ഇവി ചാര്‍ജിങ്ങിനുള്ള താരിഫ് പ്രഖ്യാപിച്ച് യുഎഇവി

അബുദാബി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇവി ചാര്‍ജിങ് ശൃംഖലയായ യുഎഇവി വാഹനങ്ങളുടെ ഇവി ചാര്‍ജിങ്ങിനുള്ള താരിഫ് പ്രഖ്യാപിച്ചു. ഡിസി ചാര്‍ജേഴ്‌സിന് കെഡബ്ലിയുഎച്ചി(കിലോവാട്ട് ഹവര്‍)ന് 1.20 ദിര്‍ഹവും വാറ്റും എസി ചാര്‍ജേഴ്‌സിന് കെഡബ്ലിയുഎച്ചിന് 0.70 ഫില്‍സ് പ്ലസ് വാറ്റുമാണ് ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ മേയില്‍ ചാര്‍ജിങ് സംവിധാനം ഏര്‍പ്പെടുത്തിയത് മുതല്‍ ഇപ്പോഴാണ് ഇതിന് ഫീസ് ഈടാക്കാന്‍ യുഎഇ ഒരുങ്ങുന്നത്. ഇവി ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സുസ്ഥിരതയും സ്‌കെയിലബിളിറ്റിയും ഉറപ്പാക്കാനാണ് ഫീസ് ഈടാക്കാന്‍ ഒരുങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇവി ചാര്‍ജിങ്ങിനുള്ള താരിഫ് അടക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനും യുഎഇവി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ അടുത്ത ചാര്‍ജിങ് സ്റ്റേഷന്‍ എവിടെയാണ്, ലൈവ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളുമെല്ലാം ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വളരെ ലളിതമായ രീതിയില്‍ ചാര്‍ജിങ് ഫീസ് അടക്കാമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇതോടൊപ്പം ആപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.
യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതിയുടെ ഭാഗമാണ് പുതിയ ആപ്ലിക്കേഷനെന്ന് യുഎഇവി ചെയര്‍മാന്‍ ശെരീഫ് അല്‍ ഒലാമ വ്യക്തമാക്കി. എല്ലാവര്‍ക്കും ശുചിത്വമുള്ളതും ഹരിതാഭവുമായ ഭാവിയാണ് ഇവിയിലൂടെ യുഎഇവി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.