വിശപ്പിനെതിരായ പോരാട്ടത്തിന് യുഎഇ 10 കോടി ഡോളര്‍ നല്‍കുമെന്ന് ശൈഖ് ഖാലിദ്
റിയോ ഡി ജനീറോ: ആഗോളതലത്തില്‍ വിശപ്പിനെതിരേ പോരാടാന്‍ യുഎഇ 10 കോടി ഡോളര്‍ സംഭാവന നല്‍കുമെന്ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ബ്രസീലില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രസംഗിക്കവേയാണ് ശൈഖ് ഖാലിദ് ഇന്നലെ ഈ വാഗ്ദാനം നല്‍കിയത്. യുഎഇ എയ്ഡ് ഏജന്‍സി വഴിയാണ് തുക കൈമാറുക.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രതിനിധിയായാണ് ശൈഖ് ഖാലിദ് ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തത്. ശൈഖ് മുഹമ്മദിന്റെ ആശംസയും ശൈഖ് ഖാലിദ് ലോക നേതാക്കളെ അറിയിച്ചു. ആഗോള തലത്തിലും മേഖലാ തലത്തിലും വിശപ്പിനും ദാരിദ്ര്യത്തിനും എതിരേയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നല്കുന്ന രാജ്യമാണ് യുഎഇ. ലോകത്ത് വികസനവും സമാധാനവും സമൃദ്ധിയും ഉണ്ടാവണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ശൈഖ് ഖാലിദ് പറഞ്ഞു.
ജി20 ഉച്ചകോടിയില്‍ ഒത്തുകൂടിയ ലോക നേതാക്കള്‍ ആഗോള തലത്തിലെ സാമ്പത്തിക പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. യുഎഇ അഞ്ചാം തവണയാണ് ജി20 ഉച്ചകോടിയില്‍ ഗസ്റ്റ് കണ്ട്രിയായി പങ്കെടുക്കുന്നത്.
ജി20യുടെ നേതൃത്വത്തിന് കീഴില്‍ പുതുതായി രൂപവത്കരിച്ച ഗ്ലോബല്‍ അലയന്‍സ് എഗൈന്‍സ്റ്റ് പവര്‍ട്ടി ആന്റ് ഹംഗര്‍ ലക്ഷ്യമിടുന്നത് ആഗോള തലത്തില്‍ പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മചെയ്യാനാണ്.
ആഫ്രിക്കന്‍ യൂണിയന്, ഇയു, രാജ്യാന്തര സംഘടനകള്‍, ഡെവലപ്മെന്റ് ബാങ്കുകള്‍, റോക്കര്‍ഫെല്ലര്‍, ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷന് പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഗ്ലോബല്‍ അലയന്‍സ് എഗൈന്‍സ്റ്റ് പവര്‍ട്ടി ആന്റ് ഹംഗര്‍ പ്രവര്‍ത്തിക്കുക.