ഈദ് അല്‍ ഇത്തിഹാദ്: യുഎഇക്ക് ആദരം സര്‍ഫിങ്ങിലൂടെ; ദുബൈയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ അത്ലറ്റിന്റെ വിഡിയോ വൈറല്‍
ദുബൈ: കഴിഞ്ഞ 14 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന ഈജിപ്തുകാരിയായ അത്ലറ്റ് മനാല്‍ റോസ്തം തന്റെ യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയില്‍. പരമ്പരാഗത സ്വദേശി വസ്ത്രം ധരിച്ചാണ് ദുബൈയുടെ കടലിന് മുകളില്‍ രാജ്യത്തോടുള്ള തന്റെ സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഇവര്‍ യുഎഇ പതാകയും ഏന്തി സര്‍ഫ് ചെയ്തത്.
‘എനിക്ക് യുഎഇയോട് അതിയായ സ്നേഹമാണ്. എത്രമാത്രം ഈ രാജ്യത്തെ സ്നേഹിക്കുന്നൂവെന്നതിന്റെയും ഈ നാടിനോടുള്ള അളവറ്റ നന്ദിയുടെയും പ്രതിഫലനമാണ് എന്റെ ഈ ചെറിയ പ്രവര്‍ത്തി. ഞങ്ങളെ ഒരു രാജ്യവും യുഎഇ സ്വീകരിച്ചപോലെ സ്വീകരിച്ചിട്ടില്ല. ഞാന്‍ മുന്‍പ് പല രാജ്യങ്ങളിലും ജീവിച്ചിട്ടുണ്ട്. പക്ഷേ യുഎഇയിലേത് ശരിക്കും വളരെ സ്പെഷലാണ്. തന്റെ ഹൃദയത്തില്‍നിന്നാണ് ഇത്തരം ഒരു വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും യുഎഇ പതാകയും വഹിച്ചുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അവര്‍ പറഞ്ഞു. വിഡിയോ പങ്കുവെച്ചത് മുതല്‍ അതിവേഗം വൈറലാവുകയായിരുന്നു. നാലു ലക്ഷത്തില്‍ അധികം പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരുടെ വീഡിയോ കണ്ടത്.