Kerala

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; പി പി ദിവ്യക്ക് തിരിച്ചടിയായി വിജിലന്‍സ് റിപോര്‍ട്ട്

ക്ലീന്‍ ചീറ്റ് നല്‍കി വിജിലന്‍സ്

ദുരൂഹ സാഹചര്യത്തില്‍ മരിച്ച കണ്ണൂര്‍ മുന്‍ എ ഡി എമ്മിനെതിരെ ഉന്നയിച്ച പ്രധാന ആരോപണത്തില്‍ വസ്തുതയില്ലെന്ന് വ്യക്തമായി. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തന്റെ ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നും ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു്.

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലന്‍സ് വ്യക്തമാക്കി.എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല.

ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അതേസമയം, നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കാന്‍ ശ്രമിച്ച് മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതോടെ പി പി ദിവ്യക്ക് നഷ്ടമായത്. പി പി ദിവ്യ മാനസികമായി നവീന്‍ ബാബുവിനെ ദ്രോഹിച്ചിരുന്നുവെന്നും ഇല്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ദിവ്യ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, നവീന്‍ ബാബുവിനെ കൊന്നതാണെന്ന ആരോപണവും ശക്തമാണ്.

Related Articles

Back to top button
error: Content is protected !!