ദുബൈയിൽ 2024ല്‍ കാര്‍ അപകടങ്ങളില്‍ പൊലിഞ്ഞത് 32 ജീവനുകള്‍
ദുബൈ: വിവിധ കാര്‍ അപകടങ്ങളിലായി റോഡില്‍ 32 ജീവനുകല്‍ 2024ല്‍ പൊലിഞ്ഞതായി ദുബൈ പൊലിസ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ പെട്ടെന്ന് ട്രാക്ക് മാറ്റാന്‍ ശ്രമിക്കുന്നതാണ് അപകടത്തിലേക്കും മരണത്തിലേക്കും നയിച്ചിരിക്കുന്നതെന്ന് ദുബൈ പൊലിസ് ഗതാഗത ബോധവത്കരണ വിഭാഗം മേധാവി സല്‍മ മുഹമ്മദ് റാശിദ് അല്‍ മാറി വ്യക്തമാക്കി. ദുബൈ ടെലിവിഷന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോധവത്കരണം ഡ്രൈവര്‍മാര്‍ക്കിടയില്‍ ആവശ്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതിന് പല കാരണങ്ങളും ഉണ്ടാവാം. ഡ്രൈവര്‍മാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, ദീര്‍ഘിച്ച ഡ്രൈവിങ്ങിനാലോ, ജോലി കാരണമോ അനുഭവപ്പെടുന്ന കടുത്തക്ഷീണം, വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ വ്യതിചലിക്കുക തുടങ്ങിയവയെല്ലാമാണ് റോഡില്‍ മരണം വിതച്ചിരിക്കുന്നത്.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടിയാണ് പൊലിസ് സ്വീകരിക്കുന്നത്. എന്നാല്‍ ചിലര്‍ ഗ്ലാസില്‍ കൂളിങ്ങിനായി ഒട്ടിച്ചിരിക്കുന്ന ടിന്റിന്റെ മറവില്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാന്‍ എത്ര കട്ടിയുള്ള ടിന്റുള്ള വാഹനത്തിനകത്തേക്കും ദൃശ്യം പകര്‍ത്താന്‍ കഴിയുന്ന സംവിധാനം ദുബൈ പൊലിസ് ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.