
ദുബായ്: പതിറ്റാണ്ടുകളായി ദുബായ് നഗരത്തിന്റെ മുഖമുദ്രയായി പരിഗണിക്കപ്പെടുന്ന അബ്രകള്‍ മുഖംമിനുക്കിയെത്തുന്നു. ദുബായ് ഗതാഗത സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍ടിഎ ആണ് 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്മാര്‍ട്ട് സൗകര്യങ്ങള്‍ ഉള്‍പ്പെട്ട നാലാം തലമുറ പുത്തന്‍ അബ്രകള്‍ യാത്രക്കാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.
ദുബായിയുടെ ഏകീകൃത രൂപകല്പന കോഡ് അനുസരിച്ചാണ് പുതിയവ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആര്‍ടിഎ പൊതുഗതാഗത വിഭാഗം സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാന്‍ വ്യക്തമാക്കി. സുരക്ഷയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും പുതിയ അബ്രകള്‍ ഏറെ മികച്ചവയാണ്. പുത്തന്‍ സാങ്കേതികവിദ്യകളുടെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമുദ്ര സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായും പാലിക്കുന്നത് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കേഷനും അബ്രകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും പരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പാക്കിയാണ് യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ഡിസ്‌പ്ലേയും സുരക്ഷാ മുന്നറിയിപ്പുകളും പുതിയ അബ്രയുടെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന രീതിയില്‍ അബ്രകളെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമാണ് പരിഷ്‌കരിച്ച അബ്രകളെന്നും അദ്ദേഹം പറഞ്ഞു.