World

ആര്‍ട്ടിക് സമുദ്ര മേഖലയിലെ കടലില്‍ മഞ്ഞ് കുറയുന്നു; ഈ വര്‍ഷം നഷ്ടമായത് 42.8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മഞ്ഞുപാടം

വാഷിങ്ടണ്‍: ഭൂമിയില്‍ നാള്‍ക്കുനാള്‍ ചൂട് വര്‍ധിക്കുന്നത് ധ്രുവപ്രദേശങ്ങളിലെ കടല്‍ മഞ്ഞുരുകുന്നതിന് ഇടയാക്കുന്നതായി നാസയിലെയും നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്ററി(എന്‍എസ്‌ഐഡിസി)ലെയും ഗവേഷകര്‍. എന്‍എസ്‌ഐഡിസിയുടെ കണക്കുകള്‍ പ്രകാരം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ കടല്‍ മഞ്ഞുരുക്കത്തിന്റെ തോത് 2024 സെപ്റ്റംബര്‍ 11ന് വളരെയധികം വര്‍ധിച്ചതിനാല്‍ ഇതുവരേയുള്ളതിലും ഏറ്റവും കുറഞ്ഞ വ്യാപ്തിയിലേക്കാണ് മഞ്ഞിന്റെ അളവ് എത്തിയത്.

ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ പതിറ്റാണ്ടുകളായി ചുരുങ്ങുകയും കനം കുറയുകയും ചെയ്യുന്ന പ്രവണത തുടരുകയാണ്. മഞ്ഞുറയുന്നതിനും ഉരുകുന്നതിനും അനുസരിച്ച് ഇവിടുത്തെ കടല്‍ ജലത്തിന്റെ അളവില്‍ വ്യത്യാസം വരാറുണ്ട്. കാലാവസ്ഥ മാറ്റത്താല്‍ വേനലില്‍ കൂടുതല്‍ മഞ്ഞുരുകുകയും എന്നാല്‍ മഞ്ഞുകാലത്ത് അതിനനുസരിച്ച തോതില്‍ മഞ്ഞുരൂപപ്പെടാതിരിക്കുകുയും ചെയ്യുന്ന അവസ്ഥയാണ് കഴിഞ്ഞ 46 വര്‍ഷമായി സംഭവിക്കുന്നതെന്ന് പഠനം വെളിപ്പെടുത്തുന്നു.

ഈ വര്‍ഷം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുകട്ടകളില്‍ 42.8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറഞ്ഞു. 1981ല്‍ ഉരുകിക്കുറയുന്നതിന്റെ തോത് 19.4 ലക്ഷം ചതുരശ്ര കിലോമീറ്ററിന് താഴെ മാത്രമായിരുന്നു. അലാസ്‌ക പ്രദേശത്തിന്റെ വലിപ്പത്തേക്കാള്‍ കൂടുതല്‍ മഞ്ഞുറഞ്ഞ മേഖല ഇവിടുത്തെ കടലിലുണ്ടായിരുന്നു. സമുദ്രത്തിന്റെ 15 ശതമാനത്തോളം ഐസ് ഉണ്ടായിരുന്ന കാലം. കഴിഞ്ഞ സെപ്റ്റംബറിലേത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ പതിഞ്ഞതില്‍ ഏറ്റവും കുറഞ്ഞ ഏഴാമത്ത അളവായിരുന്നു.

2012 സെപ്റ്റംബറില്‍ 33.9 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. 1970ല്‍ ധ്രുവപ്രദേശത്തെ മഞ്ഞുകട്ടകളുടെ സാന്ദ്രത അളക്കാന്‍ തുടങ്ങിയത് മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കടലിലെ മഞ്ഞുകട്ടകളില്‍ ഓരോ വര്‍ഷവും ശരാശരി 77,800 ചതുരശ്ര കിലോമീറ്ററിന്റെ കുറവ് സംഭവിക്കുന്നതായാണ് കാണാന്‍ കഴിയുന്നതെന്നും എന്‍എസ്‌ഐഡിസിയുടെ പഠനം വെളിപ്പെടുത്തുന്നു.

മഞ്ഞുകട്ടകള്‍ ചുരുങ്ങുന്നതിനൊപ്പം അവയുടെ പ്രായവും കുറഞ്ഞുവരുന്നതായും നാസയുടെ ക്രിയോസ്‌ഫെറിക് സയന്‍സ് ലബോറട്ടറി തലവന്‍ നതാന്‍ കുര്‍ത്സ വെളിപ്പെടുത്തി. ധ്രുവ പ്രദേശങ്ങളിലെ താപനിലയിലെ വര്‍ധനവ് ആഗോളതലത്തില്‍ സംഭവിക്കുന്ന താപനില ഉയര്‍ച്ചയേക്കാള്‍ നാലു മടങ്ങ് കുടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button