Health

വെറും ഒരു സ്റ്റീല്‍പാത്രം മാത്രം മതി പാലിലെ മായം കണ്ടെത്താന്‍

ഇന്ന് സര്‍വത്ര വിഷമയമായ കാലമാണ്. നാം വാങ്ങുന്ന പഴവും പാലും പച്ചക്കറിയും എണ്ണയും എന്നുവേണ്ട മായമില്ലാത്ത വല്ലതും കേരളത്തിലോ, ഇന്ത്യയിലോ അധികമില്ലെന്ന് പറയേണ്ടിവരും. നാം സമീകൃതആഹാരമെന്ന് കരുതി നല്ല ആവേശത്തോടെ അകത്താക്കുന്ന ഒന്നാണ് പാല്‍. ശരീരത്തിന് ഏറെ ഗുണകരമായതിനാല്‍ കുട്ടികളെയും നാമെല്ലാം നിര്‍ബന്ധിപ്പിച്ച് പാല്‍ കുടിപ്പിക്കാറുണ്ട്.

പാലില്‍ മായം കലര്‍ന്നിട്ടില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പിച്ച് പറയാന്‍ പറ്റുമോ? പാലില്‍ പലതരം മായങ്ങളാണ് ചേര്‍ക്കുന്നത് വെള്ളവും യൂറിയയും അന്നജവും ഡിറ്റര്‍ജന്റുകളുംവരെ ചേര്‍ത്ത പശുവിന്‍ പാലാണ് നമുക്ക് കുടിക്കാനും ഉപയോഗിക്കാനുമായി വിപണിയില്‍നിന്നും കിട്ടുന്നത്. ഇത് കുടിക്കുന്നതിലൂടെ അനേകം രോഗങ്ങളും നമ്മെ തേടി വരും.

യൂറിയ കലര്‍ത്തിയ പാല്‍ ശരീരത്തിന് അകത്തെത്തിയാല്‍ അത് വൃക്ക, ഹൃദയം, കരള്‍ എന്നിവയെ ദോഷകരമായി ബാധിക്കും. പാലില്‍ വെള്ളം ചേര്‍ക്കുന്നത് അതിന്റെ പോഷക മൂല്യം കുറയ്ക്കുക മാത്രമല്ല, മലിനമായ വെള്ളം കോളറ, ടൈഫോയ്ഡ്, പോളിയോ, മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ഹാനികരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

അന്നജം ചേര്‍ത്ത പാല്‍ വയറിളക്കത്തിന് കാരണമാകുന്നു. കൂടാതെ, അന്നജത്തിന്റെ അളവ് കൂടിയാല്‍ പ്രമേഹ രോഗികളെ അത് മാരകമായി ബാധിക്കും. സോഡിയം ഹൈഡ്രോക്സൈഡ് കലര്‍ന്ന പാല്‍ ശരീരത്തിലേക്ക്് എത്തിയാല്‍ അത് അര്‍ബദത്തിന് കാരണമാവും.

നമുക്ക് ലഭിക്കുന് പാലില്‍ മായമുണ്ടോയെന്ന് കണ്ടെത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് നോക്കാം. സംശയം തോന്നിയ പാലിന്റെ സാമ്പിള്‍ വൃത്തിയായ വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത ഒരു സ്റ്റീല്‍ പാത്രത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി എടുത്താല്‍ ഇത് കണ്ടെത്താം. പാല്‍ തുള്ളി ഉറ്റിച്ചശേഷം പാത്രം ചരിച്ചു പിടിക്കുക. പാല്‍ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കില്‍ അതില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല, പാല്‍ തുള്ളി വേഗത്തില്‍ വെള്ളക്കറയില്ലാതെ ഒഴുകിയാല്‍ അതില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെന്നും മനസ്സിലാക്കാം.

പാലില്‍ നൂറ് (സ്റ്റാര്‍ച്ച്) ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് അറിയാന്‍ പാലിലേക്ക് ഏതാനും തുള്ളി അയോഡിന്‍ ടിങ്ചറോ അയോഡിന്‍ ദ്രാവകമോ ഇറ്റിച്ചാല്‍ മതി. പാലിന് നീല നിറം വരികയാണങ്കില്‍ പാലില്‍ നൂറ് കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം. ഒരു ടീസ്പൂണ്‍ അളവില്‍ പാല്‍ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂണ്‍ സോയബീന്‍ പൗഡര്‍ ചേര്‍ക്കുക. ഇവ രണ്ടും നന്നായി ഇടകലര്‍ത്തിയ ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കാന്‍ വെക്കുക. ഒരു ചുവന്ന ലിഗ്മസ് പേപ്പര്‍ ഇതിലേക്ക് മുക്കുക. ലിഗ്മസ് പേപ്പറിന്റെ നിറം നീല ആയാല്‍ അതില്‍ യൂറിയ കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാക്കാം.

അഞ്ച് മുതല്‍ പത്ത് മില്ലി ലിറ്റര്‍ പാലും അതേ അളവില്‍ വെള്ളവും എടുത്ത് യോജിപ്പിക്കുക. പാലില്‍ ഡിറ്റര്‍ജന്റ് പോലുള്ള മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ ഈ സമയത്ത് പത വരുന്നത് കാണാം. ശുദ്ധമായ പാലാണെങ്കില്‍ വെള്ളവും ചേര്‍ത്ത് കുലുക്കുമ്പോഴും വളരെ നേര്‍ത്തൊരു പതയേ ഉണ്ടാവൂകയുള്ളൂ.

Related Articles

Back to top button