എമിറേറ്റ്സ് ഐഡി തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല; പെട്രോളിന് പണമടയ്ക്കാം, യാത്രാനിരോധനം പരിശോധിക്കാം…
ദുബൈ: യുഎഇ താമസ വിസയുള്ളവര്‍ക്കെല്ലാം നിര്‍ബന്ധമുള്ള ഒന്നാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡി. കേവലം ഒരു തിരിച്ചറിയല്‍ രേഖ എന്നതിനപ്പുറം ഒരുപാട് സംഭവങ്ങള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാതാണ് യാഥാര്‍ഥ്യം. ഇതില്‍ പലതും പലര്‍ക്കും അറിയില്ലെന്നു മാത്രം. എമിറേറ്റ്സ് ഐഡിയില്‍ ഉടമയുമായി ബന്ധപ്പെട്ട എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങളാണുള്ളത്. അത് അംഗീകൃത അധികാരികള്‍ക്ക് മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂവെന്നതാണ് എടുത്തു പറയേണ്ടുന്ന കാര്യം. നമ്മുടെ സ്വകാര്യ വിവരങ്ങളൊന്നും പുറത്തുപോകില്ലെന്ന് സാരം.
എമിറേറ്റ്സ് ഐഡിയുള്ള യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ ഫേഷ്യല്‍ സ്‌കാന്‍ ഉപയോഗിച്ച് ഇ-ഗേറ്റുകളിലൂടെ ബോര്‍ഡിങ് പാസ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തേക്കുപോകാനും കഴിയും.
വിസ രഹിത യാത്രയിലേക്ക് പ്രവേശനം എളുപ്പമാക്കാുമാവും. യുഎഇ നിവാസികള്‍ക്ക് ലോകമെമ്പാടുമുള്ള നിരവധി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ യാത്രകള്‍ക്ക് എമിറേറ്റ്സ് ഐഡി ആവശ്യമാണ്.
എമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ മാത്രമല്ല, എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് തിരഞ്ഞെടുത്ത പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനത്തിന് പണം നല്‍കാന്‍ സാധിക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരമായി ഉപയോഗിക്കാം എന്നതാണ് എമിറേറ്റ്സ് ഐഡിയുടെ മറ്റൊരു സവിശേഷത. വിസ സ്റ്റാറ്റസ് പരിശോധിക്കാനും എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വിസ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കണമെങ്കില്‍, നിങ്ങളുടെ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് ചെയ്യാനാവും.
യാത്രാ നിരോധനം പരിശോധിക്കാന്‍ ആവുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ദുബൈ പോലീസ് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഐസിപി വെബ്സൈറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈനായി ഇക്കാര്യം പരിശോധിക്കാം. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ആക്സസ് ചെയ്യാനും എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം, ഒരു താമസക്കാരന് എമിറേറ്റ്സ് ഐഡി ലഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാകും. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുമുള്ള സേവനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇതുപയോഗിച്ച് താമസക്കാര്‍ക്ക് ഉപയോഗിക്കാം. ഡ്രൈവിങ് ലൈസന്‍സ് നേടാനും എമിറേറ്റ്സ് ഐഡി മതിയാവും. ഒരു സംഗീതക്കച്ചേരിയില്‍ പ്രവേശിക്കുന്നത് മുതല്‍ ആരോഗ്യ സംരക്ഷണം ആക്‌സസ് ചെയ്യുന്നതുവരെയുള്ള നിരവധി കാര്യങ്ങള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഉടമസ്ഥന് സാധ്യമാവുമെന്ന് ചുരുക്കം.