ദുബൈ ജെം സ്കൂള്‍ സഹ സ്ഥാപക സുല്‍ത്താന റബി വിടവാങ്ങി
ദുബൈ: യുഎഇയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്കിയ സ്വദേശി അധ്യാപികയും ഡിജിപിഎസ്(ദുബൈ ജെം പ്രൈവറ്റ് സ്കൂള്‍) സഹ സ്ഥാപകയുമായ സുല്‍ത്താന റബി വിടവാങ്ങി. വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച പകരംവെക്കാനില്ലാത്ത സ്വദേശി വനിതയായ സുല്‍ത്താനയുടെ വിടവാങ്ങല്‍ 87ാം വയസിലായിരുന്നു. 1937ല്‍ ജനിച്ച സുല്‍ത്താന 1973ല്‍ ബര്‍ദുബൈയില്‍ കൂടെപ്പിറപ്പ് ബിബിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള ചെറിയൊരു നഴ്സറിയും ക്രഷും തുടങ്ങിക്കൊണ്ടാണ് തന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
വളരെ ചെറിയ തുടക്കത്തില്‍നിന്നും പടിപടിയായി ഉയര്‍ന്ന് ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന യുഎഇയിലെ തന്നെ മികച്ച സ്കൂളുകളില്‍ ഒന്നായ ഊദ് മേത്തയിലെ ജെംമിലേക്കുള്ള പ്രയാണം അങ്ങനെയായിരുന്നു. 2023 മാര്‍ച്ചിലായിരുന്നു ഇവരുടെ വിദ്യാലയം അന്‍പതാം വാര്‍ഷികം സമഗ്രമായി ആഘോഷിച്ചത്. റബി തന്റെ കൂടെപ്പിറപ്പ് മാത്രമായിരുന്നില്ല, തന്റെ ശക്തിയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായിരുന്നെന്ന് ബിബി പ്രതികരിച്ചു.