Gulf

സഊദിയില്‍ മഴയില്‍ മരണം ഏഴായി

റിയാദ്: മൂന്നു ദിവസമായി തുടരുന്ന പേമാരിയില്‍ മൊത്തം ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായി സഊദി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ സഊദിയിലെ ജസാന്‍ മേഖലയിലാണ് മഴ കനത്ത നാശം വിതച്ചത്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ജീവനുകള്‍ പൊലിഞ്ഞത്. 

നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെടുകയും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു.  ജിസാന്‍ പ്രവിശ്യയുടെ തെക്കുകിഴക്കുള്ള അല്‍ അരീദ, അഹദ് അല്‍ മസാരിഹ ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ കുത്തൊഴുക്കില്‍ കാറില്‍ സഞ്ചരിച്ച ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മൊത്തം ഏഴു പേരാണ് ജസാനിലെ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രളയത്തില്‍പ്പെട്ടുപോയ രണ്ട് കൗമാരക്കാരുള്‍പ്പെടെ നാലു പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ടീമാണ് കണ്ടെടുത്തത്. സബ്യ- അബു ആരിഷ് ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന പാലം ഭാഗികമായി തകര്‍ന്ന് ഒരു സ്ത്രീ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പുണ്യനഗരമായ മക്കയില്‍ ഇന്നലെയും കനത്ത മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു.
മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മക്ക നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ മുങ്ങിപ്പോയതിന്റെയും കാറുകള്‍ കലക്കവെള്ളത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.  

ജസാന്‍ മേഖലയിലും, നജ്‌റാന്‍, മക്ക, മദീന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി.  അടുത്ത ഏതാനും ദിവസങ്ങളിലും സഊദി സാക്ഷിയാവുക കനത്ത മഴക്കാവുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും ഗണ്യമായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Related Articles

Back to top button