കത്താറ പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും
ദോഹ: ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലായ കത്താറക്ക് ഇന്ന് തുടക്കമാവും. സമുദ്രയാത്രാ ചരിത്രത്തില്‍ ഖത്തറിന്റെ പാരമ്പര്യവും പൗരാണികതയും വിളിച്ചോതുന്നതാണ് കത്താറ കള്‍ചറല്‍ വില്ലേജില്‍ നടക്കുന്ന 14ാമത് കത്താറ പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍. ഇന്ത്യ ഉള്‍പ്പെടെ ഈ മേഖലയില്‍ പാരമ്പര്യം അവകാശപ്പെടാനുള്ള ധാരാളം രാജ്യങ്ങള്‍ കത്താറ പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യക്ക് പുറമേ, സഊദി, യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഇറാഖ്, ഇറാന്‍, ടാന്‍സാനിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കാളികളാവുന്നത്. ഇന്ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ ഏഴിനാണ് അവസാനിക്കുക. ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. കത്താറയിലെ ബീച്ചിന്റെ തെക്കുഭാഗത്തായാണ് ഫെസ്റ്റിവല്‍ നടക്കുക.
രാജ്യത്തിന്റെ സമുദ്ര പൈതൃകം ബോധ്യപ്പെടുത്തികൊടുക്കുന്ന മീന്‍വല നെയ്ത്ത്, മുത്തുവാരല്‍, പരമ്പരാഗത രീതിയിലുള്ള മീന്‍പിടുത്തം, ചെറുപായ്ക്കപ്പല്‍ നിര്‍മാണം, പനയോലകൊണ്ടുള്ള ഉല്‍പന്ന നിര്‍മാണ പരിശീലനം തുടങ്ങിയ ശില്‍പശാലകളും വിദ്യാഭ്യാസ സെമിനാറുകളും കലാപരിപാടികളുമെല്ലാം കത്താറയില്‍ സമന്വയിക്കും.