
നരഭോജി കടുവയുടെ പിടിയില്‍ പഞ്ചാരക്കൊല്ലി ഭയന്നുവിറക്കുമ്പോള്‍ വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പാട്ട് വൈറലായിരിക്കുന്നത്.
കോഴിക്കോട് നടന്ന ഫാഷന്‍ ഷോ ചടങ്ങിലാണ് മന്ത്രിയുടെ പാട്ട്. കടുവയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ വീട്ടിലെത്താനോ നാട്ടുകാരുടെ പ്രതിഷേധത്തെ മാനിക്കാനോ മന്ത്രി ഇതുവരെ വയനാട്ടില്‍ എത്തിയിട്ടില്ലെന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു. നാളെ മാത്രമാണ് മന്ത്രി ശശീധ്രന്‍ വയനാട്ടിലെത്തുക.
കടുവയെ വെടിവെച്ച് കൊല്ലുന്നതുമായി ബന്ധപ്പെട്ടും നാട്ടുകാരുടെ ആശങ്ക കേൾക്കാനും കലക്ടർ പോലും എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് വയനാട്ടിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മന്ത്രിമാരാരും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.