Novel

🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 17

രചന: റിൻസി പ്രിൻസ്‌

നിരാശയോടെ അവൻ മരിയയുടെ മുഖത്ത് നോക്കിയപ്പോൾ ആ മുഖത്തും എവിടെയൊക്കെയോ ഒരു നിരാശയുടെ തിളക്കം അവന് കാണാൻ സാധിച്ചു..

“എങ്കിൽ പിന്നെ ഞാനും വരുന്നുണ്ട്…

സോളമന്റെ മറുപടി കേട്ട് സംശയത്തോടെ അമല അവന്റെ മുഖത്തേക്ക് നോക്കി..

സണ്ണി കൂടെ വന്നതോടെ എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിലായി, ആദ്യമായി അവളെ കണ്ടപ്പോൾ ഇട്ട ഒരു വെള്ള ചുരിദാർ അണിഞ്ഞാണ് അവൾ പോകാനായി തയ്യാറെടുത്തത്. ഇതിനോടകം തന്നെ സോളമൻ മനസ്സിലാക്കിയ ഒരു സത്യമുണ്ട്, ആകെ നാലോ അഞ്ചോ ചുരിദാർ മാത്രമാണ് അവൾക്ക് ഉള്ളത്. അതുതന്നെയാണ് ദിവസവും മാറിയും മറിച്ചും ഇടുന്നത്. കഴുകിയും തേച്ചുമൊക്കെ അതിന്റെ നിറം നന്നായി മങ്ങിയിട്ടുണ്ട്. എങ്കിലും ആ തുണികൾ ഒക്കെ അവളിടുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്. അവളുടെ വസ്ത്രത്തിന് ചേരുന്ന ഒരു വെള്ള ഷർട്ട് തന്നെ അവനും തിരഞ്ഞെടുത്തിരുന്നു… എയർപോർട്ടിലേക്ക് പോകുമ്പോൾ മറ്റാർക്കും മനസ്സിലായില്ലെങ്കിലും അവൾക്ക് അവന്റെ ഉദ്ദേശം മനസ്സിലായിരുന്നു… കൂർപ്പിച്ച് അവൾ ഒന്ന് നോക്കിയപ്പോൾ അവൻ കണ്ണിറുക്കി അവളെ കാണിച്ചു, ഒരുപാട് സമയം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല എയർപോർട്ടിൽ എത്താൻ നാട്ടിലേക്ക് എത്തിയപ്പോൾ തന്നെ അവൾക്ക് ഒരു പ്രത്യേക സന്തോഷം തോന്നിയിരുന്നു…

രാത്രിയിൽ തന്നെ യാത്ര തിരിച്ചാലേ അതിരാവിലെ ആശുപത്രിയിലേക്ക് എത്താൻ സാധിക്കുമെന്ന് അറിയാവുന്നതിനാൽ എയർപോർട്ടിൽ നിന്ന് തന്നെ ഒരു ടാക്സി പിടിച്ച് അവർ യാത്ര തുടങ്ങിയിരുന്നു.. വെളുപ്പിനെ ആയപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിയിരുന്നു. ഹോസ്പിറ്റലിലേക്ക് എത്തുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. ഇതിനിടയിൽ അമല ബെറ്റിയെ വിളിച്ച് തങ്ങൾ നാട്ടിലെത്തിയ കാര്യവും സുരക്ഷിതയായി മരിയ കൂടെയുണ്ട് എന്നുമൊക്കെ ഓർമിപ്പിച്ചു.. മരിയ ഫോണിൽ സംസാരിക്കുകയും ചെയ്തു. ഏഴരായപ്പോഴേക്കും ആശുപത്രിയിലേക്ക് എത്തിയിരുന്നു. അവിടെയെത്തിയപ്പോൾ അമലയുടെ സഹോദരനും അവിടെയുണ്ടായിരുന്നു. അമലയെ കണ്ടതും അമ്മച്ചിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും ബോധം തെളിഞ്ഞു മുറിയിലേക്ക് മാറ്റിയെന്നും ഒക്കെ അവർ അറിയിച്ചു. അത് അമലയ്ക്കും സമാധാനമായിരുന്നു. മരിയയെയും സഹോദരന് അമല പരിചയപ്പെടുത്തി. വലിയ സന്തോഷത്തോടെ എല്ലാവരും അകത്തേക്ക് ചെല്ലു എന്ന് പറഞ്ഞ് അയാൾ പുറത്തേക്കു ഇറങ്ങിയിരുന്നു. രാവിലത്തേക്ക് എല്ലാവർക്കും ഉള്ള ഭക്ഷണവുമായി എത്താം എന്ന് പറഞ്ഞാണ് അയാൾ പോയത്.. മുറിയിലേക്ക് കയറിയതും അമല അമ്മച്ചിയുടെ അരികിലേക്ക് ചെന്നിരുന്ന് കയ്യിൽ പിടിച്ചു…
മകളുടെ സ്പർശനം അറിഞ്ഞപ്പോൾ തന്നെ അവർ കണ്ണ് തുറന്നു… മുന്നിൽ മകളെ കണ്ടപ്പോൾ വലിയ സന്തോഷത്തോടെ തന്നെ അവർ എഴുന്നേറ്റിരുന്നു.. സണ്ണി കൂടി പിടിച്ചു ആണ് അവരെ ഇരുത്തിയത്… അവരുടെ കയ്യിലും കണ്ണിലുമൊക്കെ നോക്കി സണ്ണി ആരോഗ്യവസ്ഥ ഒന്നു കൂടി ഉറപ്പുവരുത്തുകയും ചെയ്തു.

” എന്റെ മോൾ ഇങ്ങ് വരുമെന്ന് ഞാൻ വിചാരിച്ചില്ലടി, അമ്മച്ചി ഇത്രയും വയ്യാതെ കിടക്കുവാണെന്ന് അറിയുമ്പോൾ പിന്നെ എനിക്ക് അവിടെ സമാധാനം ഉണ്ടാവുമോ.?

അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് അമല പറഞ്ഞു..

“സണ്ണി ലീവ് എടുത്തു കാണുമല്ലോ, അവന്റെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചപ്പോൾ അതൊന്നും സാരമില്ല എന്ന് അർത്ഥത്തിൽ അയാൾ ഒന്ന് ചിരിച്ചിരുന്നു..

” നിങ്ങളെ സംസാരിക്ക് ഞാൻ കാന്റീനിൽ നിന്ന് ചായ മേടിച്ചോണ്ട് വരാം…

അതും പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വാതിലിന്റെ അരികിൽ നിൽക്കുന്ന സോളമനെ അവർ കൃത്യമായി കണ്ടത്.. അവനെ കണ്ടപ്പോഴേക്കും അവരുടെ തിമിരം ബാധിച്ച കണ്ണുകൾ നന്നായി ഒന്ന് വികസിച്ചു…

“എന്റെ സോളമൻ അല്ലിയോടാ അത്, ഇങ്ങോട്ട് അടുത്ത് വന്നെ ഞാൻ എന്റെ കുഞ്ഞിനെ കണ്ടിട്ട് എത്ര കാലമായി നീ വലിയ ചെറുക്കാനായി പോയല്ലോടാ. അവർ അടുത്തേക്ക് വിളിച്ചപ്പോഴേക്കും സോളമൻ അരികിലേക്ക് വന്ന് വല്ല്യമ്മച്ചിടെ അരികിലായി കെട്ടിപ്പിടിച്ചു കിടന്നു കഴിഞ്ഞിരുന്നു. ആ കാഴ്ച കാണെ അറിയാതെ മരിയയിലും ഒരു പുഞ്ചിരി വിടർന്നു…

” ഞാനെന്റെ വല്യമ്മച്ചിയെ കാണാൻ വേണ്ടിയല്ലേ ഓടിപ്പിടിച്ച് ഇങ്ങോട്ട് വന്നത്..

അവരുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവനും ഒന്ന് ചിരിച്ചിരുന്നു.. അപ്പോഴാണ് അമലയുടെ അരികിൽ നിൽക്കുന്ന പെൺകുട്ടിയെ അവർ ശ്രദ്ധിച്ചത്.. അതാരാണ് എന്ന് മനസ്സിലാവാതെ അവർ അമലയുടെ മുഖത്തേക്ക് നോക്കി… എന്നിട്ട് ചിരിയോടെ ചോദിച്ചു,

“ഏതാടി ആ കൊച്ച്, വാ മോളെ…!

അവര് വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെ അവളും അരികിലേക്ക് വന്നു…

” അമ്മച്ചിക്ക് അറിയാവുന്ന ഒരാൾ തന്നെയാ, അമല പറഞ്ഞു

“ഇത് ഏതാ ഇവന്റെ കൂടെ ജോലിചെയ്യുന്ന വല്ല പെമ്പിള്ളാരും ആണോ..?

വാത്സല്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു…

” അവന്റെ കൂടെ ജോലി ചെയ്യുന്ന ആരുമല്ല, നമ്മുടെ ബെറ്റിയില്ലേ എന്റെ കൂടെ വീട്ടിലൊക്കെ വന്നിട്ടുള്ള നമ്മുടെ ബെറ്റി, നമ്മുടെ ജോണി കല്യാണം കഴിച്ചില്ലേ ബെറ്റിടെ മൂത്ത മോള്..

അമല അത് പറഞ്ഞതും വല്യമ്മച്ചിയുടെ മുഖത്തെ ആ ചിരി കെട്ടടങ്ങുന്നതും അവിടെ അനിഷ്ടവും ദേഷ്യവും നിറയുന്നതും ഒപ്പം തന്നെ പിടിച്ചിരുന്ന കയ്യ് അവർ വിടുന്നതും സോളമൻ ശ്രദ്ധിച്ചിരുന്നു.. മരിയുടെ മുഖവും പെട്ടെന്ന് മാറിയിരുന്നു, അവരിൽ നിന്നും അങ്ങനെ ഒരു ഭാവപ്പകർച്ച അവളും പ്രതീക്ഷിച്ചിരുന്നില്ല…

” ഓ മനസ്സിലായി…

വല്യ താല്പര്യം ഇല്ലാതെ അവർ പറഞ്ഞു

“ഇവളെന്താ ഇവിടെ….

മോൾ എന്ന് വിളിച്ച് നാവുകൊണ്ട് അവർ പെട്ടെന്ന് അവളെ അങ്ങനെ വിളിച്ചപ്പോൾ മരിയ്ക്കും അമലക്കും ഒരു ഞെട്ടൽ ആണ് ഉണ്ടായത്… ആ നിമിഷം തന്നെ മനസ്സിലാവാതെ വല്യമ്മച്ചി നോക്കി..

” അവള് ചെന്നൈയിലാ നഴ്സിംഗ് പഠിക്കുന്നത്, ഹോസ്റ്റൽ ശരിയായിട്ടില്ല അതുവരെ നമ്മുടെ ഫ്ലാറ്റിലാ താമസിക്കുന്നത്.. ഞങ്ങൾ ഇങ്ങ് പോന്നപ്പോൾ അവൾ അവിടെ ഒറ്റയ്ക്കല്ലേ, അതുകൊണ്ട് ഞാൻ അവളെ കൂടി കൊണ്ടുവന്നു.

അമല അവളുടെ കൈയ്യിൽ പിടിച്ചു പറഞ്ഞു

“ഇവളവിടെ പഠിക്കാൻ വന്നതും താമസിക്കുന്ന കാര്യമൊന്നും നീ എന്നോട് പറഞ്ഞില്ലല്ലോ, എല്ലാ ദിവസവും നീ എന്നെ ഫോൺ വിളിച്ച് സംസാരിക്കുന്നതല്ലേ ഈ കാര്യം മാത്രം എന്താ പറയാതിരുന്നത്…

ഗൗരവത്തോടെ അവർ ചോദിച്ചപ്പോൾ രംഗം മോശമായി തുടങ്ങിയെന്ന് അമലയ്ക്കും മനസ്സിലായിരുന്നു…

” ആ കൊച്ചെ ഞങ്ങൾക്ക് കുറച്ച് വീട്ടുകാര്യങ്ങളൊക്കെ പറയാനുണ്ട്, നീ കുറച്ചുനേരം പുറത്തിറങ്ങി നിക്ക്. ഞാനെന്റെ മോളോടും കൊച്ചുമോനോടും കുറച്ചുനേരം സംസാരിക്കട്ടെ…

താല്പര്യം ഇല്ലാതെ അവർ പറഞ്ഞപ്പോൾ നെഞ്ച് പിളരുന്നത് പോലെയാണ് മരിയ്ക്ക് തോന്നിയത്… പിന്നെ ഇത്തരം അവസ്ഥകളൊന്നും പുതിയതല്ലാത്തതു കൊണ്ടുതന്നെ അത്രത്തോളം നൊമ്പരം അനുഭവപ്പെടില്ലന്ന് മാത്രം. എങ്കിലും അവളുടെ കണ്ണുകൾ നിറയുന്നതും അത് തൂവാതിരിക്കാൻ അവൾ പരിശ്രമിക്കുന്നതും സോളമൻ കണ്ടു… അവന്റെ നെഞ്ചിലും ഒരു വിങ്ങൽ ഉണ്ടായി, അവളുടെ ഹൃദയം വേദനിച്ചതിലും തീവ്രമായി വേദനിച്ചത് ആ നിമിഷം സോളമന്റെ മനമാണ്.. അവൾ എത്രത്തോളം അപ്പോൾ വേദനിച്ചിട്ടുണ്ടാവുമെന്നാണ് സോളമൻ ചിന്തിച്ചത്.. അവളെ ഒന്ന് വാരിപ്പുണരാൻ അവന് തോന്നി…

ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നവളെ കണ്ട് അവന്റെ ഹൃദയം തപിച്ചു.. കട്ടിലിൽ നിന്നും അവൻ എഴുന്നേറ്റിരുന്നു, അമലയുടെ മുഖത്തേക്ക് തന്നെയാണ് അപ്പോഴും അമ്മച്ചിയുടെ നോട്ടം.. പക്ഷേ ചുറ്റുപാടും നടക്കുന്നതൊന്നും അപ്പോൾ സോളമൻ അറിയുന്നുണ്ടായിരുന്നില്ല.

“മമ്മ ഞാനൊരു ഫോൺ വിളിച്ചിട്ട് വരാം.

അതും പറഞ്ഞ് അവനും പുറത്തേക്ക് ഇറങ്ങിയിരുന്നു…

” അമ്മച്ചി എന്ത് പണിയാ ഈ കാണിച്ചത് ആ കൊച്ചിന് എന്ത് വിഷമായി കാണും.. ഒന്നുമല്ലെങ്കിലും ഞാൻ വിളിച്ചോണ്ട് വന്നതല്ലേ, മോശമായിപ്പോയി

അമല പറഞ്ഞു

” നിനക്കെന്തിന്റെ കേടാ അമലെ എന്ത് വിശ്വസിച്ചാ? നീ ആ പെണ്ണിനെ വീട്ടിൽ കേറ്റി താമസിപ്പിച്ചിരിക്കുന്നത്, ഞാനൊരു കാര്യം പറയാം, തള്ള വേലി ചാടിയാൽ മോള് മതില് ചാടും… തങ്കക്കുടം പോലൊരു ചെറുക്കാനുള്ള വീട്ടിൽ നീ എന്ത് വിശ്വസിച്ചാ ആ പെണ്ണിനെ കേറ്റി താമസിപ്പിച്ചിരിക്കുന്നത്… അവസാനം നിന്റെ ചെറുക്കനെയും കൊണ്ട് അവൾ ഒരു പോക്ക് പോയാൽ നീ ആരോട് ചെന്ന് ചോദിക്കും.? നീ അല്ലാതെ മറ്റാരെങ്കിലും ഈ പിഴച്ചതിനെയൊക്കെ വീട്ടിൽ കേറ്റുവോ…?

ദേഷ്യത്തോടെ അവർ ചോദിച്ചപ്പോൾ അമലയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…

” അവളുടെ അമ്മ ഒരു തെറ്റ് ചെയ്തു അതും അറിഞ്ഞുകൊണ്ട് സംഭവിച്ച ഒരു തെറ്റല്ല വിധി അവൾക്ക് നൽകിയ ഒരു തെറ്റ്. അവൾ സ്നേഹിച്ച ഒരാളെ കല്യാണം കഴിച്ചു, വിധി അയാളെ അവളിൽ നിന്നും തട്ടിയെടുത്തു മരണത്തിന്റെ രൂപത്തിൽ.. നിറവയറുമായി ഒരു പെണ്ണ് എവിടേക്കാ പോകുന്നത്. ഇതിൽ എവിടെയാണ് അവൾ പിഴച്ചത്…? സ്നേഹിച്ച ഒരാളെ വിവാഹം കഴിച്ചതിനോ നിയമപരമായി അവന്റെ ഭാര്യയായതിനു ശേഷമാണ് അവൾക്ക് കുഞ്ഞുണ്ടായത്. പിന്നെ അവൻ എത്ര കാലം ജീവിച്ചിരിക്കുന്നവെന്നറിയാൻ നമുക്ക് പ്രത്യേകിച്ചുള്ള സംവിധാനങ്ങൾ ഒന്നും ഇല്ലല്ലോ… ചക്ക അല്ലല്ലോ ചൂഴ്ന്ന് നോക്കാൻ…

” അപ്പനും അമ്മയും പറയുന്നത് കേട്ട് വേണം പിള്ളേര് ജീവിക്കാൻ, ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ പറ്റും.. അവള് വേറൊരു നാട്ടിൽ പോയി ഒരുത്തനെ പ്രേമിച്ചു കല്യാണം കഴിച്ചത് തെറ്റല്ലേടി.? പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോണം.. അല്ലാതെ വേലി ചാടി നടക്കരുത്… മോൾ ഇനി എന്തൊക്കെ കാണിച്ചു വെക്കുന്ന് കണ്ടു നോക്കാം… നീ ഏതാണെങ്കിലും എത്രയും പെട്ടെന്ന് അതിനെ നമ്മുടെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നോക്ക്… നമ്മുടെ ചെറുക്കനെ നമ്മൾ സൂക്ഷിച്ചോണം,

” അമ്മച്ചി ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ.? ഏതാണെങ്കിലും അവൾ ആയിട്ട് നമ്മുടെ ചെറുക്കനെ മോശക്കാരൻ ആക്കുന്നു എനിക്ക് തോന്നുന്നില്ല.. അവനായിട്ട് ഒന്നും അവളോട് കാണിക്കാതിരുന്നാൽ മതി. എനിക്ക് ആ ഒരു പേടിയുള്ളൂ,

” അതെന്നാ അങ്ങനെ പറഞ്ഞത് എന്റെ ചെറുക്കനെ തറവാട്ടിൽ പിറന്നതാ, അവൻ അങ്ങനെ ഒന്നും ചെയ്യില്ല.. സണ്ണിയുടെയും നിന്റെയും നല്ല തറവാട് തന്നെയാണ്… അങ്ങനെയുള്ള കുടുംബത്തിൽ പിറന്ന ഒരു ചെറുക്കൻ ഒരു പെണ്ണിന്റെ പുറകെ പോവില്ല…

” അവന്റെ തറവാട്ട് മഹിമയെ പറ്റി ഒന്നും അമ്മച്ചി പറയണ്ട, അമ്മ എന്താണേലും ആ കാര്യം വിട്ടേക്ക്, ഇനി ആ പെൺകൊച്ചിനോട് അമ്മച്ചി ഇങ്ങനെ പെരുമാറരുത്… അങ്ങനെയാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പോകും..

മകൾ അത് തറപ്പിച്ചു പറഞ്ഞപ്പോൾ ഒന്നും പറയാനാകാതിരിക്കുകയായിരുന്നു ആ സ്ത്രീ…

പുറത്തിറങ്ങിയതും അവൻ ഒരുപാട് നോക്കി… അതിനുശേഷം ആണ് മരിയ ഒരു മൂലയിൽ ആയി ഇരിക്കുന്നത് കണ്ടത്… കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, താഴേക്ക് നോക്കിയിരിക്കുകയാണ്.. അവളുടെ അരികിൽ ഉള്ള ഒരു കസേരയിലായി അവനും ഇരിപ്പുറപ്പിച്ചു… അവൻ വന്നതും പോയതും ഒന്നും അവൾ അറിഞ്ഞില്ലന്ന് അവന് തോന്നി.. ചുറ്റുപാടും നടക്കുന്നതൊന്നും അറിയാത്ത ഒരു ലോകത്താണ് അവൾ, തനിക്ക് നേരിട്ട അപമാനത്തെ കുറിച്ചായിരിക്കും ഇപ്പോൾ അവൾ ചിന്തിക്കുന്നത് എന്ന് അവന് തോന്നി.. കസേരയിൽ വച്ചിരുന്ന അവളുടെ കൈകൾക്ക് മുകളിലായി അവൻ അവന്റെ കൈകൾ എടുത്ത് വച്ചു… കൈകളിൽ ഒരു സ്പർശനം അറിഞ്ഞപ്പോഴാണ് അവൾ മുഖമുയർത്തി നോക്കിയത്.. മൂക്കും കണ്ണും ഒക്കെ ചുവന്ന് കിടപ്പുണ്ട്.. നന്നായി കരഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി, അവന് അവളോട് അലിവ് തോന്നി…

” എന്താടാ കരഞ്ഞോ…?

അലിവോടെ അവൻ ചോദിച്ചപ്പോൾ നിഷേധത്തിൽ അവൾ തലയാട്ടിയെങ്കിലും അവളെ പോലും അമ്പരപ്പിൽ ആഴ്ത്തി കൊണ്ട് അപ്പോൾ അവളുടെ കണ്ണുകൾ കവിഞ്ഞൊഴുകി…

” അയ്യേ എന്തായിത്… വീണ്ടും കരയാണോ

അവനോട് ഒന്നും സംസാരിക്കാതെ അവന്റെ അരികിൽ നിന്നും എഴുന്നേറ്റ് അവൾ അടുത്തുള്ള ലിഫിറ്റിലേക്ക് കയറിയിരുന്നു.. ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ അവനു കൂടി ലിഫിറ്റിലേക്ക് കയറി, ആ സമയം അവൾ ഏതോ ഒരു സ്വിച്ച് ഞെക്കിയിരുന്നു.. ലിഫ്റ്റിലേക്ക് കയറിയതും അവൾ കൊച്ചു കുട്ടിയെ പോലെ എങ്ങൽ അടിച്ച് കരയാൻ തുടങ്ങി..

” എന്താടാ ഇത്? കരയാതെ, വിഷമിക്കാതെ എനിക്കറിയാം നിനക്ക് വിഷമം ആയിട്ടുണ്ടാവും..

ഏങ്ങലടിച്ച് കരയുന്നവളെ ചേർത്തു പിടിച്ചുകൊണ്ട് അവൻ പറഞ്ഞു,

” എന്തിനാ വിഷമിക്കുന്നത്..? ഞാനില്ലേ, അവരൊക്കെ പഴയ ആളുകളാണ്. അവരുടെയൊക്കെ ചിന്താഗതികളും അങ്ങനെയായിരിക്കും, അതൊന്നും കേട്ട് താൻ വിഷമിക്കേണ്ട… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരിക്കലും വിട്ടുകളയില്ല. എന്റെ കൂടെ ചേർത്ത് നിർത്തും. എന്നു…..

അവളെ ചേർത്തുപിടിച്ച് മുടിയിൽ തഴുകി അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം ആ സ്പർശനം അവൾക്ക് ആവശ്യമായിരുന്നു ഒന്നും ആലോചിക്കാതെ അവളുടെ കൈകൾ അവനെ തിരികെ പുണർന്നിരുന്നു… അതിനുശേഷം കുറച്ച് ഏറെ ശബ്ദത്തോടെ അവന്റെ നെഞ്ചിൽ ചാരി അവൾ കരഞ്ഞു. അവളുടെ കണ്ണീരിനാൽ അവന്റെ വെള്ള ഷർട്ട് കുതിർന്നു തുടങ്ങി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!