കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 135
രചന: റിൻസി പ്രിൻസ്
പിന്നെ ഇവരുടെയൊക്കെ യഥാർത്ഥ സ്വഭാവം എന്താണ് എന്ന് തനിക്കറിയില്ലല്ലോ. ഒരു പ്രശ്നം വരുമ്പോഴല്ലേ എല്ലാവരുടെയും തനിസ്വഭാവം പുറത്തു വരുന്നത്.
” കുഞ്ഞിന്റെ 28 കെട്ടാണ് തിങ്കളാഴ്ച, 28 കെട്ടിന് അമ്മ വരണം.
അത്രമാത്രം പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു
തന്റെ കടമ എന്ന നിലയിൽ അജയനയും സുഗന്ധയെയും സുധി ഫോൺ വിളിച്ചിട്ട് ഉണ്ടായിരുന്നു. വരില്ല എന്ന് ഉറപ്പാണ്. എങ്കിലും ഒന്ന് വിളിച്ചു പറയുക എന്നത് തന്റെ കടമയാണ്. വരാമെന്ന് അജയൻ പറഞ്ഞു എങ്കിലും വരാൻ സാധ്യത ഇല്ല എന്ന് സുധിയ്ക്ക് ഉറപ്പായിരുന്നു. രണ്ടു കുട്ടികൾക്കും താൻ വേണ്ടവിധത്തിൽ ചെയ്തതാണ്. അതുകൊണ്ടു തന്നെ അത് തിരിച്ച് ചെയ്യേണ്ടി വരും എന്നുള്ള ഭയം ഉള്ളിൽ കാണും.. അതിനാൽ വരില്ല എന്നത് ഉറപ്പായിരുന്നു..
പ്രതീക്ഷിച്ചത് പോലെ തന്നെ 28 കെട്ടിന് അവർ വന്നില്ല. ശ്രീജിത്തും രമ്യയും എത്തിയിരുന്നു ഒരു പവന്റെ മാല ശ്രീജിത്ത് കുഞ്ഞിന് കൊടുത്തപ്പോൾ ശ്രീജിത്ത് പോലും അറിയാതെ ആ നിമിഷമാണ് മൂന്നു പവന്റെ ഒരു പാദസരം കുഞ്ഞിന്റെ കാലുകളിലേക്ക് രമ്യ അണിയിച്ചു കൊടുത്തത്. ആ നിമിഷം ശ്രീജിത്തിന്റെ മുഖം ഒന്നു ചുളുങ്ങി. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആ കാര്യത്തെക്കുറിച്ച് ശ്രീജിത്ത് ചോദിക്കുകയും ചെയ്തു.
” നമ്മളുടെ വകയായിട്ടാ ഞാൻ മാല കൊടുത്തത് പിന്നെന്തിനാ ഞാൻ അറിയാതെ നീ ഒരു കൊലുസ് കൂടി കൊടുത്തത്.?
നീരസം മറച്ചു വയ്ക്കാതെ ശ്രീജിത്ത് ചോദിച്ചു.
” അത് മനസ്സിലാക്കണമെങ്കിൽ കുറച്ചു മനസ്സാക്ഷി വേണം. നമ്മുടെ കുഞ്ഞിനുവേണ്ടി സുധീയേട്ടന് എന്തൊക്കെ ചെയ്തിട്ടുണ്ട്. മാല, വള അതൊക്കെ ഗൾഫിൽ നിന്ന് അയച്ചുതന്നത് നിങ്ങൾ ഓർക്കുന്നില്ലേ.? അതിന്റെ പകുതി പോലും നമ്മൾ തിരിച്ചു കൊടുത്തിട്ടില്ല.
പിന്നെ ശ്രീജിത്ത് ഒന്നും മിണ്ടാൻ പോയില്ല പറഞ്ഞാൽ അത് വഴക്കിലെ അവസാനിക്കു.
അമ്മാവനും അമ്മായിയും കാൽത്തള ആണ് സമ്മാനിച്ചത്. മാധവി ഒരു പവന്റെ അരഞ്ഞാണം. സതി വന്നുവെങ്കിലും ഒരു കുഞ്ഞു ഉടുപ്പ് മാത്രമാണ് കയ്യിൽ കരുതിയത്. അമ്മ വന്നല്ലോ എന്നത് മാത്രമായിരുന്നു സുധിയിൽ സന്തോഷം ഉണ്ടാക്കിയ കാര്യം.
ചടങ്ങുകൾക്കിടയിൽ മീരയോടെ എന്തൊക്കെയോ ഒന്ന് സംസാരിച്ചു എന്നല്ലാതെ കാര്യമായ രീതിയിൽ സതി ആരോടും അവിടെ മിണ്ടിയില്ല. കുഞ്ഞു കറുത്തതാണ് എന്നും ആരോഗ്യം ഇല്ല എന്നും ഒക്കെയുള്ള കുറ്റങ്ങൾ ആയിരുന്നു അവർ പറഞ്ഞത്.
” ഇത്രയും വെളുത്ത കൊച്ചിനെ മുഖത്ത് നോക്കി കറുത്തതാണെന്ന് പറയാൻ ഇവർക്ക് എങ്ങനെ തോന്നുന്നു..? അതല്ല ഇനി കറുത്തതാണെങ്കിൽ തന്നെ എന്താ കുഴപ്പം? ആരോഗ്യത്തോടെ അതിനെ കിട്ടിയല്ലോ എന്ന് വിചാരിച്ചാൽ പോരെ
ആരും കേൾക്കാതെ മീരയുടെ അനിയത്തി മീനു പതിയെ അമ്മയുടെ ചെവിയിൽ പറഞ്ഞു.
” നമ്മൾ ഒന്നും പറയാൻ പോകണ്ട. സുധിയുടെ അമ്മയാണ്. ആ ഒരു സ്ഥാനം അവർക്ക് കൊടുക്കണം.
മാധവി മകളെ ശാസിച്ചു.
അവിടെ നിന്നും ഭക്ഷണം കഴിക്കാൻ സതി തയ്യാറായില്ല. തനിക്ക് ഗ്യാസ് കയറിയിരിക്കുകയാണ് എന്നു പറഞ്ഞ് സതി മാറിനിന്നു..
പോകുന്നതിനു മുൻപ് അവർ സുധിയുടെ കയ്യിൽ പിടിച്ച് മാറ്റി നിർത്തി സംസാരിച്ചു
” മോനേ നിന്നെ ഒന്ന് കാണാൻ ആയിട്ട് ആണ് ഞാൻ പ്രധാനമായിട്ടും വന്നത്.
” എന്താ അമ്മേ..?
അവൻ അവരോട് ചോദിച്ചു
” എന്നെ അവിടെ ഇട്ട് കഷ്ടപ്പെടുത്തുവാടാ, നീ എന്റെ കോലം കണ്ടോ.? ആശുപത്രിയിൽ പോലും കൊണ്ടുപോകില്ല. അവനും അവളും ഭയങ്കര ഭരണം ആണ്. എനിക്ക് അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി. പക്ഷേ ഒരു മാർഗ്ഗവുമില്ല. സുഗന്ധിയാണെങ്കിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണവും പൈസയും ഒക്കെ തീർന്നപ്പോൾ എന്നെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാ. എനിക്കിപ്പോൾ നന്നായി മനസ്സിലായി നിനക്ക് തന്നെയായിരുന്നു എന്നോട് സ്നേഹം ഉണ്ടായിരുന്നതെന്ന്. നീ അല്ലാതെ വേറെ ആരും അമ്മയെ സ്നേഹിച്ചിട്ടില്ല. എനിക്കിനിയുള്ള കാലം നിന്റെ കൂടെ ജീവിച്ചാൽ മതി. നീ വീട്ടിൽ വന്ന് ശ്രീജിത്തിനോട് പറഞ്ഞു എന്നെ വിളിച്ചു കൊണ്ടു പോണം. എനിക്ക് നിന്റെ കൂടെ തന്നെ നിന്നാൽ മതി..!
ഒരു ശാഠ്യം പോലെ അവരത് പറഞ്ഞപ്പോൾ അവൻ അവരെ ആകപ്പാടെ ഒന്നു നോക്കി. പഴയതിൽ നിന്നും അവരുടെ രൂപത്തിന് ഒരുപാട് മാറ്റം വന്നതായി സുധി മനസ്സിലാക്കി. നന്നേ മെലിഞ്ഞിട്ടുണ്ട്. കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു. ജോലിയും കഷ്ടപ്പാടുകളും ഉണ്ട് എന്ന് അവരെ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും.
” അമ്മയോടെ ഇങ്ങനെ പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമം ഉണ്ട്.. പക്ഷേ ഒരു നൂറിരട്ടി ഇരട്ടി ഞാൻ വിഷമിച്ചിട്ടുണ്ട് അമ്മ. അമ്മ ശ്രീജിത്തിന്റെ ഒപ്പം തന്നെ നിന്നാൽ മതി. മറ്റൊന്നും കൊണ്ടല്ല എന്റെ കയ്യിൽ എന്നും പൈസ ഉണ്ടാവില്ല. ചിലപ്പോൾ ജോലിയും ബിസിനസ്സും ഒക്കെ നഷ്ടമാകുന്ന സമയങ്ങൾ വരും. ആ സമയത്ത് അമ്മയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പൊ പൈസ ഉള്ളതുകൊണ്ട് ആണ് അമ്മയ്ക്ക് എന്റെ കൂടെ വന്നു നിൽക്കണം എന്ന് തോന്നുന്നത്. ഇതൊന്നും ഉറപ്പില്ലാത്തതാണ് അമ്മ, എപ്പോൾ വേണമെങ്കിലും നഷ്ടമാവാം. അങ്ങനെ നഷ്ടമാകുന്ന സമയത്ത് അമ്മയ്ക്ക് എന്നോട് പിണക്കം തോന്നും. അപ്പൊൾ വീണ്ടും അമ്മ ഞാനുമായി പിണങ്ങി ശ്രീജത്തിന്റെ അടുത്തേക്ക് പോകും. എപ്പോഴും അവൻ സ്വീകരിച്ചു എന്ന് വരില്ല. അതുകൊണ്ട് അവനെ പിണക്കാതെ അവന്റെ ഒപ്പം അമ്മ നിൽക്കുന്നത് തന്നെയാ നല്ലത്. അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും എന്റെ വീട്ടിൽ വരാം എത്ര ദിവസം വേണെങ്കിലും നിൽക്കാം. അതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ അതിനൊക്കെ ഒരു അകലം വയ്ക്കുന്നത് നല്ലതാണ്. ഇത് ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠം ആണ്. പിന്നെ അമ്മയ്ക്ക് ആശുപത്രിയിൽ പോകണമെങ്കിലോ മറ്റെന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിലോ ധൈര്യമായിട്ട് അമ്മ എന്നെ വിളിച്ചു പറഞ്ഞോ. അവിടെ മറ്റൊന്നും നോക്കാതെ ഞാൻ വരും. അമ്മയ്ക്ക് ആവശ്യമുള്ളത് എന്താണെന്ന് വച്ചാൽ തരും. അതൊക്കെ ഒരു മകന്റെ കടമയാണ് പക്ഷേ ഇനി അവിടെ വന്ന് നിൽക്കുകയോ അവിടെയുള്ളവർക്ക് ഒപ്പം ജീവിക്കുകയോ അങ്ങനെയൊരു രീതി എനിക്കില്ല. അത് ശരിയല്ലെന്ന് ഞാൻ ജീവിതം കൊണ്ട് പഠിച്ചതാണ്.
അത്രയും പറഞ്ഞ് സുധി അവിടെ നിന്നും പോയപ്പോൾ വിളറി വെളുത്തു പോയിരുന്നു സതി. ഇനി ശ്രീജിത്തിനെ ആശ്രയിക്കുകയല്ലാതെ തന്റെ മുൻപിൽ മറ്റൊരു മാർഗ്ഗമില്ല എന്നും സുധി തന്നിൽ നിന്നും ഒരുപാട് അകന്നു എന്നും അവർ മനസ്സിലാക്കിയെടുത്തു.
മാധവിയുടെയും ചെറിയമ്മമാരുടെയും കൈയിലെത്തിയാൽ കുഞ്ഞി പെണ്ണിന് ചിരിയും കളിയുമാണ്. അവരാണ് അവളെ വളർത്തിയത്. അതുകൊണ്ടു തന്നെ മൂന്ന് മാസങ്ങൾക്ക് ശേഷം അവരെ വിട്ടു പിരിയുക എന്നു പറയുന്നത് കുഞ്ഞു പെണ്ണിന് ചിന്തിക്കാൻ വയ്യാത്ത സങ്കടമായിരുന്നു. മാധവി ആണെങ്കിൽ അതിലും വലിയ വേദനയിൽ. എങ്ങനെയാണ് കുഞ്ഞിനെ കാണാതെ ഉറങ്ങുന്നത്.? പലപ്പോഴും രാത്രിയിൽ കുഞ്ഞു കരയുമ്പോൾ മീര ഉറങ്ങിക്കോ എന്ന് പറഞ്ഞ് കുഞ്ഞിനെ തന്റെ നെഞ്ചോട് പിടിച്ചായിരുന്നു മാധവി കിടക്കുന്നത് തന്നെ. ആദ്യത്തെ പേരക്കുട്ടിയാണ്…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…