ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 39
[ad_1]
രചന: റിൻസി പ്രിൻസ്
തെരുവ് വിളക്കിന്റെ പ്രകാശത്തിൽ അവൻ ഒപ്പം നടക്കുമ്പോൾ ഒരു നിമിഷം അവൾക്ക് സന്തോഷമാണോ സങ്കടമാണോ ഉള്ളിൽ തോന്നിയത് എന്ന് അറിയില്ല. സമിശ്രമായ പല വികാരങ്ങളും മനസ്സിൽ കൂടുകൂട്ടുന്നു, എന്നാൽ അതിനെല്ലാം മുകളിൽ ആത്മാഭിമാനം കൊടി കുത്തി വാഴുന്നു…. ഒരിക്കൽ തന്റെ ഇഷ്ടത്തെ അവഗണിച്ചവനാണ് എന്ന ചിന്ത മനസ്സിനെ മധിച്ചു കൊണ്ടിരിക്കുകയാണ്,
” എന്താ താമസിച്ചത്…?
അവളോട് ചിന്തകൾക്ക് മുകളിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ട് അവൻറെ ചോദ്യം എത്തി…
” ഒരു കൂട്ടുകാരി കാണാൻ പോയതാ, ഞാൻ തന്നെ പൊയ്ക്കോളാം… എനിക്ക് ഒറ്റയ്ക്ക് പേടിയൊന്നുമില്ല,
അവൾ പറഞ്ഞു
” എനിക്ക് കുഴപ്പമില്ല… എനിക്ക് അപ്പുറം വരെ പോകേണ്ട ഒരു ആവശ്യമുണ്ട്, ഞാൻ വീട്ടിലേക്ക് ആക്കാം…
” വേണ്ട ഇന്നൊരാവശ്യം വന്നപ്പോൾ വന്നു, നാളെ ഇങ്ങനെ വരാൻ എപ്പോഴും ഉണ്ടാവണമെന്നില്ല, ഒറ്റയ്ക്ക് നടന്ന് പഠിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് ഒറ്റയ്ക്കായി പോയാലും പേടി തോന്നില്ല.
അവൻറെ മുഖത്തേക്ക് നോക്കാതെ അത്രയും പറഞ്ഞു അവനെ തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നു… മനസ്സിനുള്ളിൽ ഇപ്പോഴും ഒരു കുഞ്ഞു ദേഷ്യം നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി, കാലം എത്ര മാറിയാലും അത് മാറില്ലേ.? അവൾ അവളോട് തന്നെ ചോദിച്ചു… എന്നാൽ ആ ദേഷ്യത്തിലും അപ്പുറം ഒരുപാട് അവനെ സ്നേഹിക്കുന്നുമുണ്ട്, അവനെ കണ്ടതിൽ സന്തോഷിക്കുകയാണ് മനസ്സ്, അവൻ അരികിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി, അവനെ കാണാൻ വേണ്ടി മാത്രമാണ് അത്രയും കഷ്ടപ്പെട്ട് ഇന്ന് അവിടെ കൂടി വന്നത്, പക്ഷേ അരികിൽ ഉണ്ടായിട്ടും ഒരുമിച്ച് നടക്കാനുള്ള അവസരം ലഭിച്ചിട്ടും അവനോട് കൂടുതൽ സംസാരിക്കാനും തനിക്ക് സാധിക്കുന്നില്ല… എന്തുകൊണ്ടാണ് ഉള്ളിൽ അത്രമാത്രം അവൻ ഒരു വേദനയും സൃഷ്ടിച്ചിട്ടുണ്ട്.. സ്നേഹത്തിന് ഇങ്ങനെയും ഒരു ഭാവമോ എന്ന് അവൾ ചിന്തിച്ചു.. ഉടനെ തന്നെ അതിന് ഒരു മറുപടിയും അവളുടെ മനസ്സ് കണ്ടെത്തി, ഇത് സ്നേഹത്തിന്റെ ഭാവമല്ല സ്നേഹത്താൽ മുറിവേറ്റപ്പോൾ സ്നേഹം തണുത്തുറഞ്ഞ ഐസ് ആയതാണ് അതിനി മെല്ലെ ഉരുകി വരണം. അവഗണനയ്ക്ക് അത്രത്തോളം തീക്ഷ്ണതയുണ്ട് അതാണ് തന്നെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്, നടന്നു തുടങ്ങിയപ്പോഴാണ് ഇരുട്ട് വ്യാപിക്കുന്നത് മനസ്സിലായത്.. എത്രയൊക്കെ ധൈര്യമുള്ളിൽ ഉണ്ടെന്ന് പറഞ്ഞാലും ഇരുട്ട് കാണുമ്പോൾ ഒന്ന് പതറി പോകാത്ത മനുഷ്യരില്ലല്ലോ, തിരിഞ്ഞുനോക്കാൻ ധൈര്യം വന്നില്ല ഇടവഴിയിലേക്ക് ഇറങ്ങിയപ്പോൾ സ്ട്രീറ്റ് ലൈറ്റ് ഇല്ല എന്ന് മനസ്സിലായി മൊബൈലിന്റെ ടോർച്ച് ഓണാക്കി ,അപ്പോഴാണ് അവിടെ ഇവിടെ ചെറിയ വെട്ടം കണ്ടത്. ജെസ്സി ആന്റി പറഞ്ഞത് പോലെ തന്നെ ചില കുട്ടികളാണ്, അവർ സിഗരറ്റ് വലിച്ചും മൊബൈൽ ഫോണിൽ സംസാരിച്ചു നോക്കിയിരിക്കുകയാണ്.. വലിയ പ്രായമൊന്നുമില്ലാത്തവരാണ് പക്ഷേ ആരുടെയും നോട്ടം ശരിയല്ല, കാലുകൾക്ക് വേഗത കൂടുന്നത് പോലെ തോന്നി…. പക്ഷേ ആത്മവിശ്വാസം അപ്പോഴും കൈവിട്ടില്ല, മുന്നോട്ടുതന്നെ നടന്നു അവർ തന്നെ കണ്ടതും ഒരുമിച്ചുള്ള സംസാരം നിർത്തുന്നതും അറിഞ്ഞിരുന്നു.. ആ സമയത്ത് ഒരു ഭയം അധികരിച്ചു പത്രത്തിലും ടിവിയിലും ഒക്കെ കാണുന്ന വാർത്തകൾ ഒരു നിമിഷം മനസ്സിലൂടെ മിന്നിമറഞ്ഞു,
“സാം ചേട്ടായി എവിടെ പോവാ..?
കൂട്ടത്തിൽ ഒരുവൻ പുറകിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് ആള് പുറകിൽ തന്നെ ഉണ്ടെന്ന് മനസ്സിലായത്, കാലുകളുടെ വേഗത അല്പം കുറഞ്ഞു ശ്വാസഗതികൾ സാധാരണ നിലയിലേക്ക് എത്തി.. അത്രമേൽ ആശ്വാസം മനസ്സിൽ തോന്നി.. താൻ വേണ്ടെന്ന് പറഞ്ഞിട്ടും ഒപ്പം ഉണ്ടായിരുന്നോ ഒരു നിമിഷം സന്തോഷവും വേദനയും ഒക്കെ നിറഞ്ഞു… അത്രയും പ്രിയപ്പെട്ട ഒരാൾ ഒപ്പം ഉണ്ടായിരുന്നു എന്നറിയുമ്പോൾ മനസ്സിന് തോന്നുന്ന സുരക്ഷിതത്വം.
“അപ്പുറം വരെ പോവാ…
പുറകിൽ നിന്നും ആളുടെ ശബ്ദം കൂടി കേട്ടപ്പോഴേക്കും വല്ലാത്തൊരു സമാധാനം. എന്നിട്ടും ഒന്ന് തിരിഞ്ഞുനോക്കാൻ ഉള്ളിലെ ചെറിയ വാശി അനുവദിച്ചില്ല.. നേരെ തന്നെ നടന്നുപോയി, തനിക്ക് കൂട്ടു വന്നതല്ലല്ലോ അപ്പുറം വരെ പോകാനായി ഇറങ്ങിയത് അല്ലേ. മനസ്സ് വെറുതെ എന്തൊക്കെയോ ആവലാതികൾ പറയുകയാണ്. കുറച്ച് കഴിഞ്ഞ് റോഡിലേക്ക് കയറിയപ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പുറകിൽ ആൾ ഉണ്ടെന്ന് നിഴൽ കാണിച്ചു തന്നു, ആ നിമിഷം ഒന്ന് തിരിഞ്ഞുനോക്കാൻ മനസ്സു പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആൾ നടന്ന് അടുത്ത് വരികയാണ്,
” അതല്ലേ വീട്…?
വീട്ടിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു അതേ എന്ന അർത്ഥത്തിൽ തലയാട്ടി
“ഗുഡ് നൈറ്റ്
ആള് പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാതെ ആളെ നോക്കാതെ നടന്നകന്നും… ഒരു താങ്ക്സ് എങ്കിലും പറയേണ്ടിയിരുന്നില്ലേ മനസ്സിൽ ചോദ്യം ഉയർന്നു, വേണ്ട ആ ഒരുവനോട് എന്തിനാണ് തനിക്ക് ഫോർമാലിറ്റികൾ. തൻറെ സ്വന്തം എന്ന് ഒരിക്കൽ താൻ മനസ്സിൽ വിധി എഴുതിയതല്ലേ, അന്യരോട് കാണിക്കുന്നത് പോലെ മര്യാദകൾ കാണിക്കേണ്ട ഒരാൾ അല്ലല്ലോ ആ വ്യക്തി.. വീടിന്റെ തിണ്ണയിലേക്ക് കയറിയപ്പോൾ വെറുതെ റോഡിലേക്ക് ഒന്ന് നോക്കി അപ്പോൾ ആളെ തിരികെ പോകുന്ന കാഴ്ചയാണ് കണ്ടത് എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞിട്ട് ആൾ വീണ്ടും തിരികെ പോകുന്നത് കണ്ടപ്പോൾ തനിക്കുവേണ്ടി മാത്രമായിരുന്നു ആളിവിടേക്ക് വന്നത് എന്ന് ചോദ്യം മനസ്സിൽ നിറഞ്ഞുനിന്നു. അത്രമേൽ പ്രാധാന്യം നൽകാനും മാത്രം ആളുടെ മനസ്സിൽ തനിക്ക് സ്ഥാനം ഉണ്ടോ എന്നും ചിന്തിച്ചു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണ് വീട്ടിലേക്ക് ചെന്നത്, തന്നെ കാണാതെ പേടിച്ചിരിക്കുകയായിരുന്നു അമ്മച്ചി. സച്ചുവിന് തന്നെ തിരക്കാൻ വേണ്ടി അങ്ങോട്ട് വിട്ടു എന്ന് പറഞ്ഞു,
സംസാരിച്ചിരുന്നത് കൊണ്ട് താമസിച്ചു പോയതാണ് എന്നും നമ്മുടെ നാടല്ലേ എന്നുമൊക്കെ പറഞ്ഞ് അമ്മച്ചിയെ ഒന്ന് സമാധാനപ്പെടുത്തിയെങ്കിലും കുറച്ചു നിമിഷങ്ങൾക്ക് മുൻപ് താനും ഭയന്നിരുന്നു എന്ന് ഓർത്തും, എത്ര ധൈര്യം ഉണ്ടെങ്കിലും ഇരുട്ടിൽ ഒറ്റപ്പെട്ടുപോകുമ്പോൾ ഏതൊരു പെണ്ണിനും ആ ധൈര്യം ചോർന്നു പോകുമെന്ന് ഒരു സത്യം കൂടി ആ നിമിഷം മനസ്സിലാക്കി.. വൈകിട്ട് ഭക്ഷണമൊക്കെ കഴിച്ച് കിടക്കാൻ നേരവും മനസ്സിൽ നിറഞ്ഞുനിന്നത് ആളു മാത്രമായിരുന്നു, നാട്ടിലേക്ക് വരുമ്പോൾ മറ്റു കാര്യങ്ങൾ എല്ലാം മനസ്സിൽ നിന്നും മാഞ്ഞുപോകും അവിടെ ഒരേ ഒരാള് മാത്രം അവശേഷിക്കും. അത്രമേൽ തനിക്ക് ആള് പ്രിയപ്പെട്ടതായിരുന്നു എന്നത് ഇപ്പോഴും ഒരു അത്ഭുതമാണ്, ഇത്രയും കാലമായിട്ടും ആ ഇഷ്ടത്തിന് ഒരു തുള്ളി പോലും കുറവ് വന്നിട്ടില്ല. അതിലും വലിയ അത്ഭുതം ആളെ നേരിട്ട് കണ്ടപ്പോൾ എന്തൊക്കെയോ ചോദിക്കണമെന്ന് നേരത്തെ കരുതിയതാണ് റിയ ചേച്ചിയെ കുറിച്ച് വിവാഹത്തെക്കുറിച്ച് ഒക്കെ പക്ഷേ ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല, ആളെ കാണുമ്പോൾ മാത്രം വാക്കുകൾ തനിക്ക് അന്യമായി പോകുന്നു. മറ്റെന്തോ ഒരു അനുഭൂതിയിൽ താൻ നിൽക്കുകയാണ്. ഒന്നുമാത്രം ഉറപ്പാണ് ഒരിക്കലും ഇനി തന്റെ ഇഷ്ടം ആളെ അറിയിക്കില്ല, അത് തീരുമാനിച്ചതാണ് പക്ഷേ മറ്റൊരാളെ തനിക്ക് ഇനിയും ഇങ്ങനെ ഇഷ്ടപ്പെടാൻ സാധിക്കുമോ ഇല്ല എന്നത് ഒരു സത്യം തന്നെയാണ് .
പിറ്റേന്ന് കാലത്ത് തന്നെ എഴുന്നേറ്റിരുന്നു ഒപ്പം അമ്മച്ചിയെ ഒന്ന് സഹായിക്കാനായി അടുക്കളയിലേക്കും ചെന്നു, ഒരുപാട് കാലം കൂടിയാണ് ഇങ്ങനെ എല്ലാവരും ഒരുമിച്ച് നിന്ന് ജോലിയൊക്കെ ചെയ്യുന്നത്. നേരത്തെ തന്നെ കുളിച്ച് ഒരുങ്ങാൻ അമ്മയോട് പറഞ്ഞു, കാര്യം എന്തെന്ന് മനസ്സിലാവാതെ അമ്മച്ചി അത്ഭുതപ്പെട്ടു നോക്കുന്നുണ്ട് നമുക്ക് അമ്മച്ചിയുടെ വീട്ടിലേക്കൊന്നു പോകാം എന്ന് മാത്രമാണ് മറുപടിയായി പറഞ്ഞത് രാവിലെ പച്ച ഏത്തക്കാ പുഴുങ്ങിയതും ചുട്ട വറ്റൽ മുളക് കൊണ്ട് ഉണ്ടാക്കി പച്ച വെളിച്ചെണ്ണ ഒഴിച്ച ചമ്മന്തിയും ആയിരുന്നു. അതും ഒരു സ്ട്രോങ്ങ് കട്ടൻ ചായയും കുടിച്ച് താനും പോയി കുളിച്ച് ഒരുങ്ങി. തിരികെ വന്ന് ഒരുങ്ങി നിൽക്കുന്ന അമ്മച്ചി സാരിയുടുത്തത് ശരിയായില്ലെന്നും പറഞ്ഞു സാരിയുടെ പ്ലീറ്റ്സ് ഒക്കെ ഒന്നുകൂടി ശരിയാക്കി അത് കഴിഞ്ഞ് ഒരുമിച്ച് ബസ്റ്റോപ്പിലേക്ക് വല്യമ്മച്ചിയോട് യാത്രയും പറഞ്ഞ് ഇറങ്ങി, ബസ് കയറിയത് അമ്മച്ചിയുടെ വീട്ടിലേക്കല്ല എന്ന് അറിഞ്ഞതും അമ്മച്ചി ഒന്ന് നോക്കി ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു കണ്ണ് ഇറക്കി കാണിച്ചു
കാറിന്റെ ഷോറൂമിലേക്ക് ചെന്നപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല അമ്മച്ചിക്ക്, താക്കോൽ കയ്യിലേക്ക് കൊടുക്കാൻ സെയിൽസ്മാൻ എത്തിയപ്പോഴാണ് അമ്പരന്ന് അമ്മച്ചി തന്നെ നോക്കിയത്, നമ്മുടെ വണ്ടി ആണെന്ന് പറഞ്ഞു ആ കറുത്ത കാറിന്റെ അരികിൽ നിൽക്കുമ്പോൾ അമ്മച്ചി അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു, ഇതൊക്കെ സത്യമോ എന്ന മട്ടിൽ…
അതെ എന്ന് കണ്ണടച്ച് കാണിച്ചു അവിടുത്തെ പ്രോസസ് എല്ലാം തീർത്ത് അമ്മച്ചിയെയും മുന്നിൽ ഇരുത്തി കാറോടിച്ചു തുടങ്ങിയപ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു, എങ്കിലും ആ ടച്ച് കിട്ടിയപ്പോൾ അതങ്ങ് മാറി. പിന്നെ വണ്ടി ഓടിക്കാൻ ഒരു ആവേശമായിരുന്നു,
” നീ ഇത് എപ്പോൾ പഠിച്ചു..?
അത്ഭുതത്തോടെ അമ്മച്ചി ചോദിച്ചു,
” അതൊക്കെ പഠിച്ചു എങ്ങനെയുണ്ട് വണ്ടി..
അത് ചോദിച്ചപ്പോഴും അമ്മച്ചിക്ക് അത്ഭുതം
“ഇതിനൊക്കെ ഒത്തിരി പൈസയായി കാണില്ലേ മോളെ..?
” പിന്നെ ചുമ്മാ കിട്ടുമോ
കുറച്ചൊക്കെ ഈ എം ഐ ആണ്. അത് എന്റെ സാലറിയിൽ കട്ടായിക്കോളും,
” എന്തിനാ കൂടുതൽ കടം വരുത്തി വെച്ചത്…
അമ്മച്ചി ഇങ്ങനെ പറയുന്നു എനിക്കറിയാമായിരുന്നു, അതുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു ആ വണ്ടിയിൽ അമ്മച്ചിയുടെ വീടിൻറെ മുറ്റത്തേക്ക് പോയി ഇറങ്ങുക എന്നത് എൻറെ ഒരു കുഞ്ഞു വാശിയായിരുന്നു. പണ്ടൊരിക്കൽ എപ്പോഴോ ഒരു ഡോർ അടച്ചതിന് വഴക്ക് പറഞ്ഞ അമ്മാച്ചനോടുള്ള ഒരു കുഞ്ഞു പ്രതികാരം, അത് എൻറെ മനസ്സിലേ ഒരു നോവ് ആയിരുന്നല്ലോ……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]