ങള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലാണ് പുതുക്കിയ നിയമ ഭേദഗതി. വ്യാജ എമിറേറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കല്‍പ്പിക റിക്രൂട്ട്‌മെന്റുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നോ അതിലധികമോ സ്വദേശി ജീവനക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്തതായി വ്യാജ രേഖകളുണ്ടാക്കുകയോ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്താലും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴ ഈടാക്കും.
വ്യാജ എമിറേറ്റൈസേഷന്‍ കേസുകളില്‍ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് പിഴ ഇരട്ടിയായി വര്‍ധിക്കുകയുെ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലി ചെയ്യിച്ചാലും പ്രായപൂര്‍ത്തിയാകാത്തവരെ അവരുടെ രക്ഷിതാക്കള്‍ നിയമം ലംഘിച്ച് ജോലിചെയ്യിപ്പിച്ചാലുമെല്ലാം ഭേദഗതി അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും.