Novel

വരും ജന്മം നിനക്കായ്: ഭാഗം 24

രചന: ശിവ എസ് നായർ

മുറിയിൽ നിൽക്കുകയായിരുന്ന ഗായത്രി തുറന്നിട്ട ജനാല വഴി എല്ലാം കാണുന്നുണ്ടായിരുന്നു. ഗൗരിയെ കാറിൽ കയറ്റി ഇരുത്തിയിട്ട് ഡോർ അടച്ച് പിന്തിരിഞ്ഞ ശിവപ്രസാദ് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഗായത്രിയെ കണ്ടു. അവനവളെ കൈ കാണിച്ചു വിളിച്ചു.

ഒന്ന് ശങ്കിച്ചു നിന്ന ശേഷം അവൾ അവന്റെ അടുത്തേക്ക് വന്നു.

“എന്താ വിളിച്ചേ?”

“അതേ.. ഞാനൊരു കാര്യം പറഞ്ഞാൽ ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്.”

“ആദ്യം ശിവേട്ടൻ കാര്യം പറയ്യ്. എന്നിട്ടല്ലേ ബാക്കി.”

“ഗൗരി തന്റെ അനിയത്തിയല്ലേ. തന്നെക്കാൾ നാലഞ്ചു വയസ്സിനു ഇളയതാണ് അവൾ. വിവരമില്ലാണ്ട് അവളെന്തൊക്കെയോ കാട്ടി കൂട്ടി. അതിന് എന്റെ അനിയനും തെറ്റുകാരനാണ്.

സംഭവിച്ചു പോയതിൽ ഗൗരിക്ക് നല്ല സങ്കടമുണ്ട്. ഗർഭിണിയായ സ്ത്രീകൾ ഈ സമയം വിഷമിച്ചിരിക്കാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്. താൻ അച്ഛനോടും അമ്മയോടും അവളോടൊന്ന് ക്ഷമിക്കാൻ പറയ്യ്. ഗായത്രിയുടെ അവളെ ഒരു ശത്രുവിനെ പോലെ കാണരുത്. കൊച്ചു കുട്ടിയല്ലേ… ഒരു തെറ്റ് പറ്റിപ്പോയത് ക്ഷമിച്ചൂടെ.”

“കൊച്ചു കുട്ടിയോ? അവളോ? ഈ കല്യാണം നടക്കാൻ വേണ്ടി അവളിവിടെ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ ഒന്നും ശിവേട്ടൻ കണ്ടില്ലല്ലോ. ഒരു കൊച്ചു കുട്ടി ചെയ്യേണ്ട കാര്യമാണോ അവള് ചെയ്ത് വച്ചേക്കുന്നത്. അച്ഛനും അമ്മയും അവള് കാണിച്ച വൃത്തികേട് മറന്ന് സ്വീകരിച്ചാലും ഈ ജന്മം ഞാനവളോട് ക്ഷമിക്കില്ല. എന്റെ ആഗ്രഹങ്ങൾ ഇല്ലാതാക്കി കൊണ്ട് കെട്ടിപ്പൊക്കിയ ജീവിതമാണ് അവളുടെത്.” ഗായത്രി നിന്ന് കിതച്ചു.

“ഗായത്രീ… കൂൾ… താനിത്ര ഇമോഷണൽ ആവാൻ എന്തിരിക്കുന്നു. കഴിഞ്ഞ കാര്യങ്ങളെ ചൊല്ലി ഇനിയും മനസ്സിൽ വിദ്വേഷവും പകയും കൊണ്ട് നടക്കാതെ ഒന്ന് ക്ഷമിക്കെടോ.”

“തനിക്കൊന്നും എന്റെ സങ്കടം പറഞ്ഞാൽ മനസ്സിലാവില്ല. ഈ താലി പൊട്ടിച്ചെറിഞ്ഞു നിങ്ങളുടെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് എല്ലാവരോടും പറയണമെന്നുണ്ട്. കാരണം, വർഷങ്ങൾക്ക് മുൻപേ ഉള്ളിൽ പ്രതിഷ്ടിച്ചു പോയൊരു രൂപമുണ്ട്. ആ സ്ഥാനത്ത് നിങ്ങളെ കാണാൻ പറ്റുമെന്ന് എനിക്കൊരു ഉറപ്പുമില്ല. എന്നെങ്കിലും നിങ്ങളെ എന്റെ ഭർത്താവായി കാണാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

അച്ഛനും അമ്മയും വിഷമിക്കണ്ട എന്ന് കരുതി അവർക്ക് വേണ്ടി ഇങ്ങനെ നിൽക്കുന്നു എന്നേയുള്ളു. എല്ലാരേം മുൻപിൽ വച്ച് കരയുന്നില്ലെന്ന് കരുതി എനിക്ക് സങ്കടമില്ലെന്ന് വിചാരിക്കരുത്.
എന്റെയും അഖിലേട്ടന്റെയും ജീവിതത്തിൽ വില്ലത്തിയായവളാണ് ആ ഇരിക്കുന്നത്. അവളെപ്പോലെ എനിക്കും ഒരു മനസ്സുണ്ടെന്ന് ചിന്തിക്കാതെ സ്വാർത്ഥമായി നിന്നവളോട് എനിക്കെങ്ങനെ ക്ഷമിക്കാൻ പറ്റും?

അതുകൊണ്ട് ദയവ് ചെയ്ത് ഗൗരിക്ക് വേണ്ടി വക്കാലത്തു പറയാൻ എന്റെ അടുത്ത് വന്നേക്കരുത്. ഓവറായി ഭർത്താവ് കളിക്കാൻ വന്നാൽ ഞാനെന്റെ പാട്ടിനങ്ങു പോവും.” ദേഷ്യം വന്ന് നിന്നതിനാൽ വായിൽ തോന്നിയതൊക്കെ അവളവനോട് പറഞ്ഞു.

“ഗായത്രീ… നീയിത് എന്തൊക്കെയാ പറഞ്ഞതെന്ന് ഓർമ്മയുണ്ടോ.” ശിവപ്രസാദിന്റെ സ്വരമിടറി.

“ബോധത്തോടെ തന്നെയാ പറഞ്ഞത്. അല്ലാതെ കള്ള് കുടിച്ചിട്ടൊന്നുമല്ല.” ഗായത്രി മുഖം കടുപ്പിച്ചു.

“സോ… സോറി… ഞാൻ… ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരാൻ പാടില്ലായിരുന്നു… ഐആം സോറി…” കണ്ണ് നിറഞ്ഞു ശബ്ദമിടറി അവൻ പറഞ്ഞു.

ശിവപ്രസാദിന്റെ കണ്ണുകൾ നിറയുന്നത് അവൾ വ്യക്തമായി കണ്ടു. അതോടെ താൻ പറഞ്ഞത് അൽപ്പം കടുത്തു പോയെന്ന് ഗായത്രിക്ക് തോന്നി. അവൻ പെട്ടെന്ന് പിന്തിരിഞ്ഞു നടന്ന് കളഞ്ഞു. പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് ശിവപ്രസാദ് കണ്ണുനീർ തുടയ്ക്കുന്നത് കണ്ട് അവൾക്ക് വല്ലായ്മ തോന്നി. അത്രയും കടുത്ത ഭാഷയിൽ അവനോട് സംസാരിക്കേണ്ടിയിരുന്നില്ലെന്ന് ഗായത്രി ചിന്തിച്ചു.

കാറിന്റെ മറവിൽ വന്ന് നിന്ന് പല്ലുകൾ ഞെരിച്ചമർത്തി തികട്ടി വന്ന കോപത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു ശിവപ്രസാദ്.

🍁🍁🍁🍁🍁

വേണു മാഷ് ഒന്ന് സ്റ്റേബിളാകുന്നത് വരെ വീട്ടിൽ നിൽക്കാനായിരുന്നു ഗായത്രിയുടെ തീരുമാനം. ശിവപ്രസാദും എതിരൊന്നും പറഞ്ഞില്ല. അവനും അവിടെ നിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഗായത്രി അത് നിരസിച്ചു. ആവശ്യമുള്ളപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് അവളവനെ നിർബന്ധപൂർവ്വം തിരിച്ചയച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ് വിഷ്ണുവിനെയും ഗൗരിയെയും കൊണ്ട് അവൻ വീട്ടിലേക്ക് മടങ്ങി.

ഏകദേശം ഒരു മാസത്തോളം ഗായത്രി സ്വന്തം വീട്ടിൽ തന്നെയായിരുന്നു. ശിവപ്രസാദ് എന്നും അവിടെ പോയി വിശേഷം തിരക്കും. ഇടയ്ക്ക് സുധാകരനും ഊർമിളയും വിഷ്ണുവും ഒക്കെ വന്ന് പോയി. വേണു മാഷിനെ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ട് പോകുന്നതും വരുന്നതുമൊക്കെ അവനാണ്.

ശനിയും ഞായറും ഓഫീസ് ലീവായതിനാൽ ആ ദിവസങ്ങളിൽ ശിവപ്രസാദ് ഗായത്രിയുടെ വീട്ടിൽ വന്ന് നിൽക്കും. ഈയൊരു മാസത്തിനിടയ്ക്ക് ഒരിക്കൽ പോലും അവനവളോട് സംസാരിക്കാൻ ശ്രമിച്ചില്ല.

തന്നെകൊണ്ട് ഗായത്രിക്കൊരു ബുദ്ധിമുട്ട് ഉണ്ടാവണ്ടെന്ന് കരുതി ബോധപൂർവ്വം അവളിൽ നിന്നവൻ അകന്ന് നിന്നു. അതേസമയം വേണു മാഷിനും സുമിത്രയ്ക്കും അവൻ നല്ല മകനായി. അവർക്ക് ശിവപ്രസാദിനോടുള്ള ഇഷ്ടം നാൾക്ക് നാൾ വർദ്ധിച്ചു. ഇതെല്ലാം ഗായത്രിയും നോക്കി കാണുന്നുണ്ട്. അവന്റെ പ്രവർത്തികളിൽ എന്തെങ്കിലും അപാകത ഉണ്ടോന്നറിയാൻ സംശയത്തോടെയാണ് ഗായത്രി അവനെ വീക്ഷിച്ചത്. പക്ഷേ എത്ര ചികഞ്ഞു നോക്കിയിട്ടും ശിവപ്രസാദിന്റെ ചെയ്തികളിൽ എന്തെങ്കിലും കള്ളത്തരമുള്ളതായി അവൾക്ക് തോന്നിയില്ല.

എന്തെങ്കിലും അത്യാവശ്യ കാര്യം സംസാരിക്കേണ്ടി വന്നാലും ഒന്നോ രണ്ടോ വാക്കുകളിൽ അവന്റെ സംഭാഷണം ഒതുങ്ങും. ഗായത്രിയും ശിവപ്രസാദിനോട് അടുപ്പം പുലർത്താൻ ശ്രമിച്ചില്ല. ഇങ്ങനെ എവിടം വരെ പോകുമെന്ന് നോക്കാമെന്നായിരുന്നു അവളും വിചാരിച്ചത്.

വേണു മാഷ് പഴയത് പോലെ ഓക്കേയായി തുടങ്ങിയപ്പോൾ ശിവപ്രസാദിനൊപ്പം അന്ന് വൈകുന്നേരം അവൾ തിരികെ അവന്റെ വീട്ടിലേക്ക് വന്നു.

രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛനും വിഷ്ണുവും കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് പോകുന്നത് കണ്ടപ്പോൾ ഗായത്രിക്ക് ഉള്ളിലൊരു സന്തോഷം തോന്നി. ശിവപ്രസാദും അങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ അവൾക്കൊരു ആത്മസംതൃപ്തി അനുഭവപ്പെട്ടു. അവൻ അവളെ കാണിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അവൾക്ക് മനസ്സിലായതുമില്ല.

“ഒരു കാര്യം സമ്മതിച്ചു തന്നെ പറ്റു. എന്നെകൊണ്ട് പത്തു മുപ്പത് വർഷം ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് നീ നടത്തിയെടുത്തത്. അതിലെനിക്ക് നിന്നോട് നന്ദിയുണ്ട് ഗായത്രി. ഇപ്പോ അച്ഛനും മക്കളും അവരരെ പാത്രവും അടിവസ്ത്രങ്ങളുമൊക്കെ കഴുകി ഇടുന്നുണ്ട്.

ഇനിയിപ്പോ ഞാനൊന്ന് കിടന്ന് പോയാലും എനിക്ക് ആധിയുണ്ടാവില്ല.” അത്രയും പറഞ്ഞിട്ട് ഊർമിള എഴുന്നേറ്റു പോയി.

ഗായത്രിയെ സോപ്പിടാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെങ്കിലും അതവരുടെ ഉള്ളിൽ നിന്നും വന്ന വാക്കുകളായിരുന്നു.

“ചേച്ചീ… അമ്മയ്ക്കിപ്പോ ചേച്ചിയോട് വിരോധമൊന്നുമില്ല. പക്ഷേ എന്നോട് അങ്ങനെയല്ല.. ചേച്ചി ഇവിടെ ഇല്ലാതിരുന്ന ഒരു മാസം എന്നെകൊണ്ട് അടിമപ്പണി ചെയ്യിക്കലായിരുന്നു. എനിക്ക് ചെയ്ത് പരിചയമില്ലാത്ത പണികൾ ചെയ്തിട്ട് ഇത് കണ്ടോ എന്റെ കയ്യൊക്കെ പൊള്ളി ഇരിക്കുന്നത്. എന്നും എവിടേലും പൊള്ളല് കിട്ടും.

ഒരു മാസം കൊണ്ട് തന്നെ മടുത്തുപോയി ഞാൻ. ചേച്ചി അമ്മയോട് എന്തെങ്കിലും തർക്കുത്തരം പറഞ്ഞാൽ എന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറയും. എനിക്ക് വേണ്ടിയെങ്കിലും അമ്മയോട് കുറച്ചു മയത്തിൽ നിൽക്ക് ചേച്ചി. പ്ലീസ്..” ഗൗരി വിങ്ങിപ്പൊട്ടി.

“നിനക്ക് വേണ്ടിയല്ലേ ഈ കല്യാണം ഞാൻ കഴിച്ചത്. എന്നിട്ടോ നീയെന്താ ചെയ്തത്. കാര്യം കഴിഞ്ഞപ്പോൾ വയറ്റിൽ കിടന്ന കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് പറഞ്ഞില്ലേ. ഈ കുഞ്ഞിനെ വച്ചല്ലേ ഞങ്ങളെയെല്ലാം നീ ഭീഷണിപ്പെടുത്തിയത്. ഒരുപക്ഷെ നിന്റെ മനസ്സിലിരിപ്പ് അറിഞ്ഞിട്ടില്ലായിരുന്നെങ്കിൽ നിന്റെ പ്രസവം കഴിയുന്നത് വരെയെങ്കിലും ഞാൻ കുറച്ചൊക്കെ നിനക്ക് വേണ്ടി സഹിച്ചേനെ. ഇനിയെന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെയുള്ള ഫേവർ ഒന്നും നീ പ്രതീക്ഷിക്കണ്ട. അതിനെനിക്ക് മനസ്സില്ല.

ഇങ്ങോട്ട് ഇല്ലാത്ത സ്നേഹം അങ്ങോട്ടും പ്രതീക്ഷക്കണ്ട. നീയീ കാണിക്കുന്ന ഒളിപ്പിക്കലൊക്കെ നിന്റെ കാര്യ സാധ്യത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്.” അവളെ കൂർപ്പിച്ചൊന്ന് നോക്കിയിട്ട് ഗായത്രി എഴുന്നേറ്റ് പോയി.

ഗൗരി ഇളിഭ്യയായി പോയി.

🍁🍁🍁🍁🍁

ഗായത്രി റൂമിലെത്തുമ്പോൾ അവളെ കാത്തെന്നോണം ശിവപ്രസാദ് അവിടെ ഇരിപ്പുണ്ടായിരുന്നു. അവൾ അവനെ മൈൻഡ് ചെയ്യാതെ വന്ന് കിടക്കാൻ തുടങ്ങുമ്പോൾ ശിവപ്രസാദ് അവളെ വിളിച്ചു.

“ഗായത്രീ… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.” ശിവപ്രസാദ് മുഖവുരയെന്നോണം പറഞ്ഞു.

“എന്താ?? അടുത്ത ഉപദേശമാണോ?”

“അതൊന്നുമല്ല… അന്ന് താനെന്നോട് കുറച്ചു പരുഷമായി സംസാരിച്ചത് ഓർമ്മയുണ്ടോ?”

“ഉണ്ട്…” ഗായത്രി അവനെ സംശയത്തോടെ ഒന്ന് നോക്കി.

“താനങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് നമ്മുടെ ഡിവോഴ്സിന് വേണ്ടി ഞാനൊരു വക്കീലിനെ പോയി കണ്ടിരുന്നു.” അവന്റെ മുഖം സങ്കടം കൊണ്ട് വിങ്ങുന്നത് അവൾ കണ്ടു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button