സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം; തീരുമാനത്തിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം

സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു. തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനത്തിൽ കെടിപിപി നിയമം അവതരിപ്പിച്ച ശേഷം ഭേദഗതി വരുത്താൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം ഇനി മുതൽ കാറ്റഗറി-2 ബി എന്ന വിഭാഗത്തിൽ മുസ്ലീങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
വിവിധ സർക്കാർ വകുപ്പുകൾ, കോർപ്പറേഷനുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തിൽ എസ്സി, എസ്ടി, കാറ്റഗറി-1, കാറ്റഗറി-2 എ, കാറ്റഗറി-2 ബി വിഭാഗങ്ങളിൽപ്പെട്ട വിതരണക്കാർക്ക് ഒരു കോടി രൂപ വരെ സംവരണം നൽകും, ഇതിൽ കാറ്റഗറി-2 ബി എന്നാൽ മുസ്ലീങ്ങളെയാണ്.