Gulf

ഏജന്റിന്റെ ചതി: മയക്കുമരുന്ന് കേസില്‍ തടവ് അനുഭവിച്ച പ്രവാസിക്ക് കുവൈറ്റ് അമീര്‍ രക്ഷകനായി

കുവൈറ്റ് സിറ്റി: ഏജന്റിന്റെ ചതിയറിയാതെ മയക്കുമരുന്ന് ഒളിപ്പിച്ച ബാഗുമായി കുവൈറ്റിലെത്തി ജയിലിലായ പ്രവാസിക്ക് കുവൈറ്റ് അമീര്‍ രക്ഷകനായി. എട്ട് വര്‍ഷമായി ജീവപര്യന്തം (ജീവിതാവസാനംവരെ) തടവ് അനുഭവിച്ച് വരികയായിരുന്ന തമിഴ്‌നാട് സ്വദേശിയായ രാജരാജനാണ് ഇരുട്ടറയില്‍നിന്നും വെളിച്ചത്തിലേക്ക് എത്തുന്നത്.

കുവൈറ്റ് അമീര്‍ ശിക്ഷാ ഇളവ് നല്‍കിയതാണ് ഇദ്ദേഹത്തിന് രക്ഷയായത്. നിലവില്‍ രാജരാജനെ ജയിലില്‍നിന്നും നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. അധികം വൈകാതെ നാട്ടിലേക്ക് കയറ്റിവിടുമെന്നാണ് റിപ്പോര്‍ട്ട്. കുരേശന്‍ എന്ന ഏജന്റുവഴിയായിരുന്നു സുഹൃത്തായ അബ്ദുല്ല വഴി ഖാദീം വിസയില്‍ രാജരാജന്‍ കുവൈറ്റിലേക്ക് പുറപ്പെട്ടത്. ചെന്നൈയില്‍നിന്നും പുറപ്പെടുന്നതിന് മുന്‍പായി കുമരേശ്വന്‍ പുതിയ ട്രോളി ബാഗിലേക്ക് തന്റെ സാധനങ്ങള്‍ മാറ്റി നല്‍കിയിരുന്നു.

ബാഗ് പഴയതായതിനാലാണ് മാറ്റി നല്‍കുന്നതെന്ന് പറഞ്ഞതില്‍ സംശയം തോന്നിയെങ്കിലും കുമരേശന്‍ ബാഗ് തുറന്നു കാണിക്കാന്‍ തായാറായില്ല. വിമാനം പുറപ്പെടാന്‍ സമയമായെന്ന് പറഞ്ഞ് അത് നിരുത്സാഹപ്പെടുത്തി രാജരാജനെ വിമാനത്താവളത്തിന് അകത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. 2016 ഒക്ടോബര്‍ 26ന് ആയിരുന്നു രാജരാജനെ കുവൈറ്റ് അധികൃതര്‍ മയക്കുമരുന്നുമായി പിടികൂടുന്നത്. പിന്നീട് ജയിലിലേക്ക് അയക്കുകയായിരുന്നു. താന്‍ എന്തിനാണ് പിടിയിലായതെന്ന സത്യംപോലും രണ്ടാഴ്ചക്ക് ശേഷമാണ് ഈ സാധുവിന് ബോധ്യപ്പെട്ടത്. പിന്നീട് സഹോദരിയായ അന്‍പരിശിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

അന്‍പരിശിയുടെ പരിശ്രമത്തില്‍ ചെന്നൈയിലെ ഡോമസ്റ്റിക് വര്‍ക്കര്‍ വെല്‍ഫെയര്‍ ട്രസ്റ്റും തമിഴ്‌നാട് സര്‍ക്കാരുമെല്ലാം നടത്തിയ ഇടപെടലാണ് രാജരാജന്റെ നിരപരാധിത്വം കുവൈറ്റ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിച്ചത്. കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയും ഇടപെടല്‍ നടത്തിയിരുന്നു. അതേ സമയം രാജരാജനെ കുടുക്കിയ ഏജന്റുമാരായ കുമരേശനും അബ്ദുല്ലയും കേസില്‍ നിന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നൂവെന്ന് ഇദ്ദേഹത്തിന്റെ കുടുംബം അരോപിക്കുന്നത്. ഇത്തരം കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയാലും സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര താല്‍പര്യം കാണിക്കാറില്ലെന്ന പരാതിയും പൊതുവില്‍ ഉയരാറുണ്ട്.

Related Articles

Back to top button