എംപി ആക്കിയത് കോൺഗ്രസ് ആണെന്ന് മറക്കരുത്; തരൂരിനെതിരെ പി ജെ കുര്യൻ

പാക് ഭീകരത വിദേശരാജ്യങ്ങളിൽ തുറന്നു കാണിക്കാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്ക് ലഭിച്ച ക്ഷണം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പിജെ കുര്യൻ രംഗത്ത്. എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എംപി ആക്കിയത് കോൺഗ്രസ് ആണെന്ന് ശശി തരൂർ മറക്കരുത്.
സാമാന്യ മര്യാദ കാണിക്കണമായിരുന്നു. അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. കേന്ദ്ര പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ തരൂർ പാർട്ടിയോട് അനുവാദം ചോദിക്കണമായിരുന്നു. ചോദിക്കാതെ കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിച്ചത് തെറ്റാണെന്നും പിജെ കുര്യൻ പറഞ്ഞു
അതേസമയം തരൂരിനെ വിദേശകാര്യ പാർലമെന്ററി സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി ആവശ്യപ്പെടണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടും. അച്ചടക്കലംഘനത്തിന് തരൂരിനോട് വിശദീകരണം തേടണമെന്നും ആവശ്യം ഉയരുന്നുണ്ട്