ഫിഫ വേള്‍ഡ് കപ്പ്: സഊദിയെ നേട്ടത്തിലേക്ക് എത്തിച്ചത് അബ്ദുല്‍ അസീസ് രാജകുമാരന്റെ കഠിന പ്രയത്നം
റിയാദ്: 2034ല്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് ക്പ്പ് ഫുട്ബോള്‍ മത്സരത്തിന് ആതിഥ്യമരുളാന്‍ സഊദിക്ക് നിയോഗ സിദ്ധിച്ചത് കായിക മന്ത്രിയും മോട്ടോര്‍ സ്പോട്സ് താരവുമായ അബ്ദുല്‍അസീസ് ടര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ നിശ്ചയദാര്‍ഢ്യവും കഠിനപ്രയത്നവും ദീര്‍ഘവീക്ഷണവുമെന്ന് വാനോളം പുകഴ്ത്തിക്കൊണ്ട് മാധ്യമങ്ങള്‍. കായിക രംഗത്ത് സഊദിയെ ഒരു പവര്ഹാസായി രൂപാന്തരപ്പെടുത്തുകയെന്ന ഉറച്ച നിലപാട് തന്നെയാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിലേക്കും രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
പൊതുജന സേവന രംഗത്തേക്ക് എത്തുന്നതിന് മുന്‍പ് മികച്ച ഒരു കാറോട്ടക്കാരനായിരുന്നു രാജകുമാരന്. 2005ല്‍ ബഹ്റൈനില്‍ നടന്ന ഫോര്‍മുല ബിഎംഡബ്ലിയുവില്വരെ അദ്ദേഹം പങ്കാളിയായിരുന്നു. ഈ അഭിരുചികളും കഴിവും പരിഗണിച്ചായിരുന്നു 2020ല്‍ രാജ്യത്തിന്റെ കായിക മന്ത്രിയായി അവരോധിക്കുന്നത്. അന്നു മുതല്‍ ലോകത്തിലെ കായിക രംഗത്തെ മുഖ്യകേന്ദ്രമായി സഊദിയെ രൂപാന്തരപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു ഈ മനുഷ്യന്. ദിരിയയില്‍ നടക്കുന്ന ഫോര്‍മുല ഇ മത്സരം, ദാകര്‍ റാലി തുടങ്ങിയവക്കൊപ്പം 2034ലെ ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിക്കാനുള്ള അവസരം സഊദിയിക്ക് ലഭിച്ചതിന് പിന്നിലേയും ബുദ്ധികേന്ദ്രവും അബ്ദുല്‍ അസീസ് രാജകുമാരനാണ്.