Gulf

അദാനിയുമായുള്ള സഹകരണത്തില്‍ മാറ്റമില്ലെന്ന് അബുദാബി ഐഎച്ച്‌സി

അബുദാബി: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പായ അദാനിയുമായി തങ്ങള്‍ക്കുള്ള സഹകരണം തുടരുമെന്ന് അബുദാബിയിലെ ഇന്റെര്‍നാഷ്ണല്‍ ഹോള്‍ഡിങ് കമ്പനി(ഐഎച്ച്‌സി). അദാനിക്കെതിരേ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് അബുദാബി കമ്പനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഞങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള പങ്കാളിത്തം ആ ഗ്രൂപ്പിലുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഗ്രീന്‍ എനര്‍ജി, സസ്റ്റയിനബിളിറ്റി മേഖലയിലാണ് തങ്ങള്‍ അദാനി ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി അറിയിച്ചു.

ഞങ്ങളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞങ്ങളുടെ സംഘം വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ ഐഎച്ച്‌സിയുടെ അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ മാറി ചിന്തിക്കേണ്ട കാര്യം ഉദിക്കുന്നില്ലെന്നും കമ്പനി വിശദീകരിച്ചു.

കഴിഞ്ഞ ആഴ്ചയായിരുന്നു അദാനി ഗ്രൂപ്പിനെതിരായി യുഎസിലെ നിക്ഷേപകരെ പറ്റിച്ചെന്നും ഉദ്യോഗസ്ഥകര്‍ക്ക് 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നും യുഎസ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ ആരോപിച്ചത്. ഇതേ തുടര്‍ന്നായിരുന്നു കോഴ, തട്ടിപ്പ് ആരോപണങ്ങളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ സാരഥിയായ ഗൗതം അദാനിയും എക്‌സിക്യൂട്ടീവ് ഡയരക്ടറായ മരുമകന്‍ സാഗര്‍ അദാനിയും അദാനി ഗ്രീന്‍ കമ്പനിയുടെ മാനേജിങ് ഡയരക്ടര്‍ വിനീത് ജെയിനും ഇന്ത്യന്‍ പവര്‍ സപ്ലൈ കരാറിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം ഉണ്ടായത്. കോഴ നല്‍കാന്‍ ശ്രമിച്ചെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും ഇക്കാര്യത്തില്‍ നിയമ നടപടികളുമായി ഏതറ്റംവരേയും പോകുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button