Kerala
പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ നിർത്തിയതെന്തിന്; കൊയിലാണ്ടി സംഭവത്തിൽ ഹൈക്കോടതി

കൊയിലാണ്ടി കുറുവങ്ങാട് ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയിൽ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിർത്തിയതെന്നും ആനകളെ തുടർച്ചയായി യാത്ര ചെയ്യിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു
25 കിലോമീറ്റർ വേഗതയിലാണ് വാഹനത്തിൽ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ഒന്നര മാസമായി ആനകളെ പലയിടത്തായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്നും ഇക്കാര്യം രജിസ്റ്ററിൽ വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികൾ അനുമതി തേടിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ എക്‌സ്‌പ്ലോസീവ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ പറഞ്ഞു.