തൊണ്ടി മുതൽ കേസ്: വിചാരണ നേരിടും, റിവ്യു ഹർജി നൽകുമെന്നും ആന്റണി രാജു
തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയിൽ റിവ്യു ഹർജി നൽകുമെന്ന് ആന്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയില്ല ആന്റണി രാജു. 34 വർഷത്തെ കേസാണ്. അന്തിമവിജയം തനിക്ക് തന്നെയാകും. വിചാരണ നേരിടും. നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്ന് ആന്റണി രാജു വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കള്ളക്കേസ് ഉണ്ടാക്കിയതെന്ന് ആന്റണി രാജു ആരോപിച്ചു. 2021 ൽ ചിലർ ബോധപൂർവ്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ നിയമപരമായി നേരിട്ടിരുന്നു. തന്റെ കാരണം കൊണ്ട് കേസ് നീണ്ട് പോയിട്ടില്ല. വിധി പകർപ്പ് കിട്ടിയശേഷം ആവശ്യമെങ്കിൽ റിവ്യൂ പോകും. വേട്ടയാടുംതോറും ശക്തികൂടുമെന്ന് ആന്റണി രാജു പറഞ്ഞു.
ഹൈക്കോടതി നടപടികളിൽ തെറ്റില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി