Novel

വരും ജന്മം നിനക്കായ്: ഭാഗം 18

രചന: ശിവ എസ് നായർ

അഖിലിനെ വിളിച്ചൊന്ന് സംസാരിക്കാൻ ഗായത്രിക്ക് അതിയായ ആഗ്രഹം തോന്നി. ശിവപ്രസാദിനെ നോക്കിയപ്പോൾ അവൻ ഫോണിൽ സംസാരം തുടരുന്നത് കണ്ടപ്പോൾ അവൾ പെട്ടെന്ന് അഖിലിന്റെ നമ്പറിൽ വിളിച്ചു.

രണ്ട് റിങ്ങിനുള്ളിൽ തന്നെ അപ്പുറത്ത് കാൾ എടുത്തത് കണ്ട് ഗായത്രിയുടെ ഹൃദയം പടപടാന്ന് മിടിച്ചു.

“അഖിലേട്ടാ…” സ്വരമിടറി അവൾ വിളിച്ചു.

“ഗായു…” മന്ത്രണം പോലെയുള്ള അവന്റെ നനുത്ത ശബ്ദം കേട്ട് ഗായത്രിയുടെ നെഞ്ച് വിങ്ങി.

നിമിഷങ്ങളോളം ഇരുവരും മിണ്ടിയില്ല. ഒരു നിശ്വാസത്തിനപ്പുറം അവനുണ്ടെന്ന് അവൾക്ക് തോന്നി. ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി.

“എന്തെ… ഒന്നും മിണ്ടാത്തെ? വെറുപ്പാണോ എന്നോട്.” അടഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“എന്റെ ഗായൂനെ ഞാൻ വെറുക്കാനോ?” അഖിലിന്റെ മറുപടി കേട്ടപ്പോൾ അവൻ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി.

“അഖിലേട്ടൻ കരയുവാണോ?”

“കരയാതിരിക്കാൻ പരമാവധി ശ്രമിച്ചതാ. പക്ഷേ നിന്റെ സ്വരം കേട്ടപ്പോൾ മനസ്സ് കൈവിട്ടുപോയി. നീയിനി എനിക്കൊപ്പം ഇല്ലെന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല ഗായു. എല്ലാം ഒരു സ്വപ്നമായിരുന്നെങ്കിലെന്ന് തോന്നിപോവാ.”

“ഈ സങ്കടമൊക്കെ അനുഭവിക്കേണ്ടി വന്നത് ഞാൻ കാരണമല്ലേ. അഖിലേട്ടനെ ഞാൻ ചതിച്ചുവെന്ന് തോന്നുന്നുണ്ടോ ഇപ്പോ?”

“നിന്റെ സങ്കടം… വീട്ടിലെ ദയനീയാവസ്ഥ… ഒക്കെ മറ്റാരേക്കാളും നന്നായി ഞാൻ അറിഞ്ഞതല്ലേ. എല്ലാ വേദനയും ഉള്ളിലൊതുക്കി നീ നിന്നത് അച്ഛനും അമ്മയ്ക്കും വേണ്ടിയല്ലേ. നീ പെട്ട് പോയതല്ലേ മോളേ… നിന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ തന്നെ നിന്നെ ഒരു വഞ്ചകിയായി കാണുമോ? നീയെന്നെ ചതിച്ചുവെന്ന് ഒരിക്കലും ഞാൻ പറയില്ല ഗായു.

അല്ലെങ്കിലും വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് നമുക്ക് ഒന്നാവാൻ കഴിയില്ലായിരുന്നല്ലോ. ഇങ്ങനെയൊക്കെ നടക്കാനായിരിക്കും വിധി.” അഖിൽ കരഞ്ഞുപോയി.

“അഖിലേട്ടനെ മാത്രം സ്വപ്നം കണ്ട് ജീവിച്ച എനിക്ക് മറ്റൊരാളെ ആ സ്ഥാനത്ത് കാണാൻ പറ്റുമോന്ന് പോലും അറിയില്ല.”

“ഗായു… നീ എല്ലാം മറക്കണം. എത്ര സമയമെടുത്തായാലും ശിവ പ്രസാദിനെ മനസ്സ് കൊണ്ട് ഭർത്താവായി അംഗീകരിക്കണം. അതാണ് സത്യം. ഈ ജന്മത്തിലോ നമ്മൾ ഒരുമിച്ചില്ല… അടുത്ത ജന്മത്തിലെങ്കിലും നിന്നെ എനിക്ക് കിട്ടിയാൽ മതി.”

“അഖിലേട്ടന്റെ സങ്കടം കാണുമ്പോ എനിക്ക് സഹിക്കുന്നില്ല. ഒക്കെ ഞാൻ കാരണമല്ലേ എന്നോർക്കുമ്പോ…”

“കഴിഞ്ഞതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ലല്ലോ. ഇതൊക്കെ നമ്മൾ അനുഭവിച്ചേ മതിയാകൂ. നിന്റെ ഭർത്താവിന് നമ്മുടെ റിലേഷനെ കുറിച്ചറിയാമോ?”

“ഇല്ല… ഞാനൊന്നും പറഞ്ഞിട്ടില്ല.”

“എന്നാൽ പറയണം… എല്ലാം പറഞ്ഞ് തീർത്ത് നിങ്ങൾ തമ്മിൽ നന്നായി ജീവിക്കണം. അവൻ നല്ലവനാണെങ്കിൽ നിന്നെ മനസ്സിലാക്കി ചേർത്ത് പിടിക്കും. അപ്പോൾ പിന്നെ ഇപ്പോ നിനക്കുള്ള സങ്കടമൊക്കെ പതിയെ അവന്റെ സ്നേഹം കിട്ടുമ്പോ മാറിക്കൊള്ളും.”

“എല്ലാം കേട്ടിട്ട് അയാളെന്നെ മനസ്സിലാക്കിയില്ലെങ്കിലോ? സംശയം വന്നാൽ എന്ത് ചെയ്യും? നമ്മൾ തമ്മിലൊരു കോൺടാക്ട് പോലും പാടില്ലെന്ന് പറഞ്ഞാലോ?”

“അങ്ങനെ പറഞ്ഞാൽ അവനെ സൂക്ഷിക്കേണ്ടി വരും. സംശയ രോഗം വന്ന് കഴിഞ്ഞാൽ അത് നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കും. പിന്നെ നല്ലൊരു ലൈഫ് ഉണ്ടാവില്ല. ഇനിയിപ്പോ അവന്റെ കൂടെ ചേർന്ന് പോകാൻ നിനക്ക് പറ്റിയില്ലെങ്കിൽ ഉപേക്ഷിച്ചു പോരാനും മടിക്കരുത്. നിന്നെ സ്വീകരിക്കാൻ ഞാനുണ്ട് ഗായു.”

“ഏയ്‌… ഇനി അങ്ങനെയുള്ള ചിന്തയൊന്നും വേണ്ട അഖിലേട്ടാ. എന്റെ ജീവിതം നന്നായാലും നശിച്ചാലും ഏട്ടൻ എന്നെയും ഓർത്ത് ജീവിതം നശിപ്പിക്കരുത്. കുടുംബവും കുട്ടികളുമൊക്കെയായിട്ട് ജീവിക്കണം. അതാണ് എന്റെ ആഗ്രഹം. അല്ലാതെ ഇനിയും എന്നെ പ്രതീക്ഷിച്ച് നിക്കരുത്. ഒരുപക്ഷെ എന്റെ ഈ ജീവിതം നരക തുല്യമായാലും അഖിലേട്ടന്റെ ലൈഫിലേക്ക് ഞാനിനി വരില്ല. അതൊരിക്കലും ഏട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും ഇഷ്ടാവില്ല. അവരുടെ കണ്ണിൽ ഞാൻ അഖിലേട്ടനെ ചതിച്ചവളാണ്. ഈ കല്യാണം ഉറപ്പിച്ചുവെന്ന് അറിഞ്ഞപ്പോൾ തന്നെ ഏട്ടന്റെ അനിയത്തിയും അമ്മയും എന്നെ കുറെ ചീത്ത പറഞ്ഞതാ.”

“അതൊക്കെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ.”

“എന്നാലും അവരുടെ മനസ്സിലൊരു വെറുപ്പ് വീണു കഴിഞ്ഞു. അതുകൊണ്ട് ഏട്ടൻ എന്നെയും ഓർത്തിരുന്നാൽ അവരൊക്കെ എന്നെ ശപിക്കുകയെ ഉള്ളു. അതുകൊണ്ട് നാട്ടിൽ വരുമ്പോ നല്ലൊരു കുട്ടിയെ കണ്ട് പിടിച്ച് വിവാഹം കഴിക്കണം. അല്ലെങ്കിൽ ഞാൻ ഒരിക്കലും വിളിക്കില്ല.”

“ആദ്യം ഞാനൊന്ന് നാട്ടിലെത്തട്ടെ… എന്നിട്ട് ആലോചിക്കാം. ഇപ്പോൾ തന്നെ നിന്നോടുള്ള വാശിക്ക് അമ്മ ഓരോ ആലോചനകൾ നോക്കാൻ തുടങ്ങിയിട്ടുണ്ട്.”

“അമ്മയെ എതിർക്കാൻ നിൽക്കണ്ട. അവരുടെ ഇഷ്ടം പോലെ നിന്ന് കൊടുക്കണം.”

“ശ്രമിക്കാം..”

“എങ്കിൽ ഞാൻ വയ്ക്കട്ടെ… ഇടയ്ക്ക് വിളിക്കാം.”

“വിളിക്കണം… ഞാനുണ്ട് നിന്റെ കൂടെ… നല്ലൊരു സുഹൃത്തായി…”

“മ്മ്മ്…”

“ഗായു…” ആർദ്രമായി അവൻ വിളിച്ചു.

“എന്തോ…” അവൾ പഴയ പോലെ വിളി കേട്ടു.

“ഐ വിൽ മിസ്സ്‌ യൂ…” അവന്റെ സ്വരം നേർത്തുപോയി.

“ഞാനും…” പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൾ വേഗം കാൾ കട്ട് ചെയ്തു.

മിഴികൾ തോരാതെ പെയ്യുകയാണ്. താൻ കരയുന്നത് ശിവപ്രസാദ് കണ്ടോന്നറിയാനായി ഗായത്രി അവൻ നിന്ന ഭാഗത്തേക്ക്‌ നോക്കി.

അത്രയും സമയം അവളെ തന്നെ വീക്ഷിച്ചുകൊണ്ട് നിന്ന ശിവപ്രസാദ് അവൾ നോക്കുന്നത് കണ്ടതും മുഖം തിരിച്ചു ഫോണിൽ സംസാരിക്കുന്നത് പോലെ അഭിനയിച്ചു. ഗായത്രി റൂമിൽ വന്നിരുന്ന് ഫോൺ ചെയ്യുന്നത് കണ്ടതും ചാരി കിടന്ന ബാൽക്കണിയിലേക്കുള്ള ജനാല തുറന്ന് അവളുടെ സംസാരം ശ്രവിക്കുകയായിരുന്നു അവൻ. ഗായത്രി നോക്കുന്ന കണ്ട് അവൻ അവിടുന്ന് മാറിപ്പോയി. അവൾക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. ശിവപ്രസാദ് കണ്ടിട്ടില്ലെന്ന് ഉറപ്പായതും ഗായത്രി ആശ്വാസത്തോടെ കിടന്നു.

അവൾ തന്റെ പഴയ കാമുകനെയാണ് വിളിച്ചു സംസാരിച്ചതെന്ന് ഗായത്രിയുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവൻ ഊഹിച്ചു. എന്ത് സംഭവിച്ചാലും അവളിനി പഴയ ബന്ധം പുതുക്കാൻ ശ്രമിക്കില്ലെന്ന് ആ സംസാരം കേട്ടതിൽ നിന്ന് ശിവപ്രസാദിന് മനസ്സിലായി. ഭർത്താവിരിക്കെ പഴയ കാമുകനോട് ബന്ധം പുലർത്തുന്ന വൃത്തികെട്ട പെണ്ണൊന്നുമല്ല അവളെന്ന തിരിച്ചറിവ് അവന്റെയുള്ളിൽ നാമ്പിട്ട സംശയത്തെ ഇല്ലാതാക്കി.

സൂക്ഷിച്ചു ഇടപെട്ടില്ലെങ്കിൽ എല്ലാം ഉപേക്ഷിച്ചു പോകാനും ഗായത്രി മടിക്കില്ലെന്ന് കൂടി ശിവപ്രസാദ് തിരിച്ചറിഞ്ഞു. ആൾറെഡി നിശ്ചയം കഴിഞ്ഞിട്ട് കല്യാണം മുടങ്ങിയതിന്റെ ചീത്തപ്പേര് മാറിയത് ഈ കല്യാണത്തോടെയാണ്. ഇനി തന്റെ മിസ്റ്റേക്ക് കൊണ്ട് ഭാര്യ കൂടി പോയെന്ന് അറിഞ്ഞാൽ ഈ നാട്ടിൽ നിന്നൊരു പെണ്ണ് കിട്ടാൻ താൻ കഷ്ടപ്പെടും എന്ന് അവനറിയാം. അതുകൊണ്ട് കയ്യിൽ കിട്ടിയ ഭാര്യയെ കളയാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് സങ്കോചത്തോടെ അവനോർത്തു.

കുറച്ചു സമയം കൂടി ബാൽക്കണിയിലൂടെ നടന്ന ശേഷം ശിവപ്രസാദ് മുറിയിലേക്ക് വന്നു. അവനെ കണ്ടതും അവളൊന്ന് ചിരിച്ചു.

“സോറി ഗായത്രി… കാത്തിരുന്ന് മുഷിഞ്ഞോ? ഒഫീഷ്യൽ കോളായിരുന്നു. അതാ പെട്ടെന്ന് വരാൻ പറ്റാത്തത്.”

“അതൊന്നും സാരമില്ല…”

“ഇന്നലെ ഞാൻ തന്നോടല്പം മോശമായി പെരുമാറി… ആദ്യത്തെ ഒരു എക്സൈറ്റ്മെന്റിലും പിന്നെ കൂട്ടുകാരുടെ വാക്കും കേട്ട് വന്നിട്ട് പറ്റിപ്പോയതാ. ഐആം റിയലി സോറി ഫോർ ദാറ്റ്‌…” ശിവപ്രസാദ് ഗായത്രിയുടെ കരങ്ങൾ കവർന്നു.

“ഇന്നലെത്തെ പോലെ ഇനി മേലിൽ ആവർത്തിക്കരുത്. ഭാര്യയായാലും സമ്മതമില്ലാതെ അവളെ തൊടുന്നത് നല്ല ഏർപ്പാടല്ല. തത്കാലം ഞാനത് ക്ഷമിച്ചു. ഇനിയത് പോലെ ഉണ്ടാവാതെ നോക്കണം. അല്ലെങ്കിൽ തിരിച്ചു ഞാനെങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് പോലുമറിയില്ല.” അവളുടെ എടുത്തടിച്ച പോലെയുള്ള മറുപടി കേട്ട് അവന്റെ മുഖം വിളറി.

ഗായത്രിയിൽ നിന്നും സാരമില്ല പോട്ടെ എന്നൊക്കെ പറയുമെന്ന് പ്രതീക്ഷച്ചവന് ഇങ്ങനെയൊരു മറുപടി അപ്രതീക്ഷിതമായിരുന്നു. താൻ വിചാരിച്ച പോലെ തൊട്ടാവാടിയല്ല അവളെന്നും നല്ല തന്റേടിയാണ് ഗായത്രിയെന്നും അതോടെ ശിവയ്ക്ക് ബോധ്യമായി.

“ഏയ്‌… നോ നോ… ഇനിയൊരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല.” സ്വരത്തിൽ മാർദ്ദവം വരുത്തി അവനൊന്നു പുഞ്ചിരിച്ചു. കുറുക്കന്റെ കൗശലത്തോടെയുള്ള പുഞ്ചിരി… …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button