National

വ്ലോഗിന്‍റെ മറവിൽ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി; യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

ന്യൂഡൽഹി: ട്രാവൽ വ്ലോഗിന്‍റെ മറവിൽ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ യൂട്യൂബർ ജ്യോതി റാണി എന്നറിയപ്പെടുന്ന ജ്യോതി മൽഹോത്ര അറസ്റ്റിൽ. ഹരിയാന ഹിസാറിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയ കേസിൽ ജ്യോതിറാണിക്കു പുറമേ 25 കാരനായ വിദ്യാർഥിയും 24 കാരനായ സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ ആറു പേർ അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബ് സ്വദേശി ഗുസാല, യാമീൻ മുഹമ്മഗദ്, ഹരിയാന സ്വദേശി ദേവീന്ദർ സിങ് ധില്ലൺ, അർമാൻ എന്നിവരാണ് അറസ്റ്റിലായത്. ട്രാവൽ വിത്ത് ജ്യോ എന്ന പേരിലുള്ള യൂ ട്യൂബ് അക്കൗണ്ട് വഴിയാണ് ജ്യോതി റാണി വിഡിയോകൾ പുറത്തു വിട്ടിരുന്നത്.

പാക്കിസ്ഥാൻ ഹൈ കമ്മിഷനിലെ ഡാനിഷ് എന്നറിയപ്പെടുന്ന എഹ്സാൻ‌ ഉർ റഹിമുമായി 2023ലാണ് ജ്യോതി റാണി പരിചയത്തിലാകുന്നത്. പാക്കിസ്ഥാനിലേക്കുള്ള വിസ ലഭിക്കുന്നതിനായി ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈ കമ്മിഷനിലെത്തിയതിനു ശേഷം ജ്യോതിയെ പാക് ചാരസംഘടനകളുമായി ഡാനിഷ് പരിചയപ്പെടുത്തി. അതിനു ശേഷം രണ്ടിലേറെ തവണ പാക്കിസ്ഥാനിൽ പോയിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പാക് ചാരസംഘടനയിൽ ഉൾപ്പെട്ട വ്യക്തിക്കൊപ്പം യുവതി ബാലിയിലേക്ക് യാത്ര നടത്തിയെന്നും സമൂഹമാധ്യമങ്ങൾ വഴി പാക്കിസ്ഥാന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനായി നിരവധി വീഡിയോകൾ ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡാനിഷിനോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനിൽ എത്തിയപ്പോൾ പാക് സുരക്ഷാ ജീവനക്കാരും ഇന്‍റലിജൻസ് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചാര സംഘടനയിൽ ഉൾപ്പെട്ട ഷകീർ, റാണ ഷഹബാസ് എന്നിവരുമായി പരിചയപ്പെട്ടുവെന്നും ജ്യോതി റാണി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

സംശയം ഒഴിവാക്കാനായി ഷകീറിന്‍റെ പേര് ജാട് റാൺധവ എന്ന പേരിലാണ് ഫോണിൽ സേവ് ചെയ്തിരുന്നത്. പിന്നീട് ഇന്ത്യയിലെത്തിയതിനു ശേഷം വാട്സാപ്പ്, സ്നാപ് ചാറ്റ്, ടെലിഗ്രാം എന്നിവ വഴി ഷകീറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും രാജ്യവുമായി ബന്ധപ്പെട്ട ചില വിലപ്പെട്ട വിവരങ്ങൾ പങ്കു വച്ചിരുന്നുവെന്നും ജ്യോതി റാണി വെളിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!