കമല വീണതോടെ സ്വര്‍ണവും വീണു; ട്രംപിന്റെ വിജയത്തിന് പിന്നാലെ വിപണിയില്‍ പ്രതിഫലനം

കമല വീണതോടെ സ്വര്‍ണവും വീണു; ട്രംപിന്റെ വിജയത്തിന് പിന്നാലെ വിപണിയില്‍ പ്രതിഫലനം
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ആഗോള വിപണിയിലും പ്രതിഫലനം കണ്ടുതുടങ്ങി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ച് വീണ്ടും വൈറ്റ് ഹൗസിലേക്കുള്ള യാത്ര സുഗമമാക്കിയ ട്രംപിന്റെ രണ്ടാം വരവോടെ സ്വര്‍ണ വില ഇടിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അന്താരാഷ്ട്ര വിപണയില്‍ ഇന്ന് ട്രോയ് ഔണ്‍സിന് 2704 എന്ന നിലയിലേക്ക് സ്വര്‍ണ നിരക്ക് എത്തി. മൂന്ന് ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് ഉറപ്പായതോടെ യുഎസ് ഡോളര്‍ ശക്തമാകുകയും ട്രഷറി യീല്‍ഡ് ഉയരുകയും ചെയ്തിരുന്നു. ഇതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്. ട്രംപ് അധികാരത്തില്‍ വരുന്നതോടെ പണപ്പെരുപ്പും പലിശ നിരക്കും ഉയര്‍ത്തുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോളര്‍ സൂചിക 1.90 ശതമാനം ഉയര്‍ന്ന് 105 .03 എന്ന നിലവാരത്തിലേക്ക് എത്തിയത്. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ട്രംപിന്റെ വിജയം വിപണികളിലും ചലനങ്ങള്‍ സൃഷ്ടിച്ചു. യു എ സ് ഓഹരി വിപണികളായ ഡൗ ഡോണ്‍സ്, നാസ്ഡാക്, എസ് ആന്‍ഡ് പി 500 എന്നിവ മാത്രമല്ല ഇന്ത്യന്‍ വിപണിയായ സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് ഒരു സമയത്ത് 640 പോയിന്റിന്റെ വര്‍ധനവോടെ 80115 വരെയെത്തിയിരുന്നു. 480 പോയിന്റ് വര്‍ധിച്ച് 79984ലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി നിഫ്റ്റി 147.50 പോയിന്റ് ഉയര്‍ന്ന് 24360 ലേക്കുമെത്തി.

Share this story