Novel

നിലാവിന്റെ തോഴൻ: ഭാഗം 12

[ad_1]

രചന: ജിഫ്‌ന നിസാർ

തുടരെ ബെല്ലടിക്കുന്ന ഫോണിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാൽകണിയിലെ വെറും നിലത്തു ക്രിസ്റ്റി മലർന്ന് കിടന്നു.

ഹൃദയമെന്തിനോ വല്ലാണ്ട് വേദനിക്കുന്നു.

കട്ട പിടിച്ച ഇരുട്ടിനെ തോൽപ്പിക്കാൻ പുറത്ത് കെട്ടി തൂക്കിയ അലങ്കാര ബൾബുകളുടെ മത്സരം..

താഴെ നിന്നുമുള്ള പാട്ടും കൂത്തും ഒട്ടും കുറഞ്ഞിട്ടില്ല.

ഒരു കയ്യിൽ അമർത്തി പിടിച്ച കൊലുസിന്റെ മണികൾ അവൻ അനങ്ങുമ്പോൾ ആശ്വാസം പകരാണെന്നത് പോലെ ചെറുതായി കിലുങ്ങി ചിരിച്ചു.

“ഞാനോ..എന്റെ കുടുംബമോ നിന്നെ ക്ഷണിച്ചോ?”

ഹൃദയത്തിലൊന്നാകെ പോറൽ വീഴ്ത്തി കൊണ്ട് വർക്കിയുടെ ആ ചോദ്യമവനെ നോവിച്ചു കൊണ്ടേയിരുന്നു, ഓരോ നിമിഷവും.

കണ്ണടച്ച് കിടന്നിട്ടും… കണ്മുന്നിൽ കൂടി നിൽക്കുന്നവരുടെ പരിഹാസചിരി കാണുന്നുണ്ടായിരുന്നു ക്രിസ്റ്റി.

ഒരു നിമിഷം അവനരികിൽ മിണ്ടാതെ കിടന്നിട്ട് വീണ്ടും ഫോൺ ഉറക്കെ നിലവിളിച്ചു തുടങ്ങി.

ഒടുവിൽ സഹികെട്ട് പല്ല് കടിച്ചു കൊണ്ടവൻ കണ്ണൊന്നു തുറക്കുക കൂടി ചെയ്യാതെ അതെടുത്തു ചെവിയോട് ചേർത്തു.

“ഇന്നും പൊറുക്കി കേറി ചൊറിഞ്ഞോ.. അതോ പൊറുക്കിയെ കേറി ചൊറിഞ്ഞോ. എന്താടാ ഉണ്ടായത്?”
ഫൈസിയുടെ സ്വരം കാതിലേക്ക് ഒഴുകിയെത്തി.

അത് വരെയും പൊതിഞ്ഞു നിന്നിരുന്ന ശൂന്യത ക്രിസ്റ്റിയിൽ നിന്നും അകന്ന് പോയിരുന്നു ആ നിമിഷം.

“ഇത് അറിയാവുന്നത് കൊണ്ടല്ലെടാ കോപ്പേ നിന്നോട് ഞാനാ പരിപാടിക്ക് പോണ്ടാന്ന് പറഞ്ഞത്. അപ്പോഴവന്റെ ഒടുക്കത്തെ സെന്റി മെന്റൽ. എന്നിട്ടിപ്പോ മാനം നോക്കി കിടക്കാൻ ആരേലും ഉണ്ടോ ടാ തെണ്ടി നിനക്ക് കൂട്ട്? ഒറ്റയ്ക്ക് കിടന്നു പിടയുമ്പോൾ വന്നു നോക്കാൻ പോലും ഇച്ചിരി മനുഷ്യപറ്റുള്ള ആരും ഇല്ലവിടെ. അതറിയാവുന്നത് കൊണ്ടാണ് പറഞ്ഞത്…അതിന് പോണ്ടാ പോണ്ടാ.. അവരാ ഫങ്ക്ഷൻ ഒറ്റക്കങ്ങ് ഉണ്ടാക്കട്ടെ ന്ന്. അത് കേൾക്കാതെ…”

ഫൈസിയുടെ കലിപ്പ് ക്രിസ്റ്റിയുടെ ചുണ്ടിലൊരു ചിരിയായിട്ടാണ് വിരിഞ്ഞത്.

നിനക്ക്  നോവുന്നത്.. അതിനി എന്തിന്റെ പേരിലായിരുന്നാലും എനിക്ക് സങ്കടമാണെന്ന് തന്നെയല്ലേ അവനാ പറഞ്ഞത്.

ചുട്ടു പൊള്ളുന്ന ഹൃദയത്തടത്തിലേക്ക് ആരോയിച്ചിരി മഞ്ഞു വാരിയിട്ടത് പോലൊന്നു കുളിർന്നു പോയി ക്രിസ്റ്റി..

“ക്രിസ്റ്റി… ഡാ “

ശബ്ദമൊന്നും കേൾക്കാഞ്ഞിട്ടാണ് ഫൈസി ആകാംഷയോടെ വിളിച്ചത്.

“ഞാൻ.. ഞാനങ്ങോട്ട് വരണോ ടാ…?”

വീണ്ടും ആ ചോദ്യം.

ക്രിസ്റ്റിയൊരു ചിരിയോടെ എഴുന്നേറ്റിരുന്നു.

“വേണ്ടടാ.ഞാൻ ഒക്കെയാണ് “

“നീ കോപ്പാണ്.. എനിക്കറിയാം,അവിടെ താഴെ നടക്കുന്നതിലേക്കൊന്നും എത്തി നോക്കാതെ നിന്റെയാ മുറിയുടെ മൂലയിൽ മാനം നോക്കി ഇരിപ്പുണ്ടാവുമിപ്പോ നീ.”
ഫൈസി കണ്മുന്നിൽ കാണുന്നത് പോലാണ് പറയുന്നത്.

“തെറ്റി പോയല്ലോ മിഷ്ടർ..ഫൈസൽ മുഹമ്മദ്‌ താങ്ങൾക്ക്.ഞാനിവിടെ ബാൽകണിയിൽ പുറത്തെ ഇരുട്ടിന്റെ മാസ്മരിക സൗന്ദര്യവും ആസ്വദിച്ചു കൊണ്ടിരിപ്പാണ്.. എന്തൊരു ഭംഗിയാണല്ലേ ഈ ഏകാന്താ രാത്രികൾക്ക്? അതുറങ്ങി തീർക്കാനുള്ള വിശ്രമവേളകാളാണെന്ന് ഏതു തെണ്ടിയാണാവോ പറഞ്ഞുണ്ടാക്കിയത്?ശെരിക്കും ഇത്രേം വശ്യ സുന്ദരിയായൊരു രാത്രിയേ…”

നിർത്തെടാ… അവന്റെയൊരു “

ഫൈസിയുടെ ശബ്ദം ഉയർന്നു കേട്ടപ്പോഴാണ് ക്രിസ്റ്റി രാത്രിവർണയെ ഒന്നമർത്തി വെച്ചത്.

“ചങ്ക് കാത്തുവാ തെണ്ടിയുടെ.. അപ്പോഴും അതാരും അറിയരുതെന്ന് കരുതി അവന്റെയൊരു ഒടുക്കത്തെ അഭിനയം. പക്ഷേ അതീ ഫൈസിയോട് വേണ്ട.. നിന്നെ അറിയാൻ,ആ പിടച്ചിൽ മനസ്സിലാവാൻ എനിക്ക് നിന്റെ അരികിൽ ഉണ്ടാവണമെന്നോ നിന്നെ കാണണമെന്നോ ഇല്ലെടാ “

വീണ്ടും വീണ്ടും ക്രിസ്റ്റിയാ സ്നേഹതണുപ്പിലേക്ക് പതുങ്ങിയത് പോലെ മിണ്ടാതെയിരുന്നു.

“നമ്മുക്കൊന്ന്… പുറത്ത് പോയാലോ? നീ റെഡിയായി നിൽക്കുവോ? ഞാൻ വണ്ടിയുമായി വരാം”
ഫൈസി ചോദിക്കുന്നത് കേട്ട് ക്രിസ്റ്റി ഒന്ന് ചിരിച്ചു.

തന്റെ മൂഡോന്ന് മാറ്റാനുള്ള പെടാപാടാണ് ചെക്കൻ.

“എന്റെ പൊന്ന് ഫൈസി എനിക്കൊരു പ്രശ്നവുമില്ല. ഞാൻ ഒക്കെയാണ്.”

അവനൊരു നേർത്ത ചിരിയോടെ ചുവരിലേക്ക് ചാരിയിരുന്നു കൊണ്ട് പറഞ്ഞു.

“ഉറപ്പാണല്ലോ അല്ലേ?”

ഫൈസിക്ക് സംശയം തീരുന്നില്ല.

“സത്യമെടാ.. പൊറുക്കിയും കൂട്ടരും കൂടിയ എന്നെയൊന്നു കേറി ചൊറിയുമെന്ന് ഉറപ്പല്ലേ? ഇന്നും അത് അങ്ങനെ തന്നെ. നന്നായി തിരിച്ചും ചൊറിഞ്ഞു വന്നത്തിന്റെ ആശ്വാസത്തിൽ കിടന്നു പോയതാണ് ഞാൻ “

ക്രിസ്റ്റി പറഞ്ഞു.

“പോട്ടെ ടാ… വിട്ടേക്ക്.”

ഫൈസി വീണ്ടും പറഞ്ഞു.

“കുത്തിനു പിടിച്ചു വെളിയിൽ തള്ളി വിടാൻ എനിക്കറിയാഞ്ഞിട്ടല്ലല്ലോ ഫൈസി…”

ക്രിസ്റ്റിയുടെ മുറുകിയ സ്വരം.
“എനിക്കറിയാം.. നീ എന്നെങ്കിലും ഒരിക്കലത് ചെയ്യുമെന്ന്.പൊറുക്കിയും കുടുംബവുമത് ഭയക്കുന്നുമുണ്ട്. ഇത്രേം ക്ഷമിച്ചില്ലേ നീ?ഇനിയൊരു കുറച്ചു മാസങ്ങൾ കൂടിയല്ലേയുള്ളൂ നിന്റെ കോഴ്സ് തീരാൻ. പിന്നീയീ ക്രിസ്റ്റി ഫിലിപ്പ് രാജാവല്ലേ..?കുന്നേൽ ഗ്രുപ്പിന്റെ ദളപതി..”

ഫൈസി അവനിലേക്ക് ആവേശത്തിന്റെ തീ കനലുകൾ കേരി നിറച്ചു.

ഡിഗ്രി കഴിഞ്ഞയുടൻ അപ്പൻ ഫിലിപ്പിന്റെ തണലിൽ വളർന്നു പന്തലിച്ച കുന്നേൽ ഗ്രുപ്പിന്റെ ഓഫിസിൽ ചെന്നപ്പോൾ അവിടെയിപ്പോഴും GM ആയിട്ടുള്ള സദാശിവൻ അങ്കിൾ തന്നെയാണ് പറഞ്ഞു തന്നത്… “ഇത് പോലൊരു വലിയ ബിസിനസ് സാമ്പ്രാജ്യം ഒറ്റയ്ക്ക് കൊണ്ട് നടക്കുവാൻ നിനക്കീ വിദ്യാഭ്യാസം പോരാ ക്രിസ്റ്റി. ഇതെല്ലാം നിന്റെയാണ്.. നിന്റെ അപ്പൻ ഫിലിപ്പ് നിനക്ക് വേണ്ടി കരുതി വെച്ചതാണ്. നീ ഈ കുന്നേൽ ഗ്രുപ്പിന്റെ അമരകാരനായിരിക്കുകയെന്നത് നിന്റെ അപ്പന്റെ സ്വപ്നമായിരുന്നു. വർക്കി ചെറിയാൻ ആ പദവിയിലേക്ക് ഉയരൻ എത്രയൊക്കെ ശ്രമിച്ചാലും.. അതിനാവില്ല.അയാളെ പിടിച്ചു കെട്ടാനുള്ള  വിദ്യാഭ്യാസവും വീര്യവും കൊണ്ട് നീ വാ.. നിനക്ക് വേണ്ടി ഈ പൊസിഷൻ കാത്ത് സൂക്ഷിച്ചു കൊള്ളാം ഞാൻ “എന്ന് 

സദാശിവൻ അങ്കിൾ അന്നും ഇന്നും ന്യായമുള്ളവനാണ്.. നീതിയുള്ളവനാണ്.
അതിനേക്കാളുപരി ഫിലിപ്പിന്റെ കൂട്ടുകാരൻ കൂടിയായിരുന്നു.

ആ സ്നേഹം അയാൾക്ക് ഇന്നും ക്രിസ്റ്റിയോടുണ്ട്.

ലക്ഷങ്ങളും കവിഞ്ഞു കോടികൾ വാരി വിതറിയിട്ടും വർക്കി ചെറിയാന് വിലക്കെടുക്കാൻ കഴിയാത്ത അത്രേം നിലപാടുള്ള മനുഷ്യൻ.വർക്കി ഓഫീസിൽ ആധിപത്യം സ്ഥാപിച്ചപ്പോഴും സദാശിവനെ അവിടെ നിന്നും നീക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല.

ഫിലിപ്പ് സൈൻ ചെയ്തു കൊടുത്തൊരു പവർ ഓഫ് അറ്റോണിയുടെ ബലത്തിൽ വർക്കിയുടെ ഒന്നാകെയുള്ള വിഴുങ്ങലിൽ നിന്നും കുന്നേൽ ഗ്രൂപ്പിനെ പൊതിഞ്ഞ പിടിക്കുന്നത് അയാളാണ്..

ക്രിസ്റ്റിക്ക് കോളേജിലേക്ക് വേണ്ടുന്ന മുഴുവൻ കാര്യങ്ങളും ചെയ്ത് കൊടുത്തത് സദാശിവനാണ്.വർക്കി എത്രയൊക്കെ തടഞ്ഞിട്ടും അയാളത് ഭംഗിയായി ചെയ്തു തീർത്തു.

ക്രിസ്റ്റീയെയും അയാളെയും തമ്മിലടിപ്പിക്കാൻ നടക്കുന്നൊരു ചെന്നായയെ പോലെ വർക്കി അവരുടെ കൂടെ നടന്നിട്ടും ക്രിസ്റ്റിയുടെ കൂടെയൊരു തണുപ്പായി സദാശിവൻ ഉണ്ടായിരുന്നു.

ഡാ “

ഫൈസിയുടെ വിളിയിൽ ക്രിസ്റ്റിയൊന്നു ഞെട്ടി പോയി.

“ന്താടാ കോപ്പേ?”

ആ ദേഷ്യത്തോടെ തന്നെ ക്രിസ്റ്റി ഫൈസിയോട് ചോദിച്ചു.

“മാനം നോക്കി കിടന്നു വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടാതെ എഴുന്നേറ്റു പോയി കിടന്നേ നീ. നാളെ വെളുപ്പിനെ എണീക്കാനുള്ളതല്ലേ? മതി അവിടെ ഇരുന്നത് “

ഫൈസി പറഞ്ഞത് കേട്ട് ക്രിസ്റ്റി ഒന്ന് മൂളി.

ഞാൻ.. വരണ്ടല്ലോ ല്ലെടാ? “

ഫൈസി ഒന്നൂടെ ചോദിച്ചു.

“വേണ്ടടാ.. നീ കിടന്നോ.. ഞാനും ദേ എണീറ്റ് പോവാണ് “

ക്രിസ്റ്റി ചിരിയോടെ തന്നെ പറഞ്ഞു.

“വല്ലതും കഴിച്ചായിരുന്നോ നീ?”

അവനൊന്നും കഴിച്ചു കാണില്ലെന്ന് കരുതി ഫൈസി ചോദിച്ചു.

“പിന്നെ… വയറ് നിറച്ചിട്ടാണ് മുകളിലേക്ക് കയറിയത്. പൊറുക്കിയെ ഞാനിന്ന് തിന്ന് തോൽപ്പിച്ചു.. നമ്മളോടാ കളി “

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

“ഓഓഓ… മനസ്സിലായി. നീ ഭയങ്കരമാന ആള് തന്നെ. ചളി അടിക്കാതെ എഴുന്നേറ്റു പോയി വല്ലതും വിഴുങ്ങിയിട്ട് കിടന്നുറങ്ങെടാ.. നിന്റെ മറിയാമ്മച്ചി താഴെ ഉണ്ടാവും. മറ്റൊന്നും ഓർക്കുകയോ അങ്ങോട്ടേക്ക് നോക്കുകയോ വേണ്ട നീ. പോ.. പോയി കഴിച്ചിട്ട് വന്നു കിടക്ക്.”

ഫൈസി വീണ്ടും ഓർമിപ്പിച്ചു.

ക്രിസ്റ്റി ചിരിയോടെ ഒന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

ഫോണിൽ നിന്നും ഫൈസി പോയിട്ടും കാതിൽ അവന്റെയാ സ്നേഹവാക്കുകളുടെ തണുപ്പുണ്ട്.
ഹൃദയവേദനയെ ചികിത്സിക്കാനറിയാവുന്ന അവന്റെ കലിപ്പും ക്രിസ്റ്റിക്ക് വീണ്ടും വീണ്ടും അനുഭവിച്ചറിയാനായി.

നേർത്തൊരു ചിരിയോടെ ഫോൺ ഓഫ് ചെയ്തു അരികിലേക്ക് വെച്ചിട്ട് ഒരു കാൽ മടക്കി ഒന്ന് കൂടി ചുവരിലേക്ക് ചാരി വീണ്ടും അവനാ ഇരുട്ടിലേക്ക് നോക്കി.

ഇപ്പോഴത് കട്ട പിടിച്ചു കിടന്നു ഭയപെടുത്തുന്നില്ല..

കുഞ്ഞ് കുഞ്ഞ് വെളിച്ചത്തിന്റെ മുത്തുകൾ പോലെ.. സ്നേഹത്തിന്റെ അനവധി മിന്നാ മിനുങ്ങുകൾ പാറി കളിക്കുന്നു.

അത് വരെയും പൊതിഞ്ഞു നിന്നിരുന്ന ഏകാന്തത അപ്പോഴവനെ ഒട്ടും അസ്വസ്ഥത പെടുത്തിയതുമില്ല.

വീണ്ടും അരികിൽ കിടക്കുന്ന ഫോൺ അവനെ വിളിച്ചുണർത്തി.

“മാര്യദക്ക് വന്നിട്ട് വല്ലോം കഴിച്ചേച്ചും പോടാ. ആ നാ…റികൾക്ക് നല്ല ഉശിരുള്ള മറുപടി കൊടുക്കാനുള്ള ആരോഗ്യം വേണ്ടേ?”

താഴെ നിന്നും മറിയാമ്മച്ചിയുടെ പ്രലോഭനം.

ക്രിസ്റ്റി അത് വരെയും ഉള്ളതെല്ലാം മറന്നിട്ടു ഉറക്കെ പൊട്ടി ചിരിച്ചു പോയി.

“എനിക്കെങ്ങും വേണ്ട.. നിങ്ങളുടെയാ ഒണക്ക ചോറ് “

നിലത്തു നിന്നും എഴുന്നേൽക്കുന്നതിനിടെ തന്നെ ക്രിസ്റ്റി പറഞ്ഞു.ആ വിളി കുറച്ചു മുൻപ് തന്നെ അവൻ പ്രതീക്ഷിച്ചിരുന്നു.

എത്ര വൈകിയാലും തന്നെ അത്തായപട്ടിണി കിടക്കാൻ സമ്മതിക്കില്ലെന്ന് അവനറിയാം.

മുകളിലേക്ക് കയറി വരാൻ മറിയമ്മച്ചിക്ക് കഴിയാത്തത് കൊണ്ട് ക്രിസ്റ്റി തന്നെയാണ് അവർക്കൊരു ഫോൺ വാങ്ങിച്ചു കൊടുത്തത്.താഴെ നിന്നും വിളിച്ചു കൂവി മടുത്തു എന്നൊരു പരാതി പിന്നെ പറഞ്ഞു കേട്ടിട്ടില്ല.

“എന്നെയങ്ങോട്ട് വരുത്തണ്ട നീ..”

ഭീക്ഷണിപോലായി പിന്നെ…

“ഇങ്ങോട്ട് വായോ.. നമ്മക്ക് ഇന്നിവിടെ അടിച്ചു പൊളിച്ചങ്ങു കൂടാം.”
ബാൽകണിയുടെ വാതിൽ അടച്ചു കൊണ്ടവൻ മുറിയിലേക്ക് നടന്നു.

“ഈ വയ്യാത്ത കാലും വെച്ച് ഞാനങ്ങോട്ട് വരണോടാ മോനെ..നിനക്കത് ദോഷമേ ചെയ്യൂ. പറഞ്ഞില്ലെന്നു വേണ്ട “മുന്നറിയിപ്പെന്നത് പോലെ 
മറിയാമ്മച്ചി നല്ല ഈണത്തിൽ ചോദിച്ചു.

“ഒരഞ്ചു മിനിറ്റ്.. ഞാനിപ്പോ  വരാം “
കൂടുതൽ അവരെയിട്ട് കളിപ്പിക്കാതെ ക്രിസ്റ്റി ചിരിയോടെ പറഞ്ഞിട്ട് ഫോൺ വെച്ചു.

മുറിയിലേക്ക് കയറി… മുഖമൊന്ന് കഴുകി തുടച്ചു ഒരു മൂളി പാട്ടോടെയാണ് അവൻ താഴേക്ക് ചെന്നത്.

വന്നവരിൽ ഏറെക്കുറെ എല്ലാവരും പോയിരുന്നു.
ബാക്കിയുള്ളവർ ഫുഡ്‌ പായ്ക്ക് ആക്കിയും മറ്റും ഹാളിലൂടെ ചുറ്റി തിരിഞ്ഞു നടക്കുന്നുണ്ട്.

അവരെയൊന്നു നോക്കുകകൂടി ചെയ്യാതെ അവൻ നേരെ അടുക്കളയിലേക്കാണ് ചെന്നത്.

അവിടെയുണ്ടായിരുന്ന ചെറിയൊരു ടേബിളിനരികിൽ അവനെ കാത്തെന്നത് പോലെ മറിയാമ്മച്ചി നിൽപ്പുണ്ട്.

“അപ്പൊ എന്നോടിച്ചിരി ഇഷ്ടമൊക്കെയുണ്ട്. അല്ല്യോ ടാ “
തെളിച്ഛമുള്ളൊരു ചിരിയോടെയവർ ക്രിസ്റ്റിയെ നോക്കി.

“ഏയ്.. ആര് പറഞ്ഞു.. അങ്ങനൊരു നുണ. എനിക്ക് നിങ്ങളെ കാണുന്നത് തന്നെ കലിപ്പാണ് “
ചിരിയോടെ അവരുടെ രണ്ടു കവിളിലും നുള്ളി വലിച്ചു കൊണ്ടാണ് ക്രിസ്റ്റിയത് പറഞ്ഞത്.

“ഓഓഓ.. വച്ചു വിളമ്പി വിളിച്ചു കൂവി കാത്തിരിക്കാൻ ഞാൻ ഉണ്ടായിട്ടാണ് നിനക്കൊരു വിലയില്ലാത്തത്.ഞാനങ്ങു പോയ ആരാ നിനക്ക്?”

അവനാ പറഞ്ഞതൊക്കെ സത്യമെന്നത് പോലെ കരുതിയിട്ടാണ് മറിയമ്മച്ചിയുടെ പരിഭവം.

ക്രിസ്റ്റി ചിരി അമർത്തി കൊണ്ട് അവരെ നോക്കി.

“അതിനിപ്പോ ഇതെല്ലാം നിർത്തി നിങ്ങളെവിടെ പോണ്? എനിക്കറിയാവുന്ന മറിയക്കുട്ടിയുടെ പ്രാണനാഥൻ ഔസേപ് മാപ്പള വടിയായിട്ട് വർഷം കുറേ ആയല്ലോ “
ക്രിസ്റ്റി അവരെ നോക്കി ചിരിച്ചു.

“മരിച്ചവരെ ബഹുമാനിക്കാൻ പഠിക്കെടാ പിശാചെ നീ ആദ്യം “
മറിയാമ്മച്ചി അവന്റെ കയ്യിൽ അമർത്തിയൊരു അടി കൊടുത്തു.

“ഓഓഓ.. ഔസേപ് മാപ്പള വീര ചരമം പ്രാപിച്ചു.. എന്ന് മതിയാകുമോ?”
ക്രിസ്റ്റി കള്ളചിരിയോടെ ചോദിച്ചു.

“നീ അങ്ങനെയെന്നെ കളിയാക്കുകയൊന്നും വേണ്ട എനിക്കൊരു മകനുണ്ടെടാ.. ഞാൻ അവന്റെ അരികിലേക്ക് പോകും “

മറിയാമ്മച്ചി അവന് ചോറ് വിളമ്പി കൊണ്ട് പറഞ്ഞു.

“ഉവ്വാ. പോകും. മോൻ കുറേ കൊണ്ട് പോകും. അവനിങ്ങ് വരട്ടെ..അടിച്ചൊടിക്കും ഞാനവന്റെ കാല്. അപ്പനില്ലാഞ്ഞിട്ടും പൊന്ന് പോലെ വളർത്തിയ അമ്മച്ചിയെ മറന്നിട്ട് ലണ്ടനിൽ നഴ്സ് കെട്ട്യോളുടെ മണം പിടിച്ചു.. ആഡംബരത്തോടെ ജീവിക്കാൻ പോയ നാ..റിയല്ലേ ഈ പരട്ട മോൻ….”

ക്രിസ്റ്റി രോഷത്തോടെ വിളിച്ചു പറഞ്ഞത് കേട്ട് അവരുടെ മുഖം വാടി.

“അവനിങ്ങ് വരട്ടെ മറിയാമ്മച്ചി. ലോകം തന്നെ എന്റെ പേരിലേക്ക് എഴുതി തരാമെന്ന് പറഞ്ഞാലും കൊടുക്കുവോ ഞാനെന്റെ ഈ തങ്കകുടത്തിനെ..എനിക്കത്രേം ഇഷ്ടമല്ല്യോ ഈ കലിപ്പത്തിയെ.. ഏഹ് “

അവനേൽപ്പിച്ച വാക്കുകളുടെ മുറിവുണക്കാൻ വേണ്ടി തന്നെയാണ് ക്രിസ്റ്റിയവരുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടങ്ങനെ പറഞ്ഞത്.

പൂനിലാവ് പോലെയാ മുഖം തിളങ്ങി.

“എന്നാ ടേസ്റ്റാ… റെസ്റ്റോറന്റിൽ കിട്ടുവോ ഇമ്മാതിരി മട്ടൻ ബിരിയാണി. നിങ്ങൾ പൊളിയാണ് മറിയാമ്മച്ചി “

സങ്കടങ്ങളുടെ നിലയില്ലാ കയത്തിലേക്ക് മുങ്ങും മുന്നേ ക്രിസ്റ്റിയവരെ പിടിച്ചു വലിച്ച് വാക്കുകൾ കൊണ്ട് അടക്കി പിടിച്ചു.

അതൂടെയായപ്പോൾ മറിയാമ്മച്ചി ഏഴ് തിരിയിട്ട വിളക്ക് പോലെ മിന്നി.

അവർക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ് ആ അംഗീകാരമെന്നതെന്ന് ക്രിസ്റ്റി മനസ്സിലാക്കിയിട്ടുള്ളത് കൊണ്ട് തന്നെ എപ്പോ കഴിക്കാനിരുന്നാലും അവനൊരു നല്ല വാക്ക് അവർക്കായ് കരുതി വെക്കാറുണ്ട്.

“മതിയെടാ മോനെ സുഖിപ്പിച്ചത്. പെട്ടന്ന് കഴിച്ചെഴുന്നേറ്റ് പോയെ നീ.. സമയം പതിനൊന്നു മണിയാവാനായി “

മറിയാമ്മച്ചി ചിരിയോടെ പറഞ്ഞു.

“അതെന്താ.. പതിനൊന്നു മണിക്ക് എങ്ങോട്ടെങ്കിലും ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടോ നിങ്ങള്,ആർക്കെങ്കിലും?”
ക്രിസ്റ്റി കുസൃതിയോടെ ചോദിച്ചു.

“ദേ ചെക്കാ.. മണ്ടക്ക് കിട്ടും കേട്ടോ.. ഇമ്മാതിരി കോനിഷ്ട്ട് പിടിച്ച വർത്താനം പറഞ്ഞാൽ “
മാറിയാമ്മച്ചി കണ്ണുരുട്ടി.

“ഞാനങ്ങു പോയ എന്നാ ചെയ്യുമെടാ നീ?”

മറിയാമ്മച്ചി വീണ്ടും അവനെ നോക്കി.

“ഓഓഓ.. ഞാനെന്ന ചെയ്യാനാ. നല്ലൊരു പെങ്കൊച്ചിനെ കണ്ടു പിടിച്ചങ്ങു മിന്ന് കെട്ടി കൂടെ കൂട്ടും.അത്ര തന്നെ. പോവേണ്ടവർക്ക് പോകാം “

ആസ്വദിച്ചു കുഴച്ചുരുട്ടി കഴിക്കുന്നതിനിടെ ക്രിസ്റ്റി ഭാവഭേധമൊന്നുമില്ലാതെ തന്നെ പറഞ്ഞു.

“നടക്കും. നിന്നെ തന്നെ കാണുന്നത് ഇവിടുത്തെ തമ്പ്രാക്കൾക്ക് ചെകുത്താൻ കുരിശ് കാണുന്നത് പോലാ. അപ്പഴാ ഇനിയൊരു പെണ്ണിനെ കൂടി. ചുമ്മാ വിടുവാ പറയാതെ എഴുന്നേറ്റു പോടാ നീ “
മറിയാമ്മച്ചി അവനെ പുച്ഛത്തോടെ നോക്കി.

“ആഹാ… ക്രിസ്റ്റിയുടെ പെണ്ണിനെ തൊടാൻ ധൈര്യമുള്ളവരൊന്നും കുന്നേൽ തറവാട്ടിൽ വാഴുകേല മറിയകുട്ടി ..”
അവനൊരു ഈണത്തിൽ പറഞ്ഞു.

മറിയാമ്മച്ചി അത് കേട്ടൊന്ന് ചിരിക്കുക മാത്രം ചെയ്തു.

“നിങ്ങള് ഭക്ഷണം കഴിച്ചില്ലേ?”

ക്രിസ്റ്റി അവരെ നോക്കി.

“ഞാൻ കഴിച്ചു. ഇവിടെല്ലാരും കഴിച്ചു.. ഡെയ്സി കുഞ്ഞൊഴികെ… “

തെല്ലൊരു സങ്കടത്തോടെ മറിയാമ്മച്ചിയത് പറഞ്ഞതോടെ ക്രിസ്റ്റിയുടെ കൈകൾ നിശ്ചലമായി.

അത് വരെയും കളി പറഞ്ഞവനെ മുഖത്തെ തെളിച്ചം മാഞ്ഞു.

കൈ കുടഞ്ഞു കൊണ്ടവൻ കഴിക്കുന്നത് നിർത്തി എഴുന്നേറ്റു.

“ഇരിയെടാ അവിടെ. നീ കഴിച്ചെല്ലെന്ന ഒറ്റ കാരണം കൊണ്ടാ ആ പാവം ഒന്നും കഴിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി നടന്നത് “

മറിയാമ്മച്ചി അവനെ അവിടെ പിടിച്ചിരുത്തി കൊണ്ട് ഒച്ചയിട്ടു.

അവനൊന്നും മിണ്ടാതെ തല കുനിച്ചു.

“ചങ്കീ… നിറയെ സ്നേഹം കൊണ്ട് നടപ്പാ തള്ളയും മോനും. എന്നാ അതൊട്ട് തുറന്ന് പറയുവോ.. അതും ചെയ്യത്തില്ല. ഇതിനിടയിൽ ഇനിയെത്ര കാലം നീറണമാവോ കർത്താവേ..”

കൈകൾ മേലേക്കുയർത്തി മറിയാമ്മച്ചിയുടെ ആത്മഗതം 

“അവിടെ ഇരുന്നത് മുഴുവനും കഴിക്കാതെ എണീറ്റാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലി ഓടിക്കും.പറഞ്ഞില്ലെന്നു വേണ്ട.ഞാൻ പോയി വിളിച്ചിട്ട് വരാം നിന്റെ അമ്മയെ “

ക്രിസ്റ്റിയേ നോക്കി പറഞ്ഞു കൊണ്ട് മറിയാമ്മച്ചി അടുക്കളയിൽ നിന്നും നടന്നു.

എന്നിട്ടും ക്രിസ്റ്റിക്ക് പിന്നെയത് കഴിക്കാൻ തോന്നിയില്ല..
അഞ്ചു മിനിറ്റ് കൊണ്ട് തന്നെ മറിയാമ്മച്ചി തിരികെ വരുമ്പോൾ ആ കൂടെ ഡെയ്സിയുമുണ്ടായിരുന്നു.

ക്രിസ്റ്റി കഴിക്കുന്നത് കണ്ടതും അവരുടെ മുഖം തിളങ്ങി.

“അങ്ങോട്ട് തന്നെ ഇരുന്നോ ഞാൻ പ്ളേറ്റ് എടുക്കട്ടെ “
ക്രിസ്റ്റിക്ക് അരികിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് മറിയാമ്മച്ചി പ്ളേറ്റ് എടുക്കാൻ തിരിഞ്ഞു.

ചോറിന്റെ പാത്രം അവർക്കെന്നത് പോലെ നീക്കി വെച്ചു കൊടുത്തിട്ടാണ് ക്രിസ്റ്റി എഴുന്നേറ്റത്.

അടുക്കള വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്ന അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.

                            ❣️❣️❣️

ഷീറ്റ് പുരയിലെ തേക്കാത്ത ചുവരിലേക്ക് ചാരിയിരുന്നിട്ടും പാത്തുവിന്റെ കിതപ്പ് മാറിയിരുന്നില്ല.

ഷാള് കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു കൊണ്ടവൾ ശബ്ദമമർത്തി ശ്വാസമെടുത്തു.

ആരെങ്കിലും കേൾക്കുമോ എന്നവൾ പേടിച്ചിരുന്നു.

വലിയൊരു ദുരന്തത്തിൽ നിന്നും തല നാഴിരക്കാണ് രക്ഷപെട്ടു പോന്നത്.
അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു പുറത്തേക്ക് ചേർത്ത് ചാരി വെച്ച് കൊണ്ട് ഇറങ്ങി ഓടുമ്പോൾ ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല.

എങ്ങോട്ടെന്ന് പോലും അറിയാതെ ഇന്നലെ ഇറങ്ങി ഓടിയാ നടവഴിയിൽ കൂടി ഈ വെളിച്ചം ലക്ഷ്യമാക്കി ഓടുമ്പോൾ… കരിയിലകളിൽ മൂടി കിടന്നിരുന്ന കൂർത്ത കല്ലുകൾ കുത്തി കാലിനടിയിൽ മുറിവുകൾ തീർത്തിരുന്നു.പലപ്പോഴും റബ്ബർ മരങ്ങളുടെ വലിയ വേരുകളിൽ തടഞ്ഞ് വീഴാനാഞ്ഞു.

എന്നിട്ടും ഓടിയത് ജീവനെ പേടിച്ചിട്ടല്ല. ജീവിച്ചിരിക്കാനുള്ള കൊതികൊണ്ടുമല്ല.

മാനം കെട്ട് ജീവിച്ചിരിക്കില്ലെന്നുള്ള വാശി കൊണ്ടാണ്.

നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചിട്ട് അവൾ ചുറ്റും നോക്കി..

പതിവില്ലാതെ വലിയ ശബ്ദത്തിൽ അടുത്ത് നിന്നുള്ളൊരു നായയുടെ കുര അസഹ്യമെന്നത് പോലെ അവളെയാകെ ഭയപ്പെടുത്തി അവിടെയൊന്നാകെ മുഴങ്ങി കൊണ്ടിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button