ശൈത്യകാല അവധി; മൂന്നാഴ്ചത്തേക്ക് യുഎഇയിലെ വിദ്യാലയങ്ങള്‍ അടച്ചു
അബുദാബി: ശൈത്യകാലം ആരംഭിച്ചതോടെ മൂന്നാഴ്ചത്തേക്ക് യുഎഇയിലെ വിദ്യാലയങ്ങള്‍ അടച്ചു. ഇനി അടുത്ത വര്‍ഷം ജനുവരി ആറിന് മാത്രമേ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുകയൂള്ളൂ. 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിന്റെയും പരീക്ഷക്കായുള്ള തയാറെടുപ്പുകളുടെയും ഭാഗമായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിക്കാലത്തെ ചില ദിനങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ദീര്‍ഘിച്ച അവധി ലഭിക്കുന്നതിനാല്‍ ചിലരെല്ലാം നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്.
ഇന്ത്യന്‍ സ്‌കൂളുകളിലെല്ലാം രണ്ടാം ടേം പരീക്ഷക്ക് ശേഷമാണ് ഇന്ന് വിദ്യാലയങ്ങള്‍ അടക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുക. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന പ്രാദേശിക-വിദേശ കരിക്കുലം പിന്തുടരുന്ന വിദ്യാലയങ്ങള്‍ ആദ്യപാദ പരീക്ഷയ്ക്കു ശേഷമാണ് അടക്കുന്നത്. അവധിയിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായി മിക്ക വിദ്യാലയങ്ങളിലും ഓപണ്‍ ഹൗസ് ചേര്‍ന്ന് കുട്ടികളുടെ പഠന നിലവാരം വിലയിരുത്തിയിരുന്നു.