ശിക്ഷാവിധി റദ്ദാക്കണം; ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. നിലവിൽ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ
ഗ്രീഷ്മ അതിസമർഥമായി നടപ്പാക്കിയ കൊലപാതകമാണെന്നും യാതൊരു പ്രകോപനവും കൊലപാതകത്തിന് പിന്നിലില്ലെന്നും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വധശിക്ഷയാണ് ഗ്രീഷ്മക്ക് കോടതി വിധിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചു. എന്നാൽ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു
സാഹചര്യങ്ങളുടെ സമ്മർദമാണ് കൊലപാതകത്തിന് കാരണമെന്നും ഷാരോൺ അടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വാദം ഗ്രീഷ്മക്ക് തെളിക്കാനായില്ല. സ്‌നേഹം പൊതിഞ്ഞ വാക്കുകളിൽ വിഷം ഒളിപ്പിച്ച് വെച്ചാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും കൊലപ്പെടുത്തിയതെന്നും ഉത്തരവിൽ കോടതി പറഞ്ഞിരുന്നു.