നിർജലീകരണം: വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പരിസ് ഒളിമ്പിക്‌സിൽ അയോഗ്യതയാക്കിയതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണത്തെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്.
രാത്രി 2 കിലോയോളം കൂടിയിരുന്നു. കഠിന പരിശ്രമത്തിലൂടെ 1.85 കിലോ വിനേഷ് കുറച്ചിരുന്നു. വിനേഷിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയുമായി സംസാരിച്ചു. വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും നേരിട്ട് വിവരങ്ങൾ തേടുകയും ചെയ്തു.
ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.5-0ത്തിന്റെ ജയവുമായാണ് വിനേഷിന്റെ ഫൈനൽ പ്രവേശനം. ഒരു മെഡൽ കൂടി ഉറപ്പിച്ച നിമിഷമാണ് ഇന്ത്യക്ക് നിരാശയായി അയോഗ്യത നടപടിയെത്തിയത്.