ഞായറാഴ്ചവരെ സഊദിയില്‍ മഴക്കും ഇടിമിന്നലിനും സാധ്യത
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചവരെ ഇടിമിന്നലിനും മഴക്കും സാധ്യതയുള്ളതായി സഊദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക മേഖലയില്‍ നേര്‍ത്തതും മിതമായതുമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായേക്കാം. മണല്‍ക്കാറ്റ്, ആലിപ്പഴവര്‍ഷവും കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി വ്യക്തമാക്കി. റിയാദ് മേഖലയില്‍ മിതമായതോ, കനത്തതോ ആയ മഴക്കാണ് സാധ്യത. സമാനമായ സാഹചര്യമായിരിക്കും അസീര്‍, ജസാന്‍ മേഖലകളിലും ഉണ്ടാവുക.
ഖാസിം, കിഴക്കന്‍ മേഖല, ബാഹ മേഖല എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴയുണ്ടാവും. മദീന, നജ്‌റാന്‍ മേഖലകളില്‍ നേരിയ തോതില്‍ മഴ ഉണ്ടാവും. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയില്‍നിന്നും വിട്ടുനില്‍ക്കണമെന്നും നീന്തല്‍പോലുള്ള വിനോദങ്ങളില്‍നിന്നും അകലം പാലിക്കണമെന്നും ജനങ്ങള്‍ കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അഭ്യര്‍ഥിച്ചു.