കരോൾ തടഞ്ഞതിൽ ഗൂഢാലോചന; അടുത്തിടെ ബിജെപി വിട്ടുപോയവർ പിന്നിലെന്ന് സംശയം: കെ സുരേന്ദ്രൻ
വിശ്വഹിന്ദു പരിഷത്തിന്റെയോ സംഘ്പരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിഷയത്തിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. ശക്തമായ നടപടി സംഭവത്തിൽ വേണം. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കണം.
ശരിയായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ട്. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിന് പിന്നിലുണ്ടെങ്കിൽ പോലും പാർട്ടിയിൽ ഉണ്ടാകില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിന് പിന്നിൽ. ബിഷപുമാർ ളോഹയിട്ട ഭീകരൻമാർ എന്ന് പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇയാളെ കോൺഗ്രസ് മാലയിട്ട് സ്വീകരിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു
അതേസമംയ പാലക്കാട് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം ജെബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.