ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; മൂന്ന് പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് നഷ്ടമായി
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് എൽഡിഎഫിന് ഭരണം നഷ്ടമാകുക. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി
കോട്ടയം അതിരമ്പുഴ മൂന്നാം വാർഡ്, കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ, മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. ഇതുവരെ ഫലം വന്ന 29 വാർഡിൽ 15 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയുമാണ് വിജയിച്ചത്
തൃശ്ശൂർ നാട്ടികയിൽ യുഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡാണിത്. ഇതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.
തച്ചൻപാറ പഞ്ചായത്ത് ഭരണവും എൽഡിഎഫിന് നഷ്ടമാകും. പതിനഞ്ചംഗ ഭരണസമിതിയിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസിന്റെ അലി തേക്കത്ത് 28 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് അംഗബലം എട്ടായി ഉയർന്നു.