സുധാകരൻ ഇന്ന് രാത്രി ഡൽഹിക്ക് മടങ്ങിയെത്തും; ദുബൈയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു
ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ ഇന്ന് രാത്രി ഡൽഹിക്ക് തിരിക്കും.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതോടെയാണ് സുധാകരൻ ഡൽഹിയിലേക്ക് മടങ്ങുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഉച്ചയോടെ സുധാകരനെ മകൻ സഞ്ജോഗ് തീവ്രപരിചരണ വിഭാഗത്തിൽ കയറി സന്ദർശിച്ചിരുന്നു. ചികിത്സയിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയതിനെ തുടർന്നുണ്ടായ നാടകീയതകൾക്ക് ഒടുവിലാണ് മകൻ സഞ്ജോഗ് പിതാവിനെ സന്ദർശിച്ചത്.
പാർലമെന്‍റിൽ നടക്കുന്ന നിർണായക ചർച്ചയിൽ പങ്കെടുക്കാൻ സുധാകരൻ രാത്രി 9.30ന്‍റെ എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിക്ക് തിരിക്കുമെന്ന് ഇൻകാസ് നേതാവ് അഡ്വ. ഹാഷിക് തൈക്കണ്ടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അച്ഛൻ സംസാരിച്ചെന്നും ഡൽഹിയിൽ പോകാൻ താൽപര്യം അറിയിച്ചതായും മകൻ സഞ്ജോഗ് വ്യക്തമാക്കി. മകന്‍റെ ഉറപ്പിലാണ് ഡിസ്ചാർജ് ചെയ്യുന്നതെന്ന് എഴുതി നൽകിയ ശേഷമായിരിക്കും അദ്ദേഹത്തെ പുറത്തേക്ക് വിടുകയെന്നാണ് വിവരം. മറ്റൊരു സ്വകാര്യ ഹെൽത്ത്കെയറിൽ താൽക്കാലിക പരിശോധനക്ക് വിധേയനാക്കാനും ആലോചനയുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞാൽ രാത്രിതന്നെ ഡൽഹിക്ക് പുറപ്പെടും.
പുറമേ കുഴപ്പമൊന്നും കാണാനില്ലെങ്കിലും ആന്തരിക പ്രശ്നങ്ങളാണുള്ളതെന്നാണ് ദുബൈ ആശുപത്രിയിലെ ഡോക്ടർ വിശദീകരിച്ചത്. എൻസെഫലോപതി എന്ന അവസ്ഥയാണ് സുധാകരനുള്ളതെന്നും തലച്ചോറിലെയോ കരളിലെയോ പ്രശ്നം കൊണ്ട് ഇത്തരം രോഗാവസ്ഥ ഉണ്ടാകാമെന്നുമാണ് ഡോക്ടർ അറിയിച്ചതെന്ന് സഞ്ജോഗ് പറഞ്ഞു. ന്യൂറോ സംബന്ധമായ രോഗത്തിന്‍റെ പരിശോധനക്കായി എത്തിയ സുധാകരനെ തങ്ങളോട് ഒരുവാക്കുപോലും പറയാതെ നാടകീയമായാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. സുധാകരന്‍റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്.
എന്നാൽ, ഇന്ത്യക്കാരനായ ഡോക്ടറുടെ പെരുമാറ്റത്തിലും നീക്കങ്ങളിലും ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിൽനിന്ന് വിളിച്ചെന്നും വേണ്ട ചികിത്സയും പരിചരണവും നൽകാൻ തന്നോട് ആവശ്യപ്പെട്ടതായും ഡോക്ടർ പറഞ്ഞതോടെ ഡിസ്ചാർജ് ചെയ്യാതിരിക്കുന്നതിൽ മറ്റാർക്കോ താൽപര്യമുണ്ടെന്ന സംശയം ബന്ധുക്കൾ ഉന്നയിക്കുകയായിരുന്നു. ഡോക്ടർക്കു നിർദേശം നൽകുന്നത് അമിത് ഷായുടെ ഓഫിസിൽ നിന്നാണെന്നും സുധാകരനെ ഡിസ്ചാർജ് ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം.
ന്യൂറോ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിനാണ് കുടുംബം അബൂദബിയിൽ എത്തിയത്. എന്നാൽ, അബൂദബിയിൽ ഇറങ്ങിയപ്പോൾ, തിങ്കളാഴ്ച പാർലമെന്‍റ് ചേരുന്ന വിവരം അറിഞ്ഞതോടെ അമേരിക്കൻ യാത്ര റദ്ദാക്കുകയായിരുന്നു. ആരോഗ്യപ്രശ്നം ഉള്ളതിനാൽ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്താനായിരുന്നു തീരുമാനം. ചെക്കപ്പിനായാണ് എത്തിയതെങ്കിലും രണ്ടു ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചാണ് അഡ്മിറ്റ് ചെയ്തതെന്നും മകൻ പറഞ്ഞു. ദുബൈയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് രാവിലെ മാധ്യമങ്ങളോട് സഞ്ജോഗ് പറഞ്ഞിരുന്നു.
‘27ന് ഉച്ചക്കാണ് ഇവിടെ കൺസൾട്ടേഷന് വന്നത്. അപ്പോൾ അഡ്മിറ്റ് ചെയ്ത ശേഷം 48 മണിക്കൂർ ഒബ്സർവേഷനിൽ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇന്ന് ഡിസ്ചാർജ് ചെയ്ത നാട്ടിലേക്ക് പോകാൻ റെഡിയായതായിരുന്നു. അത് രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് അച്ഛന്‍റെ ഫോണിൽനിന്ന് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു’ -സഞ്ജോഗ് വിശദീകരിച്ചു.
ഐ.സി.യുവിലുള്ള സുധാകരനെ സന്ദർശിക്കാൻ രാവിലെയെത്തിയ മകനും മരുമകനും സന്ദർശനം നിഷേധിച്ചിരുന്നു. ‘രണ്ടര മണിക്കൂറായി സെക്യൂരിറ്റിയോടും മറ്റും ചോദിക്കുമ്പോൾ അങ്ങനയൊരു രോഗി ഇവിടെയില്ലെന്നാണ് പറയുന്നത്. അതിനുശേഷമാണ് ഡോക്ടറെ കാണാൻ അനുവാദം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. ഡോക്ടറെ കണ്ടശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ അദ്ഭുതകരമായിരുന്നു. ഇതിന്‍റെയകത്ത് വളരെ ദുരൂഹമായിട്ടുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്’ – ബന്ധുക്കൾ രാവിലെ പറഞ്ഞു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

20 വിമത തൃണമൂൽ എംപിമാർക്ക് പാർലമെന്റിൽ വോട്ടുചെയ്യാൻ വിലക്കേർപ്പെടുത്തണം; സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് അഭിഷേക് ബാനർജി

കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്
