അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടാനൊരുങ്ങി സ്ത്രീ; മുടിയിൽ പിടിച്ച് കാർ ഡ്രൈവർ, അതിസാഹസിക രക്ഷപ്പെടുത്തൽ
മുംബൈ അടൽസേതു പാലത്തിൽ നിന്ന് കടലിലേക്ക് ചാടാനൊരുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി ടാക്‌സി കാർ ഡ്രൈവറും പോലീസും. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണ് സംഭവം. മുംബൈ മുളുന്ദ് സ്വദേശി റീമ പട്ടേലാണ് വാടകക്കെടുത്ത കാറുമായി അടൽസേതു പാലത്തിലേക്ക് എത്തിയത്. യാത്രക്കിടെ പാലത്തിൽ വെച്ച് കാർ നിർത്താൻ റീമ ഡ്രൈവറോട് ആവശ്യപ്പെട്ടു
കാറിൽ നിന്നിറങ്ങിയ ഇവർ പാലത്തിന്റെ കൈവരിൽ കയറി ഇരുന്നു. ഇതോടെ അപകടം മണത്ത ഡ്രൈവർ ഇവർക്ക് സമീപത്ത് തന്നെ നിലയുറപ്പിച്ചു. ഇതിനിടെയാണ് സൈറൺ ഇട്ട് ട്രാഫിക് പോലീസ് വാഹനം ഇതുവഴി പാഞ്ഞെത്തിയത്. ഇതോടെ റീമ കടലിലേക്ക് ചാടാനൊരുങ്ങി. ഇത് മുൻകൂട്ടി കണ്ട ഡ്രൈവറായ സഞ്ജയ് ദ്വാരക് യാദവ് റീമയുടെ മുടിയിൽ പിടിച്ചു. ഇതോടെ റീമ പാലത്തിൽ നിന്ന് താഴേക്ക് തൂങ്ങിയാടി
അപ്പോഴേക്കും ട്രാഫിക് പോലീസ് വണ്ടിയിൽ നിന്ന് ദ്രുതഗതിയിൽ ചാടിയിറങ്ങി പാലത്തിന്റെ കൈവരിയിൽ കയറി സഞ്ജയ്‌ക്കൊപ്പം യുവതിയെ പിടിച്ചുനിർത്തി. കുറച്ചുനേരം പണിപ്പെട്ട് സ്ത്രീയെ വലിച്ചു മുകളിലേക്ക് കയറ്റുകയായിരുന്നു. പാലത്തിൽ ഒരു കാർ നിർത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു.