മൂന്നിൽ ഒന്ന് മിസ്സ്; ഇനി തീക്കളി: സൗത്താഫ്രിക്കയിലേക്ക് ടിക്കറ്റെടുക്കുമോ സഞ്ജു
ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ പരമ്പര നവംബറില്‍ കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ്. നാലു ടി20കളുടെ പരമ്പരയാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ ടീം ഇന്ത്യ കളിക്കുക. ഈ പരമ്പരയ്ക്കായി ടിക്കറ്റ് കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. പക്ഷെ അദ്ദേഹത്തിനു ഇപ്പോഴും ടിക്കറ്റുറപ്പില്ല.
സൗത്താഫ്രിക്കയിലേക്കു ടിക്കറ്റുറപ്പിക്കാനും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ഡ റിഷഭ് പന്തിനെ മറികടക്കാനും ഇനി സഞ്ജുവിനു മുന്നിലുള്ളത് വെറും രണ്ടു ചാന്‍സുകള്‍ മാത്രമാണ്. ഇവ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
നവംബര്‍ എട്ടിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മല്‍സരം നടക്കിനിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന അവസാനത്തെ വൈറ്റ് ബോള്‍ പരമ്പരയും കൂടിയാണിത്. സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഓസ്‌ട്രേലിയയുമായി അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇന്ത്യ കളിക്കുക.
ബംഗ്ലാദേശുമായി ഇനി ശേഷിച്ച രണ്ടു ടി20 മല്‍സരങ്ങള്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് അവസാനത്തെ കച്ചിത്തുരുമ്പാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ഒരു മല്‍സരം നടന്നു കഴിഞ്ഞു. ഈ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിനു 19 ബോളില്‍ ആറു ഫോറുകളുള്‍പ്പെടെ നേടാനായത് 29 റണ്‍സാണ്.
ഇന്നിങ്‌സ് മികച്ച രീതിയില്‍ സഞ്ജു തുടങ്ങിയെങ്കിലും ഒരൊറ്റ പിഴവ് കാരണം അതു ഫിഫ്റ്റി പ്ലസ് സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മോശം ഷോട്ട് കളിച്ചാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതില്‍ സഞ്ജു വളരെയധികം നിരാശനും രോഷാകുലനുമായി കാണപ്പെടുകയും ചെയ്തിരുന്നു. എത്ര നല്ലൊരു അവസരമാണ് താന്‍ തുലച്ചതെന്നു അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നുവെന്നു ഇതില്‍ നിന്നും വ്യക്തവുമാണ്.
തിരിച്ചുവരവിന് റിഷഭ്
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശ് പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയതുകൊണ്ടാണ് സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ റിഷഭ് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനു ഈ സ്ഥാനം വിട്ടുകൊടുക്കേണ്ടതായി വരും.
ബംഗ്ലാദേശുമായി ഇനി ശേഷിച്ച രണ്ടു ടി20കളില്‍ മികച്ച രണ്ടു ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞാല്‍ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ വന്നാല്‍ സൗത്താഫ്രിക്കയില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലേക്കു അവസരം ലഭിച്ചേക്കുകയും ചെയ്യും. എങ്കിലും റിഷഭിനെ ഓവര്‍ടേക്ക് ചെയ്യണമെങ്കില്‍ ബംഗ്ലാദേശിനെതിരേ സഞ്ജു അസാധാരണമായി എന്തെങ്കിലും ചെയ്യുക തന്നെ വേണം. അതിനു അദ്ദേഹത്തിനു കഴിയുമോയെന്നതാണ് ചോദ്യം.
ശ്രീലങ്കയ്‌ക്കെതിരേ ക്ലിക്കായില്ല
ടി20 ലോകകപ്പിനു ശേഷം ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണിന്റെ സാന്നിധ്യമുണ്ടായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം അവസാന കളിയില്‍ ഫിഫ്റ്റിയോടെ തിളങ്ങിയിരുന്നു. അതിനു പിന്നാലായിരുന്നു ശ്രീലങ്കന്‍ പര്യടനം. ലങ്കയില്‍ കളിച്ച മൂന്നു ടി20കളില്‍ ആദ്യത്തേതില്‍ തഴയപ്പെട്ടെങ്കിലും അടുത്ത രണ്ടിലും സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ രണ്ടിലും ഡെക്കായി അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു.
എന്നിട്ടും ഇപ്പോള്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയിരിക്കുകയാണ്. മാത്രമല്ല ഓപ്പണിലേക്കു പ്രൊമോഷന്‍ ലഭിക്കുകയും ചെയ്തു. ഇതിനേക്കാള്‍ നല്ലൊരു ചാന്‍സ് ഇനി സഞ്ജുവിനു ലഭിക്കാനില്ലെന്നു ഉറപ്പിച്ച് പറയാം. ഇതില്‍ ആദ്യത്തേത് വേണ്ടത്ര മുതലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.
ഇനിയുള്ള രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടാനായാല്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിന് സഞ്ജവിനു ടിക്കറ്റുറപ്പാണ്. മറിച്ചാണെങ്കില്‍ ടീമില്‍ നിന്നും തഴയപ്പെട്ടേക്കുകയും ചെയ്യും. റിഷഭിനെക്കൂടാതെ ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പര്‍ ഓപ്ഷനുകളായി സൗത്താഫ്രിക്കയിലേക്കു അവസരം കാത്തിരിക്കുന്നുണ്ട്.