വഴക്കിന് പിന്നാലെ കാപ്പിയിൽ വിഷം കലർത്തി നൽകി ഭാര്യ; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ഭർത്താവിനോട് യുവതിയുടെ കൊടുംക്രൂരത. ഭർത്താവിൻ്റെ കാപ്പിയിൽ യുവതി വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. യുവാവിൻ്റെ സഹോദരിയാണ് വിഷം കലർത്തിയ കാപ്പി നൽകി തൻ്റെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നത്.
ഖതൗലിയിലെ ഭാംഗെല ഗ്രാമത്തിൽ താമസിക്കുന്ന അനുജ് ശർമ്മ എന്ന യുവാവിനാണ് ഭാര്യ വിഷം നൽകിയത്. രണ്ട് വർഷം മുമ്പാണ് അനുജും പിങ്കി എന്ന യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഇരുവരുടെയും വിഹാജീവിതം അത്ര നല്ലതായിരുന്നില്ല. പതിവായി ഇരുവരും വഴക്ക് കൂടിയിരുന്നതായും പോലീസ് പറയുന്നു. അനുജിനെതിരെ പിങ്കി ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന കേസും ഫയൽ ചെയ്തിരുന്നു.
എന്നാൽ പോലീസിന്റെ മധ്യസ്ഥതയെത്തുടർന്ന്, പിങ്കിയെ ഒരു ആഴ്ചത്തേക്ക് വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ അനുജ് സമ്മതിച്ചു. എന്നാൽ പിന്നെയും അവർ തമ്മിലുള്ള തർക്കങ്ങൾ തുടർന്നു. പിന്നീട്, പിങ്കി വിഷം കലർന്ന കാപ്പി നൽകിയതിനെ തുടർന്ന് മാർച്ച് 25 നാണ് അനുജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിങ്കിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അനുജിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അനുജിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പിങ്കി വീട്ടിലേക്ക് തിരികെ വന്നതെന്നും സഹോദരി മീനാക്ഷി ആരോപിച്ചു. വിവാഹത്തിന് മുമ്പ് പിങ്കി മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നുവെന്നും ഫോണിൽ പലപ്പോഴും അയാളുമായി സംസാരിച്ചിരുന്നുവെന്നും അവർ അവകാശപ്പെട്ടു. അനുജിന്റെ എതിർപ്പുകൾ വകവയ്ക്കാതെ, അവർ തമ്മിലുള്ള ബന്ധം തുടർന്നതായി ആരോപിക്കപ്പെടുന്നു. ഫോൺവിളി ചോദ്യം ചെയ്ത അനുജിനോട് തൻ്റെ വിവഹാത്തിന് മുമ്പുള്ള ബന്ധത്തെക്കുറിച്ച് പിങ്കി സമ്മതിച്ചിരുന്നതായും സഹോദരി പറഞ്ഞു.
അനുജ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും പിങ്കി ആശുപത്രിയിൽ എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഖട്ടൗലി സർക്കിൾ ഓഫീസർ രാം ആശിഷ് യാദവ് സ്ഥിരീകരിച്ചു.