ഒരു വർഷത്തിനിടെ 30 ദുബൈ യാത്ര; രന്യ കടത്തിയത് കോടികളുടെ സ്വർണം

സ്വർണക്കടത്ത് കേസിൽ ബംഗളൂരുവിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. 12.56 കോടി രൂപ വില വരുന്ന സ്വർണക്കട്ടികളുമായാണ് നടിയെ പിടികൂടിയത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകൾ കൂടിയായ രന്യയുടെ വീട്ടിലും ഡിആർഐ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വർണവും കണ്ടെത്തി
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 തവണയാണ് രന്യ ദുബൈയിലേക്ക് പോയത്. ഓരോ മടക്കയാത്രയിലും കിലോക്കണക്കിന് തൂക്കം വരുന്ന സ്വർണം നടി കടത്തി. ഓരോ കിലോഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിലാണ് രന്യക്ക് പ്രതിഫലം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു
ഇങ്ങനെ ഓരോ ദുബൈ യാത്രയിലും രന്യ 12 മുതൽ 13 ലക്ഷം രൂപ വരെ സമ്പാദിച്ചു. കള്ളക്കടത്തിനായി രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെൽറ്റുകളും നടി ഉപയോഗിച്ചിരുന്നു. ഡിആർഐ അറസ്റ്റ് ചെയ്യുന്ന സമയത്ത് നടി സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നത് രൂപമാറ്റം വരുത്തിയ ജാക്കറ്റിനുള്ളിലായിരുന്നു.