യെസ് യുവർ ഓണർ: ഭാഗം 8
[ad_1]
രചന: മുകിലിൻ തൂലിക
” നീ അടങ്ങിയൊതുങ്ങി എന്റെ ഇഷ്ടങ്ങൾക്ക് നിന്ന് തന്നാൽ ഒരു പൂ പറിക്കും ലാഘവത്തോടെ എല്ലാം കഴിയും.. അല്ലെങ്കിൽ കടിച്ച് കുടയും ഞാൻ,. എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ വാടി ഇവിടെ” പരുന്ത് കല്ല്യാണിയുടെ കയ്യിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു.. കല്ല്യാണിയുടെ കൈകൾ ഇരുവശത്തേക്കും ബലമായി പിടിച്ച് വച്ച് പരുന്ത് ആർത്തിയോടെ അവളിലെ പെണ്ണിനെ കൊത്തി പറിക്കാൻ ശ്രമിക്കുമ്പോഴാണ് വലിയൊരു ശബ്ദത്തോടെ ഇരുമ്പഴി വാതിൽ തകർന്ന് വീണത്..
പരുന്ത് ഞെട്ടലോടെ കല്ല്യാണിയിൽ നിന്ന് അകന്ന് മാറി.. മങ്ങിയ മഞ്ഞ വെട്ടത്തിലൂടെ അവിടേക്ക് നടന്നെത്തിയ ആ രൂപം വെളിച്ചത്തിലേക്കെത്തിയതും പരുന്തിന്റെ മുഖം വലിഞ്ഞു മുറുകി.. കല്ല്യാണിയിൽ ആ രൂപം അവിശ്വാസത്തിന്റെ നിഴലുകളാണ് വീഴ്ത്തിയത്.. പക്ഷേ കണ്ണുകളിൽ ആശ്വാസത്തിന്റെ വിത്ത് പാകിയിരുന്നു.. വിറപ്പൂണ്ട അവളുടെ ചുണ്ടുകൾ ആ പേര് വിളിച്ചു.. ” സായന്ത് ” “എന്താണ് വക്കീൽ സാറേ.. കറക്റ്റ് ടൈമിൽ വന്ന് എന്റെ അത്താഴം മുടക്കിയല്ലോ..”
പരുന്ത് ഈർഷ്യയോടെ പറഞ്ഞു “എന്റെ വരവ് നിനക്കത്ര സുഖിച്ചില്ലെന്ന് അറിയാം.. എങ്കിലും വരേണ്ടത് എന്റെ ആവശ്യമായി പോയല്ലോ.. ” സായന്ത് കല്ല്യാണിയെ നോക്കിക്കൊണ്ട് തന്റെ കയ്യിലെ വാച്ച് ഊരി പോക്കറ്റിൽ തിരുകി “എന്ത് ആവിശ്യം.. എന്ത് ആവിശ്യം ആണെങ്കിലും ഇത് കഴിഞ്ഞ് ” പരുന്തിന്റെ മുഖത്ത് ദേഷ്യം.. കല്ല്യാണിക്ക് സായന്തിന്റെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന പൊരുൾ മനസ്സിലായില്ല.. ഇനി ഒരു പക്ഷേ ഇവനും.. എന്നെ.. നെഞ്ചിലൊരു വേദന പോലെ..
അവൾ കൈകളാൽ നെഞ്ച് പൊത്തിപ്പിടിച്ചു.. “എനിക്ക് പരാതിയില്ല സുഗുണാ..പരാതി പിൻവലിച്ചാൽ പ്രതിയെ വിട്ടയക്കണമല്ലോ.. അത് കൊണ്ട് അവളെ അങ്ങ് വിട്ടേര്..കൂട്ടി കൊണ്ട് പോകാനാ ഞാൻ വന്നത്..” സായന്ത് ഷർട്ടിന്റെ കൈ മടക്ക് അഴിച്ച് “ഓ… എന്തോ.. എങ്ങനെ.. അപ്പോ ഇതിനാണ് സാറിൻറെ ഈ വരവ് അല്ലേ.. വന്നപോലെ തിരിച്ചു പോയിക്കോ.. അല്ലെങ്കിൽ പുറത്ത് കുറച്ച് നേരം കാവലിരിക്ക് ഞാനിതൊന്ന് തീർക്കട്ടെ… എന്റെ ഒരുപാട് കാലത്തെ കൊതിയാണ്.. “
പരുന്ത് കല്ല്യാണിയിലേക്ക് തിരിഞ്ഞ് അവളുടെ കയ്യിൽ പിടിച്ചതും.. “വിടെടാ അവളെ”.. സായന്ത് ചീറി സായന്തിന്റെ ശബ്ദം ഉയർന്നതും പരുന്ത് ഞെട്ടി കല്ല്യാണിയെ വിട്ട് അവന് നേരെ തിരിഞ്ഞു “ഓഹ് സാറപ്പോ രണ്ടും കൽപ്പിച്ചാണ്.. എനിക്ക് എന്തായാലും ഇവളെ കിട്ടിയേ പറ്റൂ.. അപ്പോ ഒരു കയ്യ് തന്നെ നോക്കി കളയാം.. ” പരുന്ത് ഒരു പാൻമസാല കവർ കീറി വായിലിട്ടു ചവച്ചു.. “അതേടാ.. ഒരു കയ്യ് മാത്രമല്ല.. നിന്റെ പതിനാറിന് കൽപ്പിച്ച് കൂട്ടിയാണ് ഞാൻ വന്നത്.. “
” നീ തന്നെയല്ലേടാ വക്കീലേ അവളെ കള്ളിയാണെന്ന് പറഞ്ഞ് പിടിച്ച് തന്നെ.. എന്നിട്ടിപ്പോൾ രക്ഷിക്കാൻ വന്നിരിക്കേ” പരുന്തിന്റെ വർത്തമാനം സായന്തിന്റെ ഞെരമ്പുകൾ വലിച്ച് മുറുകി “അതേ.. രക്ഷിക്കാൻ തന്നെയാണ്.. എനിക്ക് ഇവളോട് ദേഷ്യം ഉണ്ട്.. ഇവളോടുള്ള പക കൊണ്ട് ചെയ്യാൻ പാടില്ലാത്ത ഒന്ന് ഞാൻ ചെയ്തു, അവളിൽ നോട്ടമുള്ള നിന്റെ കൂടെ ഇവളെ വിട്ടത്… അത് വലിയ തെറ്റായി പോയെന്ന് പിന്നീടാണ് എനിക്ക് ബോധ്യമായത്..” കല്ല്യാണിയെ നോക്കി കൊണ്ടാണ് അവനത് പറഞ്ഞത്
“ഓഹ് സാറപ്പോ തെറ്റ് തിരുത്താൻ വന്നതാണ്.. ” പരുന്ത് വായിലെ പാൻമസാല അമർത്തി ചവച്ചു “അതേടാ..പെണ്ണിന്റെ മാനം എനിക്ക് വലുതാണെടാ.. കാരണം നിയമത്തിന്റെ കറുത്ത കുപ്പായമിട്ട് നിന്നെപ്പോലുള്ള വേട്ടപ്പട്ടികൾ കടിച്ച് കീറിയ ഒരുപാട് പെൺകുട്ടികൾക്ക് നീതി വാങ്ങി കൊടുത്തവനാ ഈ സായന്ത് .. അതിലുപരി ഞാനൊരു ആങ്ങളയാണ്.. ഒരു അമ്മയുടെ മകനാണ്.. ആ എന്റെ കൈകൊണ്ട് അത്തരം ഒരു തെറ്റിന് വഴി വെട്ടാൻ പാടുണ്ടോ സുഗുണാ..
തെറ്റെന്ന് മനസ്സിലാക്കീയാൽ അത് തിരുത്തണ്ടേ.. ഈ സായന്തിന്റെ ശീലവും അതാണ്..അതല്ലേ അതിന്റെ ഒരു ശരി..” സായന്ത് തന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിക്കാൻ തുടങ്ങി കല്ല്യാണി അവരെ രണ്ടാളേയും മാറി മാറി നോക്കി വിറങ്ങലിച്ചു ഇരിപ്പുണ്ട്.. അവൻ ഷർട്ട് അഴിച്ച് അവൾക്കരികിലേക്ക് എറിഞ്ഞു.. കല്ല്യാണി അതെടുക്കാൻ കൈ നീട്ടിയതും അവളിലൊരു വെറുപ്പ് പടർന്നുകയറി കൈ പിന്വലിച്ചു.. സായന്ത് അവളെ ദേഷ്യത്തോടെ നോക്കി ” അതെടുത്ത് ഇടടീ”
അവനെ തന്നെ ഉറ്റു നോക്കി കല്ല്യാണി വേഗത്തിൽ അതെടുത്തിട്ട് ഒരു മൂലയിലേക്ക് നീങ്ങിയിരുന്നു.. സായന്തിന്റെ ശ്രദ്ധ കല്ല്യാണിയിലേക്ക് മാറിയ നിമിഷം മുതലെടുത്ത് പരുന്ത് അവനെ ആഞ്ഞ് ചവിട്ടി.. അവൻ അടി തെറ്റി ചുമരിൽ തട്ടി നിലത്ത് വീണു.. ആ ആഘാതത്തിൽ അവന്റെ ചുണ്ടൊന്ന് മുറിഞ്ഞ് രക്തം കിനിയുന്നുണ്ട്… സായന്ത് നിലത്ത് നിന്ന് എണീറ്റ്.. കൈയൊന്ന് തട്ടി കുടഞ്ഞു പുറം കയ്യാൽ ചുണ്ടിലെ ചോര തുടച്ച് വായിൽ കിനിയുന്ന രക്തം തുപ്പി പരുന്തിനെ നോക്കി..
അയാൾ മുഷ്ടി ചുഴറ്റി കഴുത്തൊന്നു കറക്കി പൊട്ടിച്ചു.. ആ നിമഷം സായന്ത് പരുന്തിന്റെ നെഞ്ച് കലങ്ങും വിധത്തിൽ ആഞ്ഞ് ചവിട്ടി.. പിന്നെ അവിടെ നടന്നത് അതികായന്മാരുടെ യുദ്ധമായിരുന്നു.. സായന്ത് പരുന്തിന്റെ തല ഇടത്ത് കൈയുടെ ഉള്ളിലൂടെ അമർത്തിപ്പിടിച്ച് വലത് കയ്യാൽ നെഞ്ചിൽ ആഞ്ഞിടിക്കുന്നുണ്ട്.. പരുന്ത് രക്തം തുപ്പി തുടങ്ങി.. കല്ല്യാണി ഭയത്താൽ കണ്ണുകൾ ഇറുകെ അടച്ച് ചെവി പൊത്തി ഇരിക്കുന്നുണ്ട്.. സായന്ത് അയാളെ ഊക്കോടെ പുറകിലേക്ക് തള്ളി നെഞ്ചിൽ ചവിട്ടി കല്ല്യാണിയേയും വലിച്ച് പുറത്തേക്ക് ഓടി..
അവൾ അവന്റെ പ്രവർത്തി നടുങ്ങി തീക്കനൽ പോൽ ചുവന്ന അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഭയത്താൽ വിറയ്ക്കുന്ന കാലുകൾ വലിച്ച് ഓടുന്നുണ്ട്.. സായന്ത് തിരിഞ്ഞു നോക്കുമ്പോൾ പരുന്ത് വേച്ച് എണീറ്റ് തന്റെ റിവോൾവർ എടുക്കുന്നത് കണ്ടു… അവൻ കാറിനടുത്ത് എത്തിയതും ഡോർ തുറന്ന് കല്ല്യാണിയെ അതിലേക്ക് തള്ളി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാറെടുത്തു.. മിററിലൂടെ നോക്കിയപ്പോൾ പരുന്ത് റിവോൾവറുമായി ജീപ്പുമെടുത്ത് അവരുടെ പുറകിലൂടെ തന്നെയുണ്ട്..
സായന്ത് അതിവേഗം വിദഗ്ധമായി വണ്ടിയോടിച്ചു.. മെയിൻ റോഡ് തിരിഞ്ഞു എങ്ങോട്ടെന്ന് അറിയാതെ കാർ ഒരു കാട്ട് വഴിയിലേക്ക് കയറി ഒരുപാട് ദൂരം പിന്നിട്ടിരുന്നു.. പരുന്ത് പുറകിൽ വരുന്നുണ്ടോന്ന് അറിയാൻ അവൻ തിരിഞ്ഞു നോക്കി..ആ നിമഷം എതിരെ വന്ന വണ്ടി അവന്റെ ശ്രദ്ധയിൽ പെട്ടില്ല.. പെട്ടെന്ന് വണ്ടി വെട്ടിച്ചതും കാർ തെന്നിമാറി കാട്ടിലേക്ക് കയറി വലിയൊരു മരത്തിൽ ഇടിച്ചു നിന്നു.. ഇടിച്ച ആഘാതത്തിൽ കല്ല്യാണിയുടെ തല ശക്തമായി ഇടിച്ചു..
അവൾ വേദനയോടെ തല പൊത്തിപ്പിടിച്ചു… സായന്ത് വണ്ടി ഒരുപാട് നേരം റിവേഴ്സ് എടുക്കാൻ നോക്കി.. പക്ഷേ വണ്ടി എവിടെയോ കുടുങ്ങി കിടക്കുകയാണ്.. അവൻ ദേഷ്യത്തോടെ വണ്ടിയുടെ സ്റ്റിയറിങ്ങിൽ ആഞ്ഞ് ഇടിച്ചതും ഹോൺ ഉച്ചത്തിൽ മുഴങ്ങി.. അബദ്ധം പറ്റിയത് പോലെ തലകുടഞ്ഞ് സായന്ത് വണ്ടിയിൽ നിന്ന് ഇറങ്ങി റോഡിലേക്ക് നോക്കി.. പരുന്ത് പിന്നാലെ പറന്നെത്തിയിരിക്കുന്നു.. സായന്തിന്റെ വണ്ടിയുടെ ഹോൺ ശബ്ദം കേട്ടതോടെ അയാൾ വണ്ടി നിർത്തി അവരുടെ വണ്ടി പോയ വഴിയെ തോക്കും ടോർച്ചുമായി ഓടി വരുന്നുണ്ട്.. സായന്ത് കല്ല്യാണിയേയും വലിച്ച് ഉൾക്കാട്ടിലേക്ക് ഓടി..
കുറച്ചു ദൂരം ചെന്നതും കല്ല്യാണി അവന്റെ കയ്യിൽ ആഞ്ഞടിച്ച് ” എന്നെ വിട്.. നിങ്ങൾ എന്നെ രക്ഷിക്കണ്ട” സായന്ത് തിരിഞ്ഞു നോക്കി ദേഷ്യത്തോടെ ചൂണ്ടുവിരൽ ഉയർത്തി മറുപടി പറയാൻ തുനിഞ്ഞതും അവർക്ക് അരികിലേക്ക് പാഞ്ഞ് എത്തുന്ന പരുന്തിനെ കാണുന്നത്.. അവൻ കല്ല്യാണിയുടെ വായ പൊത്തിപ്പിടിച്ച് അടുത്ത് കണ്ട പൊന്തക്കാട്ടിൽ ഒളിച്ചു.. പരുന്ത് അവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.. കല്ല്യാണി സായന്തിന്റെ പിടി വിടുവിക്കാൻ കുതറുന്നുണ്ട്
“അടങ്ങി ഇരിയെടി.. ഇല്ലെങ്കിൽ മൂക്കിന് കുത്തും ഞാൻ..” അവൻ മുഷ്ടി ചുരുട്ടി കാണിച്ച് പൊന്തക്കാടിനിടയിലൂടെ പരുന്തിനെ നോക്കുന്നുണ്ട്.. കല്ല്യാണി ശ്വാസം അടക്കിപ്പിടിച്ച് പിടയ്ക്കുന്ന കണ്ണുകളാലേ അവനെ നോക്കി കൊണ്ടിരുന്നു.. പരുന്ത് അവിടെമാകെ തിരച്ചിൽ നടത്തി നീങ്ങി നീങ്ങി പോകുന്നത് കണ്ട് സായന്ത് തൽക്കാല ഒളിവിടത്തിൽ നിന്നും പുറത്തേക്കിറങ്ങി.. കൂടെ കല്ല്യാണിയെ വലിച്ചു.. അവൾ പാറപോലെ ഉറച്ച് നിൽക്കാണ്..
അവൾ വരുന്നില്ലെന്ന് കണ്ടപ്പോൾ സായന്ത് തിരിഞ്ഞു നോക്കി ” ഞാനില്ല നിങ്ങളുടെ കൂടെ.. വഞ്ചകനാ നിങ്ങൾ.. നിങ്ങൾ രക്ഷിക്കുന്നതിലും നല്ലത് അയാളുടെ കൈകൊണ്ട് മരിക്കുന്നതാ” “എങ്കിൽ ചെല്ലെടി അങ്ങോട്ട് പോയി അയാളുടെ വെടി കൊണ്ട് നെഞ്ചിൽ തുളയുമായിട്ട് വാടി..” സായന്തിന് ദേഷ്യം വന്നു.. കല്ല്യാണി അവനെ വെറുപ്പോടെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി “നിൽക്കെടി എരുമേ.. നീ ഈ രാത്രി എവിടേക്കാ.. “
“എനിക്ക് പിള്ളേരുടെ അടുത്ത് പോകണം..” കല്ല്യാണി നടന്ന് കൊണ്ട് തിരിഞ്ഞു നോക്കാതെ മറുപടീ പറഞ്ഞു.. സായന്ത് അവളെ പിടിച്ചു നിർത്തി പരുന്ത് വരുന്നുണ്ടോന്ന് ചുറ്റും നിരീക്ഷിച്ച് ” എനിക്ക് നിന്നോട് പ്രേമം മൂത്തിട്ടൊന്നും അല്ലടി എരുമേ നീന്നെ അവന്റെ കയ്യിൽ നിന്ന് രക്ഷിച്ചത്.. രണ്ടേ രണ്ട് കാര്യങ്ങൾ ഓർത്തിട്ടാണ്” “ഓ.. ഇതിലും നിങ്ങൾക്ക് രണ്ട് കാര്യം ഉണ്ടോ.. രണ്ട് സൻപ്രൈസുകളോടെ എന്റെ ജീവിതം തകർന്നു..” അവളുടെ മുഖത്ത് പുച്ഛം
“അത് നിനക്ക് അറിഞ്ഞ് തന്നതാണ് ഈ സായന്തിനെ ശരിക്കും മനസ്സിലാക്കാൻ.. പിന്നെ പറയാൻ വന്ന കാര്യങ്ങളിൽ ഒന്ന്, ഞാൻ പരുന്തിനോട് പറഞ്ഞത് നീ കേട്ട് കാണും.. എനിക്കും ഒരു പെങ്ങളുണ്ട്.. പെണ്ണിന്റെ മാനത്തിന്റെ വില എനിക്കും അറിയാമെടി” “പക്ഷേ നിങ്ങൾക്ക് ഒരു പെണ്ണിന്റെ സ്നേഹത്തിൻറെ വില അറിയില്ല.. അതിന്റെ ആഴവും പരിശുദ്ധിയും അറിയില്ല.. സ്നേഹിച്ച് വഞ്ചിക്കാനെ അറിയൊള്ളൂ.. നീചൻ” കല്ല്യാണിയും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു..
“അതേടി ഞാൻ നീചനാടി.. എനിക്ക് അതിന് ഒരു കുഴപ്പവുമില്ലാടി എരുമേ.. പിന്നെ ഇപ്പോ ഈ അഹങ്കാരം കാട്ടി പിടച്ചുള്ള നിന്റെയീ പോക്ക് പിള്ളേരുടെ അടുത്തേക്ക് ആണേൽ പൊയിക്കോ.. അവർ സായുന്റെ അടുത്ത് ഭദ്രമായി ഇരിപ്പുണ്ട്.. നിന്നോട് മാത്രേ എനിക്ക് വെറുപ്പൊള്ളൂ.. ആ പിള്ളേര് എനിക്ക് പ്രിയപ്പെട്ടതാണ്” കല്ല്യാണി അവന്റെ വാക്കുകളെ വിശ്വസിക്കാനാകാതെ മൊട്ടക്കണ്ണ് വിടർത്തി തിരിഞ്ഞു നോക്കി..
ഇവനെ ഏത് ഗണത്തിൽ പെടുത്തും.. അസുരഗണത്തിലോ ദേവഗണത്തിലോ.. രണ്ടും കൂടി ചേർന്നൊരു “ദേവാസുരൻ” തന്നെ.. അവൾ അവന്റെ മുഖത്ത് തന്നെ തുറിച്ച് നോക്കി നിൽക്കുമ്പോഴാണ് അവന്റെ നെറ്റി മുറിഞ്ഞ് ചോര ഒലിക്കുന്നത് ശ്രദ്ധിക്കുന്നത്.. ഒരു വിങ്ങൽ അവളുടെ ഉള്ളിൽ ഇല്ലാതെയിരുന്നില്ല.. ഷർട്ട് ഇടാത്തതിനാൽ പരുന്തുമായി നടന്ന സംഘടനത്തിൽ പറ്റിയ മുറിവുകൾ എല്ലാം നല്ല വ്യക്തമായി കാണുന്നുണ്ട്..
കല്ല്യാണി അവയിലൂടെ എല്ലാം അവളുടെ കണ്ണുകൾ ഓടിച്ചു.. “പോടി നീ പോ.. എന്റെ കൂടെ വരാൻ അല്ലേ നിനക്ക് ബുദ്ധിമുട്ട്.. ആ പരുന്തിന്റെ പരുന്തും കാലേൽ പോടി.. അല്ലേൽ ഇവിടെ നിൽക്ക് കൊടുങ്കാടാണ് ചുറ്റും, വല്ല കുറുനരിക്കോ ചെന്നായക്കോ ഒരു നേരത്തെ ആഹാരം ആയിക്കോളും.. ജീവൻ പണയം വെച്ച് നിൽക്കുമ്പോഴാ അവളുടെ ഒരു റിവഞ്ചെടുക്കൽ.. എരുമ” സായന്ത് അവളെ വഴക്ക് പറഞ്ഞ് മുന്നോട്ട് നടന്നു.. അവന്റെ കൂടെ പോകാൻ മടിച്ച് കല്ല്യാണി ചുറ്റും കണ്ണോടിച്ചു നിന്നു..
കൂറ്റാകൂറ്റിരുട്ടാണ്.. ഓടി വന്നപ്പോൾ ഉണ്ടായിരുന്ന ചന്ദ്രന്റെ വെള്ളി വെട്ടം ഇപ്പോഴില്ല.. അവൾക്ക് വല്ലാതെ പേടി തോന്നി.. സായന്ത് നടന്ന് ഉൾക്കാട്ടിലേക്ക് അകലുന്ന ശബ്ദം അവളുടെ കാതുകളിൽ നേർത്ത് വന്നു.. കല്ല്യാണി വർധിച്ച നെഞ്ചിടിപ്പോടെ വിറയ്ക്കുന്ന കാലുകളാൽ നിന്നതും കാർമേഘം നീങ്ങി ചന്ദ്രൻ മാനത്ത് തെളിഞ്ഞത് കണ്ട് കുറുനരികൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി.. കല്ല്യാണി പേടിച്ച് മൊട്ട കണ്ണ് തുറുപ്പിച്ച് സായന്ത് പോയ വഴിയെ അവന്റെ പുറകെ ഓടി..
അവന്റെ അടുത്ത് എത്തിയതും ഓട്ടം നിർത്തി കിതപ്പോടെ പതിയെ നടക്കാൻ ആരംഭിച്ചു.. അവൾ തനിക്ക് പുറകിലുണ്ടെന്ന് മനസ്സിലായതും അവന്റെ ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞു.. അവളെ പതിയെ തിരിഞ്ഞു നോക്കി അവൻ നടപ്പാരംഭിച്ചു.. സായന്തിന്റെ വേഗതയ്ക്കൊപ്പം നടന്നു നീങ്ങാൻ അവൾക്ക് സാധിക്കുന്നില്ല.. പോരാതെ പാദം വരെ നീണ്ടു കിടക്കുന്ന അണ്ടർ സ്കേർട്ട് വള്ളിപടർപ്പുകളിൽ കൊരുത്ത് വലിച്ച് നടക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ട്..
ഇടയ്ക്ക് കല്ലിൽ തട്ടി വീഴാൻ പോയതും കയറിപ്പിടിച്ചത് സായന്തിന്റെ കയ്യിലാണ്.. ആ പിടുത്തതിന്റെ ഈണം കൂടിയപ്പോൾ അവളുടെ നീണ്ട നഖങ്ങൾ അവന്റെ കൈയിൽ ആഴത്തിൽ ഇറങ്ങി.. “ആ… നീ എരുമയ്ക്ക് പൂച്ചയിൽ ഉണ്ടായതാണോടി എന്ത് മാന്താ മാന്തിയത്” സായന്ത് വേദനയോടെ കൈ കുടഞ്ഞു.. കല്ല്യാണിക്ക് ചിരി വന്നെങ്കിലും അവനെ കൂർപ്പിച്ചു നോക്കി പാവാടെയും പൊക്കി പിടിച്ച് മുമ്പിലേക്ക് നടന്നു..
“എവിടേയ്ക്കാ കൊച്ചമ്മ.. നടപ്പ് കണ്ടാൽ അവൾടെ തറവാട് വീട്ടിൽ പോകുന്നത് പോലെയാണ്.. എന്റെ പിന്നാലെ വാ.” സായന്ത് അവളെ വലിച്ച് നിർത്തി മുൻമ്പിലേക്ക് കയറി നടന്നു.. കല്ല്യാണി അവളിട്ടിരിക്കുന്ന അവന്റെ ഷർട്ടിന്റെ കൈ വലിച്ച് ദേഷ്യത്തോടെ പിറുപിറുത്ത് അവന്റെ കുടുംബ പരമ്പരയെ മൊത്തം തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നുണ്ട്.. സായന്ത് തിരിഞ്ഞു നോക്കിയതും അവളത് നിർത്തി തലകുനിച്ചു..
അവളെ അടിമുടി നോക്കിയവൻ നടപ്പ് തുടർന്നു… നടക്കുന്നതിനിടയിൽ ചുറ്റും നോക്കുന്നുണ്ട്… ഈ രാത്രി കഴിച്ചു കൂട്ടാൻ ഒരു ഇടം തപ്പുകയാണ്.. തിരിച്ചു കാറിലേക്ക് പോകാൻ സാധിക്കില്ല.. പരുന്ത് അവിടെ റാഞ്ചി പറക്കുന്നുണ്ടാകും.. മാനത്തെ അമ്പളി അവർക്കൊപ്പം കൂടിയിരിക്കുന്നത് കൊണ്ട് ആ വെട്ടത്തിൽ വലിയ തെറ്റില്ലാതെ ചുറ്റും ഉള്ളത് കാണുന്നുണ്ട്.. അവൻ വലിയൊരു മരത്തിന് മുന്പിൽ തന്റെ നടപ്പ് അവസാനിപ്പിച്ച് എളിയിൽ കൈകുത്തി താടി തടവി നിന്ന് മരം ആകെയൊന്ന് നിരീക്ഷിച്ചു..
കല്ല്യാണിയും ആ മരത്തിലേക്ക് നോക്കുന്നുണ്ട്.. കുളത്തിലേക്ക് ചാഞ്ഞു നിന്നിരുന്ന ആ മരത്തിൽ കയറാൻ ബുദ്ധിമുട്ടാണ്.. കയറി കിട്ടിയാൽ ഇതിലും സുരക്ഷിതമായ ഒരിടം ഇല്ല.. “ഈ രാത്രി ഇവിടെ കഴിച്ച് കൂട്ടാം..” അതും പറഞ്ഞ് സായന്ത് ഏന്തി വലിഞ്ഞ് മരത്തിൽ കയറി താഴത്തെ ശിഖിരത്തിൽ നിലയുറപ്പിച്ച് കല്ല്യാണി ക്ക് പിടിച്ചു കയറാനായി തന്റെ കൈ നീട്ടി.. ” ഞാനില്ല.. തന്റെ കൂടെ വരുന്നതിലും നല്ലത് ഇവിടെ ഇരുന്ന് വല്ല പുലിയും പിടിച്ച് ചാകുന്നതാണ്”
അവൾ കൈ രണ്ടും കെട്ടി മുഖം വെട്ടിച്ചു.. “ഓഹ്.. എരുമേടെ അഹങ്കാരം.. ആയിക്കോട്ടെ” സായന്ത് വലിയൊരു ശിഖിരത്തിലേക്ക് കിടന്ന് കാലിന്മേൽ കാൽ കയറ്റി വെച്ച് നെറ്റിയിൽ കൈ എടുത്ത് വച്ച് ഉറങ്ങാൻ.. കല്ല്യാണി മരത്തിന് താഴെ ഇരുന്ന് പേടിയോടെ ചുറ്റും നോക്കി.. കുറേയേറെ സമയത്തിന് ശേഷം കാട് തന്റെ ഭീകര ഭാവം പുറത്തെടുക്കാൻ തുടങ്ങി.. ചിവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം..
ഇരുട്ടിൽ പൊന്തകാടിൽ മറഞ്ഞ് നിന്നിരുന്ന കുറുക്കന്റേയും കാട്ടുപൂച്ചുകളുടെയും കണ്ണുകൾ ചുവന്ന് തിളങ്ങി.. അവ ഇര തേടി ഇറങ്ങി പരസ്പരം കടിച്ചു കീറാൻ ഒരുങ്ങതിന്റെ ഭീകര ശബ്ദങ്ങൾ കേട്ട് കല്ല്യാണിയുടെ ഉള്ളൊന്നു ആന്തി.. ദൂരെ എവിടെയോ ഒറ്റയാന്റെ ചിന്നം വിളി കേട്ടതോടെ കല്ല്യാണി ചാടി എണീറ്റു സായന്തിനെ നോക്കി.. അവൻ മരത്തിൽ കിടന്ന് ഉറക്കമായിരുന്നു.. അവനെ വിളിക്കാൻ മടി തോന്നി..
ഭയം അവളെ കീഴ്പ്പെടുത്തി കഴിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ താഴെ കിടന്ന കല്ലെടുത്ത് സായന്തിനെ ലക്ഷ്യമാക്കി എറിഞ്ഞു.. അത് കൃത്യമായി അവന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു.. “എന്താടി എരുമേ.. മനുഷ്യനെ കല്ലെറിഞ്ഞു താഴേയിട്ട് കൊല്ലോ. ഉറങ്ങാനും സമ്മതിക്കില്ല. നാശം” അവൻ ദേഷ്യത്തോടെ ചോദിച്ചു.. “എ.. എനിക്ക്.. പേടിയാകുന്നു.. എന്നെയും കയറ്റ്..” കല്ല്യാണി നിന്ന് പരുങ്ങി..
“വലിയ ജാൻത്സി റാണി കളിച്ചിട്ട്.. ഉം.. ഇങ്ങ് കയറ്” സായന്ത് താഴെത്ത ചില്ലയിലേക്ക് ഇറങ്ങി ചെന്ന് തന്റെ കൈ നീട്ടി അവളെ പിടിച്ചു കയറ്റി.. കല്ല്യാണി അവന് എതിരെയുള്ള ചെറിയ കൊമ്പിൽ ഇരുന്നു.. “ഇനി അവിടെ ഇരുന്ന് ഉറക്കം തൂങ്ങി താഴെ വീണ് മത്തങ്ങ പൊട്ടുന്നത് പോലെ പൊട്ടണ്ട.. ദാ അവിടെ ഇരുന്നോ.. ” സായന്ത് തനിക്ക് അടുത്ത് ഉണ്ടായിരുന്ന രണ്ട് ശിഖിരങ്ങൾ പിണഞ്ഞു ചേർന്ന് നിന്നിരുന്ന ഇടത്തേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു..
“ഞാനില്ല.. നിങ്ങൾടെ അടുത്ത് ഇരിക്കാൻ..” കല്ല്യാണി മുഖം വെട്ടിച്ചു “ഓഹ് ഈ അഹങ്കാരത്തിന് കുറവ് വരുത്തരുത് … എരുമ” അവൻ പിന്നെയും ഉറങ്ങാൻ കിടന്നു.. അതേസമയമാണ് കുറുനരി കൂട്ടം ഒരുമിച്ച് ഓരിയിട്ടത്ത് കല്ല്യാണി പേടിച്ച് അവൻ പറഞ്ഞിടത്തേക്ക് ചാടി ഇരുന്നു.. ആ സമയം ഒരു കൂമൻ അവർക്ക് എതിർവശത്തായി പറന്നിരുന്ന് അതിൻറെ വട്ട കണ്ണ് തുറിപ്പിച്ച് കല്ല്യാണിയെ നോക്കി..
കല്ല്യാണി പേടിയോടെ കണ്ണ് ഇറുക്കിയടച്ച് ബലത്തിനെന്നോണം അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. സായന്ത് അവളുടെ പ്രവർത്തികൾ ഇടം കണ്ണാൽ നോക്കി കിടന്ന് ചിരിച്ചു കൊണ്ട് പതിയെ ഉറക്കത്തിലേക്കു വഴുതി വീണു …..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]