4 ഇസ്രയേല്‍ വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്; 200 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേല്‍
ടെല്‍അവീവ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് ഇസ്രയേലിന് കൈമാറി. കരീന റീവ്, ഡാനിയെല്ല ഗിൽബോവ, നാമ ലെവി, ലിരി അൽബാഗ് എന്നീ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. ഗാസയിലെ പലസ്തീൻ സ്ക്വയറിൽ വച്ചാണ് നാലുപേരെയും റെഡ് ക്രോസ് വളണ്ടിയർമാർക്ക് കൈമാറിയത്.
ബന്ദികളെ കൈമാറുമ്പോൾ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ആയിരക്കണക്കിന് ആളുകളും പൊതുജനങ്ങളും പലസ്തീൻ സ്ക്വയറിൽ എത്തിയിരുന്നു. മോചിപ്പിക്കപ്പെട്ട നാല് ഇസ്രയേലി വനിതാ സൈനികരും സന്തോഷത്തോടെ പുഞ്ചിരിച്ച് ജനങ്ങളെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് തത്സമയ സംപ്രേക്ഷണം നടത്തിയിരുന്നു. മോചിതരായ ബന്ദികളെ ഇസ്രയേൽ സൈനിക താവളത്തിൽ സ്വാഗതം ചെയ്യുന്നതിൻ്റെ വീഡിയോ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫിസ് പിന്നീട് പുറത്തുവിട്ടു.
https://x.com/anadoluagency/status/1883088925872603281
4 ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിന് പകരമായി ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 200 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു. തടവുകാരെ വഹിച്ചുള്ള ബസുകളെ സ്വീകരിക്കാൻ ആയിരക്കണക്കിന് പലസ്തീനികൾ അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയിൽ ഒത്തുകൂടി. പലസ്തീൻ പതാകകള്‍ വീശിയാണ് ഇവരെ സ്വീകരിച്ചത്. ബന്ദികളെ കൈമാറുന്നതിന് മുമ്പ് ഹമാസും റെഡ് ക്രോസ് പ്രതിനിധികളും കരാറിൽ ഒപ്പുവച്ചിരുന്നു
https://x.com/NeilMcCoyWard/status/1883273699866062949
മോചിപ്പിക്കപ്പെട് ബന്ദികളും തടവുകാരും ആരൊക്കെയാണ്?
2023 ഒക്ടോബർ 7-ന് ആരംഭിച്ച ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ നാല് ഇസ്രയേൽ സൈനികരായ കരീന അരിയേവ്, 20, ഡാനിയേല്ല ഗിൽബോവ, 20, നാമ ലെവി, 20, അൽബാഗ്, 19 എന്നിവരെ ഹമാസ് പിടികൂടിയിരുന്നു. ഇവരെയാണ് ഇപ്പോള്‍ വിട്ടയച്ചത്.
ഹമാസ് പുറത്തുവിട്ട പട്ടിക പ്രകാരം ജീവപര്യന്തം തടവ് അനുഭവിക്കുന്ന 121 പേർ ഉൾപ്പെടെ 200 തടവുകാരെ മോചിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. കരാര്‍ പ്രകാരം 200 തടവുകാരെയാണ് ഇപ്പോള്‍ ഇസ്രയേല്‍ മോചിപ്പിച്ചത്.